
കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവായ തുക തന്നെയാണ് ലോകയുടെയും ബജറ്റ് എന്ന് ദുൽഖർ സൽമാൻ. ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ലെന്നും തങ്ങൾക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണെന്നും നടൻ പറഞ്ഞു. ഹൈദരാബാദിൽ നടന്ന 'ലോക'യുടെ സക്സസ് ചടങ്ങിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.
'ഞാൻ നായകനായി 40ലധികം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു സിനിമയ്ക്കും ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചിട്ടില്ല. ലോക രാജ്യം മുഴുവൻ മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്, ഇപ്പോൾ ചിത്രം ഒരു വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും ലോക ഒരു ചെറിയ ബജറ്റിൽ ഉള്ള സിനിമയാണെന്ന് തോന്നുന്നുണ്ടാകും, പക്ഷേ മലയാള സിനിമയിൽ ലോകയ്ക്ക് ചിലവഴിച്ചത് കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചിലവാക്കിയതിന് ഒപ്പമാണ്. ഞങ്ങൾക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണ് ഒരു പൈസ പോലും വെറുതെ പാഴാക്കാതെ ചെലവാക്കിയത് മുഴുവൻ സ്‌ക്രീനിൽ കാണാം', ദുൽഖർ പറഞ്ഞു.
അതേസമയം, ഏഴ് ദിവസങ്ങൾക്കുള്ളിൽ 100 കോടിയിലധികം കളക്ഷനുമായി 'ലോക'. ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം വെറും ആറ് ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. 30 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ടിക്കറ്റുകൾ ലഭിക്കാത്തതിനാൽ മിക്ക തിയേറ്ററുകളിലും സ്പെഷ്യൽ ഷോകൾ നടത്തുകയാണ്.
കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
Content Highlights: Dulquer Salman Says for Loka they spend the budget of king of kotha and Kurupp