രണ്ടരപതിറ്റാണ്ട് മുമ്പ് കുഴിച്ചുമൂടപ്പെട്ട തമിഴർ! നവജാതശിശുക്കളും സ്ത്രീകളും! ലങ്ക മറച്ചതെല്ലാം പുറത്തേക്ക്

ഇളംനീല നിറത്തിൽ ഒരു സാധനം ഉയർന്നുവന്നു, അതൊരു കുഞ്ഞിന്റെ സ്‌കൂൾ ബാഗായിരുന്നു, അതിന്റെ നൈലോൺ സ്ട്രാപ്പിൽ കുഞ്ഞ് വാരിയെല്ലിൻ കൂട് പിണഞ്ഞിരിപ്പുണ്ടായിരുന്നു

രണ്ടരപതിറ്റാണ്ട് മുമ്പ് കുഴിച്ചുമൂടപ്പെട്ട തമിഴർ! നവജാതശിശുക്കളും സ്ത്രീകളും! ലങ്ക മറച്ചതെല്ലാം പുറത്തേക്ക്
dot image

ആ പ്രദേശത്ത് പരിശോധകൾ തകൃതിയായി നടക്കുകയാണ്.. മണ്ണുമാറ്റി പ്രദേശമാകെ കുഴിക്കുമ്പോൾ അവിടെ നിന്നും ഉയർന്ന് വരുന്നത് കുഴിച്ചുമൂടപ്പെട്ട കുറേയേറെ യാഥാർത്ഥ്യങ്ങളാണ്. ഇരുപത്തിയാറ് വർഷമായി ശ്രീലങ്ക മറച്ചുപിടിക്കുന്ന സത്യങ്ങളുടെ കൂമ്പാരമെന്ന് പറയാം. ഈ വർഷം ജൂൺ 29നാണ് ആരെയും വിഷമിക്കുന്ന ഒരു തെളിവുകൂടിവടക്കൻ ശ്രീലങ്കയിൽ നിന്ന് ലോകത്തിന് മുന്നിൽ ഉയർന്ന് വന്നത്. കടുത്തചൂടിലും ജാഫ്‌നയിലെ ചെമ്മാനിയിൽ പൊടിപിടിച്ച പ്രദേശത്ത് തൊഴിലാളികൾ പുതിയ വൈദ്യുതി ശ്മശാനത്തിന്റെ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മറഞ്ഞിരുന്ന വലിയ രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. ഇളംനീല നിറത്തിൽ ഒരു സാധനം ഉയർന്നുവന്നു, അതൊരു കുഞ്ഞിന്റെ സ്‌കൂൾ ബാഗായിരുന്നു, അതിന്റെ നൈലോൺ സ്ട്രാപ്പിൽ കുഞ്ഞ് വാരിയെല്ലിൻ കൂട് പിണഞ്ഞിരിപ്പുണ്ടായിരുന്നു.

ഇതിന് മുമ്പ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കുഴിക്കാൻ ഉപയോഗിച്ച ഉപകരണത്തിൽ ഒരു എല്ലിൻ കഷ്ണം തടഞ്ഞത്. ഇതിന് പിന്നാലെ കോടതിയുടെ ഇടപെടലുണ്ടായി. മെയ് 15ന് ആർക്കിയോളജിസ്റ്റ് പ്രൊഫസർ രാജ്‌സോമദേവയെ ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചു. അപ്പോഴേക്കും ഫോറൻസിക്ക് സംഘം വളകൾ, റബർ പാവകൾ, വസ്ത്രങ്ങളുടെ കെട്ടുകളെല്ലാം കുഴിച്ചെടുത്തിരുന്നു. ഇവയെല്ലാം ജാഫ്‌ന മജിസ്‌ട്രേറ്റ് കോടതി പരിശോധിക്കുകയും ചെയ്തു. മൂന്നാഴ്ചക്കുള്ളിൽ പുറത്ത് വന്നത് പത്തൊമ്പതോളം അസ്ഥികളാണ്. രണ്ടാമത്തെ പരിശോധന നടന്നത് ജൂലായ് ആദ്യവാരമാണ്. ഇതോടെ അസ്ഥികളുടെ എണ്ണം 65 ആയി. ഇതിൽ രണ്ടെണ്ണം നവജാത ശിശുക്കളുടേതായിരുന്നു. അഞ്ച് വയസ് പ്രായമാകാത്ത ഒരു പെൺകുഞ്ഞു അരമീറ്ററോളം ആഴത്തിൽ കുഴിച്ചുമൂടപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് 147 അസ്ഥികൾ തിരിച്ചറിഞ്ഞപ്പോൾ അതിൽ 140 എണ്ണം പൂർണമായും പുറത്തെടുത്തിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് ഇരുപത്തി രണ്ടിനാണ് വീണ്ടും പരിശോധന പുനരാരംഭിച്ചത്. ശ്രീലങ്കൻ മാധ്യമങ്ങൾ പറയുന്നത് ഓഗസ്റ്റ് 28വരെ 166 മനുഷ്യരുടെ അസ്ഥിക്കൂടങ്ങൾ പുറത്തെടുത്തിട്ടുണ്ടെന്നാണ്. ഏത് ദൃക്‌സാക്ഷികളെക്കാളും വ്യക്തമായ തെളിവുകളാണ് ഭൂമി തന്നെ തരുന്നതെന്നാണ് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പ്രതികരിച്ചത്. പ്രദേശം അദ്ദേഹം സന്ദർശിക്കുക കൂടെ ചെയ്തത് കൊളംബോയ്ക്ക് വലിയ സമ്മർദമാണ് ഉണ്ടാക്കിയത്.

1998ലാണ് രാജ്യത്തെ നടുക്കിയ ചെമ്മാനിയിലെ നിഗൂഢമായ കാര്യങ്ങൾ ശ്രീലങ്കയെ ഞെട്ടിച്ചത്. ശ്രീലങ്കൻ സൈന്യത്തിലെ ലാൻസ് കോർപ്പലായിരുന്ന സോമരത്‌ന രാജ്പക്‌സേ നടത്തിയ വെളിപ്പെടുത്തലായിരുന്നു ഇതിന് കാരണം. 1995 -96 കാലഘട്ടത്തിൽ നടന്ന ഓപ്പറേഷൻ റിവിരേസയിൽ അറസ്റ്റ് ചെയ്യപ്പെട്ട മുന്നൂറു മുതൽ നാനൂറ് തമിഴരെ ചെമ്മാനിയിൽ കുഴിച്ചുമൂടിയെന്നായിരുന്നു ആ വെളിപ്പെടുത്തൽ. അതും നട്ടപാതിരാത്രിയിൽ. ഈ ആരോപണത്തിന് പിന്നാലെ ഇവിടെ നടന്ന പരിശോധനയിൽ പതിനഞ്ച് ശരീരങ്ങളാണ് ലഭിച്ചത്. സൈനിക കസ്റ്റഡയിലിരിക്കെ കാണാതായവരാണ് ഇതിൽ ഉണ്ടായിരുന്ന രണ്ട് മൃതദേഹങ്ങൾ. ഇതിന് പിന്നാലെ ഇനി അവിടെ പരിശോധന വേണ്ടെന്ന നിലപാടാണ് ശ്രീലങ്കൻ സർക്കാർ കൈക്കൊണ്ടത്. അവിടെ മറ്റൊരു കുഴിമാടങ്ങളും ഇല്ലെന്നായിരുന്നു അവരുടെ വിശദീകരണം. ഇതോടെ ഏഴ് സൈനികർക്കെതിരെയുള്ള ക്രൂരമായ കുറ്റകരങ്ങൾ ക്ഷയിച്ചു.

തമിഴ് സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വ്യക്തിയാണ് സാമരത്‌ന രാജ്പക്‌സേ. കൃശാന്തി കുമാരസ്വാമി എന്ന സ്‌കൂൾക്കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടു. എന്നാൽ മൃതദേഹങ്ങൾ കുഴിച്ചിടുക മാത്രമാണ് താൻ ചെയ്ത കുറ്റമെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് രാജ്പക്‌സേ വാദിക്കുന്നത്. ചെമ്മാനിക്ക് മുമ്പ് 2012ൽ മറ്റാലേ, 2013ലും 2018ലും മാന്നാർ, 2014ൽ കളവഞ്ചിക്കുടി എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിൽ അസ്ഥിക്കൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

തമിഴ് പുലികളിൽ നിന്നും 1996ൽ ജാഫ്‌ന ശ്രീലങ്കൻ സൈന്യം പിടിച്ചെടുത്തിരുന്നു. അതിന് ശേഷം ചെമ്മാനി ഉൾപ്പെടെ ഉള്ള പ്രദേശങ്ങൾ സൈന്യത്തിന്റെ അധീനതയിലാണ്.

Content Highlights: Excavation in Chemmani revealed genocide of tamilians

dot image
To advertise here,contact us
dot image