
തൃശൂര്‍: കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസുകാര്‍ പണം ഓഫര്‍ ചെയ്‌തെന്ന് കുന്നംകുളത്ത് മര്‍ദ്ദന ത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത്. ഏത് രീതിയില്‍ ഒത്തുതീര്‍പ്പ് വേണമെന്ന് ചോദിച്ചെന്നും സുജിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്തിനും തയ്യാറാണെന്ന് പറഞ്ഞെന്നും എന്നാല്‍ നിയമനടപടി സ്വീകരിക്കാമെന്നായിരുന്നു തങ്ങള്‍ പറഞ്ഞതെന്നും സുജിത്ത് പ്രതികരിച്ചു.
'എന്തിനും തയ്യാറാണെന്ന് അവര്‍ പറഞ്ഞു. സിസിടിവി വരട്ടേയെന്നും പൊതുജനം അറിയണമെന്നും ഞങ്ങള്‍ പറഞ്ഞു. വ്യക്തത വരണമെന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്. എത്ര പണം വേണമെങ്കിലും തരാന്‍ തയ്യാറാണെന്നാണ് പൊലീസിന് വേണ്ടി വന്നവര്‍ പറഞ്ഞത്. മുമ്പും കുന്നുംകുളം പൊലീസ് സ്റ്റേഷനില്‍ മറ്റൊരു ലോക്കപ്പ് മര്‍ദനമുണ്ടായപ്പോള്‍ ഒത്തുതീര്‍പ്പാക്കിയ സംഭവം ഉണ്ടായിരുന്നു. കുന്നംകുളം സ്റ്റേഷനില്‍ ഇപ്പോഴും മര്‍ദ്ദനം നടക്കുന്നുണ്ട്. പിന്നീട് പൊലീസ് പണം നല്‍കി സ്വാധീനിക്കും. എന്നാല്‍ നമ്മള്‍ നിയമനടപടി സ്വീകരിക്കാമെന്ന് പറയുകയായിരുന്നു', സുജിത്ത് പറഞ്ഞു.
ജീവിതമാണ് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്നായിരുന്നു പൊലീസ് പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് വര്‍ഗീസ് പറഞ്ഞു. പഴയ സിഐയുടെ ഓഫീസ് ഇടിമുറിയാണെന്നും അവിടെ സിസിടിവി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികളെ ആദ്യം അവിടെ കൊണ്ടുപോയി മര്‍ദ്ദിച്ചാണ് സ്‌റ്റേഷനിലെത്തിക്കുക. പൊലീസ് സ്റ്റേഷന്റെ മുകളിലെ നിലയില്‍ സിസിടിവി ഇല്ല. അവിടെ നിന്നും സുജിത്തിനെ മര്‍ദ്ദിച്ചു. സുജിത്തിന്റെ മര്‍ദ്ദനത്തിന്റെ 10 ശതമാനം മാത്രമാണ് പുറത്ത് വന്നതെന്നും വര്‍ഗീസ് വ്യക്തമാക്കി.
പൊലീസുകാര്‍ക്കെതിരെ ഇപ്പോള്‍ ചേര്‍ക്കേണ്ട വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് സുജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴും അവര്‍ ജോലിയില്‍ സജീവമാണെന്നും എത്രയും പെട്ടെന്ന് അവരെ മാറ്റിനിര്‍ത്തി സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിനുള്ള ഹര്‍ജി കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുജിത്തിനെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്ത് വന്നത്.
2023ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് സുജിത്ത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു സുജിത്തിന് ക്രൂരമര്‍ദ്ദനമേറ്റത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം സുജിത്തിന് തന്നെയായിരുന്നു ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചായിരുന്നു സംഭവം നടന്നത്.
സുജിത്ത് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. സുജിത്ത് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷന്‍ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ടു. തുടര്‍ന്ന് സുജിത്ത് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Youth Congress leader Sujith against Kunnamkulam police