'ഇവൻ ദളപതി ആകാൻ നോക്കുന്നു...'; ആരോപണത്തിന് മറുപടിയുമായി ശിവകാർത്തികേയൻ

മദ്രാസി എന്ന പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് ശിവകാർത്തികേയൻ ഇക്കാര്യം പറഞ്ഞത്.

'ഇവൻ ദളപതി ആകാൻ നോക്കുന്നു...'; ആരോപണത്തിന് മറുപടിയുമായി ശിവകാർത്തികേയൻ
dot image

വിജയ്‌യുടെ ആരാധകരെ താൻ ആകർഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി ശിവകാർത്തികേയൻ. ആരാധകരെ അങ്ങനെ ആകർഷിക്കാൻ ആർക്കും കഴിയില്ലെന്നും അവരാണ് യഥാർത്ഥ ശക്തിയെന്നും നടൻ പറഞ്ഞു. അവസാന സിനിമ കഴിഞ്ഞ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് വിജയ് പറഞ്ഞപ്പോഴും ഓരോ ആരാധകനും അദ്ദേഹത്തെ പഴയതുപോലെതന്നെ പിന്തുടർന്നുവെന്നും ശിവ കൂട്ടിച്ചേർത്തു. മദ്രാസി എന്ന പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് ശിവകാർത്തികേയൻ ഇക്കാര്യം പറഞ്ഞത്.

'ആരാധകരെ ആകർഷിക്കാൻ ആർക്കും കഴിയില്ല. ആരാധകർ എന്നാൽ യഥാർത്ഥ ശക്തിയാണ്. തൻ്റെ അവസാന സിനിമ കഴിഞ്ഞ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് വിജയ് സർ പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ ഓരോ ആരാധകനും അദ്ദേഹത്തെ പഴയതുപോലെതന്നെ പിന്തുടർന്നു. വർഷങ്ങൾക്ക് മുൻപ് അജിത് സർ തൻ്റെ ഫാൻ ക്ലബ്ബുകൾ പിരിച്ചുവിട്ടപ്പോഴും, ആരാധകർ ഒരു മടിയും കൂടാതെ അദ്ദേഹത്തെ സ്നേഹിക്കുന്നത് തുടർന്നു', ശിവകാർത്തികേയൻ പറഞ്ഞു.

'ഇന്ത്യയിലെ മറ്റേതൊരു കലാകാരനിൽ നിന്നും വ്യത്യസ്തനായ കമൽ സാറിനൊപ്പം ഇപ്പോഴും ആരാധകർ നിലകൊള്ളുന്നു. കൂടാതെ, രജനി സർ 50 വർഷമായി സൂപ്പർസ്റ്റാറായി നിലനിൽക്കുന്നതും അദ്ദേഹത്തിൻ്റെ ആരാധകർ കാരണമാണ്. ആർക്കും മറ്റൊരാളുടെ ആരാധകരെ കൊണ്ടുപോകാൻ കഴിയില്ല. നമ്മുടെ കഠിനാധ്വാനത്തിലൂടെയാണ് ആരാധകരെ നേടേണ്ടത്. എൻ്റെ കഴിവിനനുസരിച്ച്, 13 വർഷത്തെ അഭിനയ ജീവിതത്തിൽ, കുറച്ചുപേരെയെങ്കിലും എൻ്റെ ആരാധകരാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്', ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.

അതേസമയം, ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമ സെപ്റ്റംബർ അഞ്ചിനാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. 'തുപ്പാക്കി' എന്ന ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം വിധ്യുതും എ ആർ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മദ്രാസി. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്.

Content Highlights: Sivakarthikeyan Replies to the comment of vijay and his fans

dot image
To advertise here,contact us
dot image