
ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മലയാളി താരം സഞ്ജു സാംസണും ഇന്ത്യൻ ടീമിലെ ഒരു പ്രധാന താരമാണ്. ഇന്ത്യക്ക് വേണ്ടി ട്വന്റി-20 ക്രിക്കറ്റിൽ ഓപ്പണറുടെ റോളിലാണ് കഴിഞ്ഞ കുറേ നാളായി സഞ്ജു കളത്തിലിറങ്ങുന്നത്. ഉപനായകനായി ശുഭ്മാൻ ഗിൽ എത്തിയത് സഞ്ജുവിന്റെ കളിക്കാനുള്ള അവസരം അനിശ്ചിത്വത്തിലാക്കുന്നുണ്ടെങ്കിലും കളിച്ചാൽ സാക്ഷാൽ എംഎസ് ധോണിയുടെ ഒരു റെക്കോഡ് തകർക്കാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്.
ട്വന്റി-20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്‌സർ നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇന്ത്യക്കായി ഇതുവരെ 49 സിക്‌സറുകളാണ് സ്വന്തമാക്കിയത് ഇതിൽ വിക്കറ്റ് കീപ്പർ ബാറ്ററായി നേടിയത് 36 എണ്ണവും. എംഎസ് ധോണി കീപ്പറായി നേടിയത് 52 സിക്‌സറാണ്. ധോണിയെ മറികടക്കാൻ വെറും 17 സിക്‌സറാണ് സഞ്ജുവിന് ആവശ്യമുള്ളത്. 35 സിക്‌സറുകൾ പറത്തിയ റിഷഭ് പന്തിനെ സഞ്ജു മറികടന്നിരുന്നു.
ഗിൽ ടീമിലെത്തിയതിന് ശേഷം സഞ്ജു എവിടെ കളിക്കുമെന്ന കാര്യത്തിൽ ഒരുപാട് ചർച്ചകൾ ഉടലെടുത്തിരുന്നു. ഗിൽ എത്തുന്നതോടെ സഞ്ജു മിഡിൽ ഓർഡറിൽ കളിക്കുമെന്നാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ ഓപ്പണിങ് റോളിൽ കെ സി എല്ലിൽ മിന്നും പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇതോടെ ടീം തെരഞ്ഞെടുപ്പിൽ ഗൗതം ഗംഭീറിന് വലിയ തലവേദനയാവും.
Content Highlights- Sanju Samson can break MS Dhoni's Record for most sixes in T2OI