അന്ന് ആ സിനിമയോട് ദുല്‍ഖര്‍ കാണിച്ച അതേ സ്‌നേഹമാണ് ഇന്ന് ലോകയോടും അദ്ദേഹം കാണിക്കുന്നത്: നാഗ് അശ്വിന്‍

'ഇപ്പോള്‍ എല്ലാം ഓക്കെ ആയി തോന്നുമെങ്കിലും അതൊരു റിസ്‌ക് തന്നെയാണ്'

അന്ന് ആ സിനിമയോട് ദുല്‍ഖര്‍ കാണിച്ച അതേ സ്‌നേഹമാണ് ഇന്ന് ലോകയോടും അദ്ദേഹം കാണിക്കുന്നത്: നാഗ് അശ്വിന്‍
dot image

മഹാനടി, കല്‍ക്കി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് നാഗ് അശ്വിന്‍. കീര്‍ത്തി സുരേഷിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ മഹാനടിയില്‍ ദുല്‍ഖറും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആ സിനിമ ചെയ്യാനൊരുങ്ങിയപ്പോള്‍ ദുല്‍ഖര്‍ അല്ലാതെ മറ്റൊരു നടനും തന്നെ വിശ്വസിച്ചില്ലെന്ന് മനസുതുറക്കുകയാണ് നാഗ് അശ്വിന്‍. അതേ വിശ്വാസവും സ്‌നേഹവും കൊണ്ട് തന്നെയാണ് ദുല്‍ഖര്‍ ഇപ്പോൾ ലോക പോലെയൊരു സിനിമ ചെയ്യാന്‍ തയ്യാറായതെന്നും നാഗ് അശ്വിന്‍ പറഞ്ഞു. ലോകയുടെ തെലുങ്ക് സക്‌സസ് മീറ്റിലാണ് നാഗ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

'ഒരു സിനിമ മാത്രം എടുത്ത ഒരു സംവിധായകന്‍ അടുത്തതായി കീര്‍ത്തിയെ നായികയാക്കി മഹാനടി എന്നൊരു സിനിമ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ദുല്‍ഖര്‍ അല്ലാതെ മറ്റാരും വിശ്വസിച്ചില്ല. ദുല്‍ഖറിന് ആ സിനിമ ചെയ്യേണ്ട ഒരു കാര്യവുമില്ലായിരുന്നു. എന്നാല്‍ ആ കഥ പ്രേക്ഷകരോട് പറയണമെന്ന ആഗ്രഹം കൊണ്ടും ആ സിനിമ ഇഷ്ടമായതുകൊണ്ടാണ് അദ്ദേഹം മഹാനടി ചെയ്തത്. അതേ സ്നേഹം കൊണ്ട് തന്നെയാണ് 30 കോടി മുടക്കി ഒരു ഫീമെയില്‍ ലീഡ് സൂപ്പര്‍ഹീറോ സിനിമ ദുല്‍ഖര്‍ ചെയ്യാനുള്ള കാരണവും. ഇപ്പോള്‍ എല്ലാം ഓക്കെ ആയി തോന്നുമെങ്കിലും അതൊരു റിസ്‌ക് തന്നെയാണ്,' നാഗ് അശ്വിന്‍ പറഞ്ഞു.

അതേസമയം, ലോക ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ കീഴടക്കി മുന്നേറുകയാണ്. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടിയിലധികം കളക്ഷനാണ് സിനിമ നേടിയത്. ആഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം വെറും ആറ് ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. സംവിധായകന്‍ ഡൊമിനിക് അരുണ്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ മിക്ക തിയേറ്ററുകളിലും സ്‌പെഷ്യല്‍ ഷോകള്‍ നടത്തുകയാണ്. കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Content Highlights: nag ashwin about dulquer salmaan

dot image
To advertise here,contact us
dot image