
ഓണമിങ്ങെത്തി… സദ്യക്ക് എത്രകൂട്ടം കറികളുണ്ടാക്കുമെന്ന ടെൻഷനിലായിരിക്കും മിക്കവരും. കൂട്ടുകറിയും തോരനും ഓലനും എല്ലാം ലിസ്റ്റിൽ ഉണ്ടെങ്കിലും സ്‌പെഷ്യൽ സ്ഥാനം അച്ചാറുകൾക്കുണ്ട്. മാങ്ങ, നാരങ്ങാ അച്ചാറുകൾ ഇപ്പോഴേ കുപ്പിലായിക്കാണും. എന്നാൽ ഇത്തവണ അച്ചാറിൽ ഒരു വെറൈറ്റിയാകാം. മീനും ഇറച്ചിയുമൊക്കെ അച്ചാർ ലിസ്റ്റിലുണ്ടെങ്കിലും കറിവേപ്പില അച്ചാർ അത്ര സുപരിചിതമായിരിക്കില്ല. കേൾക്കുമ്പോൾ ഒരു പുതുമ തോന്നുമെങ്കിലും പെട്ടെന്ന് ഒരു ചിന്ത വരിക, ഏത് അച്ചാറിലാണ് ഇപ്പോൾ കറിവേപ്പില ഇല്ലാത്തത് എന്നായിരിക്കും അല്ലേ?
എങ്ങനെ രുചികരമായ കറിവേപ്പില അച്ചാർ ഉണ്ടാക്കാമെന്ന് ഒന്നുനോക്കാം
പച്ചക്കറിയായാലും പച്ചിലകളായാലും കഴുകി മാത്രം ഉപയോഗിക്കാൻ മറന്നുപോകരുത്. കഴുകി വൃത്തിയാക്കി ഈർപ്പം കളഞ്ഞ കറിവേപ്പിലയാണ് അച്ചാറുണ്ടാക്കാനുള്ള മെയിൻ ചേരുവ. തിളച്ച വെള്ളം ഒരു പാത്രത്തിലായി എടുത്ത ശേഷം അതിൽ വാളൻപുളിയോടൊപ്പം കറിവേപ്പിലയിട്ട് കുതിർക്കുകയാണ് ആദ്യപടി. ഇനി അച്ചാറുണ്ടാക്കാനായി ഒരു പാൻ എടുക്കാം. നന്നായി ചൂടായ പാനിൽ ആവശ്യത്തിന് എള്ളെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് ഉലുവയും ജീരകവും ചേർത്ത് നന്നായി മൂപ്പിക്കുക.
ഇനി ഇതിലേക്ക് വെളുത്തുള്ളി ചേർത്ത് വഴറ്റിയെടുത്തതിന് പിന്നാലെ കറിവേപ്പില ഇട്ടുകൊടുക്കാം. നന്നായി ഇളക്കിയശേഷം തീ ഓഫ് ചെയ്ത് മാറ്റിവയ്ക്കുക. ചൂട് മാറി നന്നായി തണുണത്തിന് ശേഷം ഇതൊരു മിക്‌സിയിലാക്കി പുളിവെള്ളവും ഉപ്പും ചേർത്ത് അടിച്ചെടുക്കണം. ഈ മിശ്രിതം പാനിലേക്ക് മാറ്റി എള്ളെണ്ണ ചേർത്ത് ചൂടാക്കാം. ചെറുതായി അരിഞ്ഞ ഇഞ്ചിയും കായപ്പൊടിയും ചേർത്ത് കൂടുതൽ രുചികരമാക്കാം. അച്ചാറുകളിൽ വിനാഗിരി ചേർക്കുന്നത് ഇഷ്ടമാണെങ്കിൽ അതും ചേർത്ത് ഗ്ലാസ് കുപ്പിയിലാക്കി വയ്ക്കാം. സദ്യയ്ക്ക് ഇലയില്‍ വിളന്പാന്‍ രുചികരവും വെറൈറ്റിയുമായ അച്ചാർ റെഡി.
Content Highlights: Recipe of curry leaves pickle