മാവോ സ്‌റ്റൈൽ സ്യൂട്ടിൽ ഷീ ജിൻപിങ്; ടിയാനൻമെൻ സ്ക്വയറില്‍ അണിനിരന്ന് റോബോ വുൾഫ്‌സും ഗുവാം കില്ലേഴ്‌സും

അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് വമ്പൻ ശക്തിപ്രകടനം ടിയാനൻമെൻ സ്ക്വയറില്‍ നടത്തിയിരിക്കുകയാണ് ചൈന

മാവോ സ്‌റ്റൈൽ സ്യൂട്ടിൽ ഷീ ജിൻപിങ്; ടിയാനൻമെൻ സ്ക്വയറില്‍ അണിനിരന്ന് റോബോ വുൾഫ്‌സും ഗുവാം കില്ലേഴ്‌സും
dot image

അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് വമ്പൻ ശക്തിപ്രകടനം ടിയാനൻമെൻ സ്ക്വയറില്‍ നടത്തിയിരിക്കുകയാണ് ചൈന. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ എൺപതാം അനുസ്മരണത്തിലാണ് ചൈന തങ്ങളുടെ ആയുധങ്ങളുടെ നീണ്ട പ്രദർശനം തന്നെ ലോകത്തിന് മുന്നിൽ നടത്തിയത്. ചടങ്ങ് നടത്തിയത് യുദ്ധം അവസാനിച്ചതിന്റെ ഭാഗമായിട്ടാണെങ്കിലും അതിന് പിന്നിലെ ഉദ്ദേശം ചിലർക്കുള്ള മറുപടി തന്നെയാണെന്ന് വ്യക്തമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഡസൻ കണക്കിന് ആയുധങ്ങളാണ് കൃത്യതയോടെ ടിയാനൻമെൻ സ്ക്വയറിൽ നിരന്ന് നിന്നത്. മാവോ സ്റ്റൈൽ സ്യൂട്ടിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങ് ചൈന ആരുടെ ഭീഷണിക്ക് മുന്നിലും തലകുനിക്കില്ലെന്ന് പ്രഖ്യാപിച്ചു. ബാക്കി സന്ദേശങ്ങളെല്ലാം ആയുധങ്ങൾ തന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ലോങ് റേഞ്ച് മിസൈലുകൾസ ഹൈപ്പർ സോണിക്ക് ഗ്ലൈഡ് സിസ്റ്റ മുതൽ അണ്ടർവാട്ടർ ഡ്രോണുകൾ, റോബോർട്ടിക്ക് വുൾഫ്‌സ് എല്ലാം അണിനിരന്ന് ചൈനയുടെ സൈനിക ശക്തി തുറന്നുകാട്ടി.

DF- 5C

തീർന്നില്ല, ആദ്യമായി ലോകത്തിന് മുന്നിൽ സിലോ ബേസ്ഡ് ഇന്റർ കോൺഡിനെന്റൽ ബാലിസ്റ്റിക്ക് മിസൈലായ ഡോങ്‌ഫെങ് 5സി അഥവാ ഡിഎഫ് 5സി ചൈന അവതരിപ്പിച്ചു. ഈ മിസൈലിന്റെ റേഞ്ച് 13000 കിലോമീറ്ററിന് മുകളിലാണെന്നാണ് ഫസ്റ്റ്‌പോസ്റ്റ് റിപ്പോർട്ട്. പത്ത് ന്യൂക്ലിയർ പോർമുനകളാണ് ഇതിനുള്ളത് അതും വ്യത്യസ്ത ടാർഗറ്റുകളെ ലക്ഷ്യം വയ്ക്കാനും സാധിക്കുന്നവ. ഡിഎഫ് 5സി എന്നത് 1970ൽ ചൈന ആരംഭിച്ച പദ്ധതിയുടെ ആധുനികവത്കരിച്ച പുത്തൻ വേർഷനാണ്. ഇതിനൊപ്പം തന്നെയുള്ള ചൈനയുടെ പ്രധാനപ്പെട്ട ആയുധമാണ് ഡിഎഫ് 61, സഞ്ചരിക്കാൻ കഴിയുന്ന എട്ട് ചക്രങ്ങളുള്ള ലോഞ്ചറിലാണ് ഈ ഇന്റർകോൺഡിനെന്റൽ ബാലിസ്റ്റിക്ക് മിസൈൽ ഘടിപ്പിച്ചിരിക്കുന്നത്. അസാധാരണമായ ഇതിന്റെ വലുപ്പം തന്നെയാണ് ഏവരുടെയും കണ്ണിലുടക്കാൻ പ്രധാന കാരണം.

ഭാരമേറിയ പോർമുനകളും ഇതിനൊപ്പമുള്ള അഡിഷ്ണൽ ഡീകോയ്‌സും മാത്രമല്ല വളരെ ദൂരം ആയുധം വഹിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഈ ആയുധത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ലെങ്കിലും യുഎസ് അനലിസ്റ്റുകൾ വിശ്വസിക്കുന്നത് ശീതയുദ്ധ കാലത്ത് ചൈന വികസിപ്പിക്കാൻ ശ്രമിച്ച ഓർബിറ്റൽ ബോംബാർഡ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാണിതെന്നാണ്. ഇതിലെ ന്യൂക്ലിയർ പോർമുനകൾ ലക്ഷ്യത്തിലെക്കുള്ള യാത്രയിൽ ലോ എർത്ത് ഓർബിറ്റിൽ കടന്ന് പോകുമെന്നാണ് വിലയിരുത്തൽ.

DF - 61

ഈ നിരയിലെ മൂന്നാമനാണ് ജുലാങ് 3 അഥവാ ജെഎൽ 3, സബ്മറൈൻ ലോഞ്ച്ഡ് ബാലിസ്റ്റിക്ക് മിസൈലാണിത്. ചൈനീസ് തീരത്ത് നിന്ന് ശത്രുവിനെ നേരിടാനുള്ള വജ്രായുധം. ടിയാനൻമെൻ സ്‌ക്വയറിൽ നിരന്ന പല മിസൈലുകളും അമേരിക്കൻ നാവികസേനയെയും പസഫിക്കിലുടനീളമുള്ള സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടാൻ കഴിവുള്ളവയാണ്.

അയ്യായിരം കിലോമീറ്റർ അകലെയുള്ള ഗുവാം ദ്വീപുകളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് കൊണ്ട് തന്നെ വികസിപ്പിച്ച ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക്ക് മിസൈലാണ് ഗുവാം കില്ലർ അഥവാ DF- 26D. ആണവ പോർമുനകൾ മാത്രമല്ല, സാധാരണ പോർമുനകളും വഹിക്കാൻ ശേഷി ഇവയ്ക്കുണ്ട്. അമേരിക്കയുടെ THAAD, Aegsi സിസ്റ്റമുകളെ കടത്തിവെട്ടാൻ ശേഷിയുള്ള ജാമിങ് സിസ്റ്റം ഇവയ്ക്കുണ്ട്.

DF 26D

Yj -21 എന്ന ഹൈപ്പർസോണിക്ക് ആന്റി ഷിപ്പ് ബാലിസ്റ്റ് മിസൈലുകളും ആയുധങ്ങളുടെ നിരയിൽ നിലയുറപ്പിച്ചിരുന്നു. ഇവ ഡെസ്‌ട്രോയറുകളിൽ നിന്നും ബോംബറുകളിൽ നിന്നും വിക്ഷേപിക്കാൻ കഴിയും. ഇതിന്റെ വേഗതയും കൃത്യതയും പ്രത്യേകം എടുത്തുപറയേണ്ടതാണ്. മാത്രമല്ല അറുന്നൂറുകിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. ഇനി ഡ്രോണുകളുടെ ചിറകറിയാനുള്ള ആയുധങ്ങളും ചൈനയുടെ ആവനാഴിയിലുണ്ടെന്ന് അറിയണം. ചൈനയുടെ LY -1 ലേസർ സിസ്റ്റം രൂപകൽപന ചെയ്തിരിക്കുന്നത് ലോ ഫ്‌ളൈയിങ് ഡ്രോണുകളെ ഹൈ എൻജി ലൈറ്റ് ബീമുകൾ കൊണ്ട് നശിപ്പിക്കാനാണ്. റീലോഡിങിന്റെ ആവശ്യമില്ലാതെ തന്നെ കൂട്ടത്തോടെ വരുന്ന ഡ്രോണുകളെ നശിപ്പിച്ച് കളയാൻ ശേഷി ഇതിനുണ്ട്. ഈ നിരയിൽ മറ്റൊന്ന് ഹൈ പവർഡ് മൈക്രോവേവ് ആയുധങ്ങളാണ്. ഇലക്ട്രോമാഗ്നെറ്റിക്ക് പൾസുകളാണ് ഡ്രോണുകളുടെ പ്രവർത്തനം ഇവിടെ ഇല്ലാതാക്കുന്നത്. ഇതിലെ മൂന്നാമനാണ് ഷോർട്ട് റേഞ്ച് മിസൈലുകളും ഓട്ടോമേറ്റഡ് ഗണ്ണുകളും. ഏത് ഉയരത്തിലും വേഗതയിലുമുള്ള ഡ്രോണുകൾ വെടിവെച്ചിടാൻ കഴിയും.

ചൈനയുടെ ആകാശത്തെ രാജാക്കന്മാരായ ഡ്രോണുകളും കരയിൽ വിന്യസിക്കുന്ന വുൾഫ്‌സും ശക്തിപ്രകടനത്തിന്റെ നട്ടെല്ലായി മാറിയെന്നതും ശ്രദ്ധിക്കണം . Gj 11 ലോയൽ വിങ്മാൻ ഡ്രോണുകൾ സെൻസർ നോഡുകളായും ആയുധവാഹികളായും ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല അതിരൂക്ഷമായ പോരാട്ടം നടക്കുമ്പോഴും സൈനികർ നിയന്ത്രിക്കുന്ന വിമാനങ്ങൾക്ക് എല്ലാ സഹായത്തിനും ഇവ ഉപയോഗിക്കാം.

കടലിനടിയിൽ യുദ്ധതന്ത്രങ്ങൾ മെനയാൻ ചൈന വിന്യസിച്ചിരിക്കുന്നത് മനുഷ്യരില്ലാത്ത വമ്പൻ അന്തർവാഹിനിയാണ്. പേര് AJX002. അൺമാൻഡ് ഹെലിക്കോപ്റ്ററുകൾ, വമ്പൻ പടക്കപ്പലുകൾ അങ്ങനെ നീണ്ട നിരതന്നെയാണ് ചൈനയ്ക്ക് ലോകത്തിന് മുന്നിൽ തുറന്നുകാട്ടാന്‍ ഉണ്ടായിരുന്നത്. കര കാക്കാൻ റോബോർട്ട് വുൾഫ്‌സാണ് അണിനിരന്നത്. മുമ്പുണ്ടായിരുന്ന റോബോർട്ട് ഡോഗുകളുടെ കുറച്ചൂടി വികസിപ്പിച്ച രൂപം. മുൻനിരയിൽ നിന്നു തന്നെ ശത്രുക്കളെ സൂക്ഷമമായി നിരീക്ഷിക്കാനുള്ള പാടവം, കൃത്യവും വ്യക്തവുമായ ആക്രമണം എന്നിവയിൽ ഇതിനെ വെല്ലാൻ കഴിയില്ലെന്നാണ് ചൈനയുടെ അവകാശവാദം. തേഡ് ജനറേഷൻ ടാങ്ക് 99B, റഡാർ അടിസ്ഥാനമായുള്ള ഫയർ കൺട്രോൾ, ഇന്റർസെപ്റ്റർ ലോഞ്ചർ എന്നിവ കൊണ്ട് പ്രതിരോധത്തിന് കൂടുതൽ പവർ നൽകും. തീർന്നില്ല പിന്നാലെ PHL - 16 മോഡുലാർ മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റവും ടിയാൻമെൻ സ്വകയർ പ്രദർശനത്തിൽ തലയെടുപ്പോടെ നിൽപ്പുണ്ടായിരുന്നു.

YJ 21

ആഴക്കടലിലെ സീ ഡ്രോൺ അന്തർവാഹിനികൾ മുതൽ റോബോർട്ട് അസിസ്റ്റഡ് ഗ്രൗണ്ട് യൂണിറ്റുകളും ഹൈപ്പർ സോണിക്ക് ആന്റി ഷിപ്പ് മിസൈലുകൾ മുതൽ മൊബൈൽ ലേസർ ബാറ്ററീസ് എന്നിവ പ്രദർശിപ്പിച്ച് ആയുധങ്ങളാൽ തങ്ങൾ എത്രമാത്രം ശക്തരാണെന്ന് തെളിയിച്ചിരിക്കുകയാണ് പീപ്പിൾസ് ലിബറേഷൻ ആർമി.
Content Highlights:  China's military parade showcasing deadly weapons in Tiananmen square

dot image
To advertise here,contact us
dot image