
ജനിച്ചിട്ട് ഒരു മാസം മാത്രം പ്രായമായ പെൺകുഞ്ഞിന്റെ വയറ്റിനുള്ളിൽ രണ്ട് കുഞ്ഞുങ്ങൾ. വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഒരു അവസ്ഥയാണിതെന്നാണ് ശാസ്ത്രലോകം പറയുന്നത്. രൂപഘടനയിൽ പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങളാണ് നവജാതശിശുവിന്റെ വയറ്റിലുണ്ടായിരുന്നത്. ലോകത്ത് നടക്കുന്ന അഞ്ചുലക്ഷം ജനനങ്ങളിൽ ഒന്നിൽ ഇത്തരമൊരു അവസ്ഥ വരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ ഇതുവരെ ലോകത്തുടനീളം മുപ്പത്തിയഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കുഞ്ഞിന്റെ വയറ്റിനുള്ളിൽ രണ്ട് പാരസെറ്റിക്ക് ട്വിൻസാണ് ഉണ്ടായിരുന്നതെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഫീറ്റസ് ഇൻ ഫീറ്റു എന്ന അവസ്ഥയാണിത്. ഇരട്ടക്കുട്ടികൾ രൂപപ്പെടുന്നതിനിടെ ഒരു ഭ്രൂണത്തിന്റെ ഉള്ളിൽ മറ്റൊരു ഭ്രൂണം അകപ്പെട്ട് വളരുന്ന അവസ്ഥയാണിത്. വയറിന്റെ ഏതെങ്കിലും ഭാഗത്തോ ശരീരത്തിൽ എവിടെ വേണമെങ്കിലും ഉള്ളിൽ അകപ്പെട്ട ഭ്രൂണം വളരുന്ന അവസ്ഥയാണിത്. വളർച്ച പൂർണമാകാത്ത ഈ ഭ്രൂണത്തിന് ശിശുവിന്റെ രൂപമുണ്ടാകില്ല. എന്നാൽ ചില അവയവങ്ങൾ, കൈയും കാലും, അസ്ഥിയുമൊക്കെ തിരിച്ചറിയാവുന്ന ഘടനകൾ ചിലപ്പോൾ ഉണ്ടായേക്കാം.
കുഞ്ഞിന്റെ വയറു വീർത്തിരിക്കുന്നതും പാലു നൽകുമ്പോഴുള്ള ബുദ്ധിമുട്ടുകളും മൂലം കുഞ്ഞിന്റെ മാതാപിതാക്കൾ ചികിത്സ തേടി. സ്‌കാൻ ചെയ്തപ്പോഴാണ് രണ്ടു കുഞ്ഞുങ്ങളുടെ ഫീറ്റസുകൾ ഒരു സിംഗിൾ സാക്കിലായി വളർന്നുവന്നിരുന്നതായി കണ്ടെത്തിയത്. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തി. പീഡിയാട്രിക്ക് സർജറിയിലും അനസ്‌തേഷ്യയിലും പ്രഗത്ഭരായവരാണ് കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തിയത്.
ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശസ്ത്രക്രിയയിൽ കുഞ്ഞിന്റെ പ്രായവും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പോസ്റ്റ് ഓപ്‌റേറ്റീവ് ഇന്റൻസീവ് കെയറുമാണ് വെല്ലുവിളി ഉയർത്തിയത്. കുഞ്ഞിന് ഇതുമൂലം ഉണ്ടാകുന്ന വേദനയും വലിയ പ്രതിസന്ധിയായിരുന്നു. ഫീറ്റസ് ഇൻ ഫീറ്റുവെന്ന അവസ്ഥയെ കുറിച്ച് അറിവില്ലാത്തവർക്ക് ഇക്കാര്യത്തിൽ അവബോധമുണ്ടാകണമെന്നും ഇതിനെ ഒരിക്കലും കാൻസറാണെന്ന് തെറ്റിദ്ധരിക്കരുതെന്നും പീഡിയാട്രിക്ക് സർജനായ ഡോ ആനന്ദ് സിൻഹ പറയുന്നു. മാത്രമല്ല ഇത്തരം കേസുകൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങള്‍ നമ്മുടെ ആശുപത്രികളിൽ നിർബന്ധമായും ഉണ്ടാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.
സാധാരണയായി ഒരു ഫീറ്റസാകും കുഞ്ഞുങ്ങളുടെ വയറ്റിലുണ്ടാകുക, ഇവിടെ അത് രണ്ടെണ്ണമെന്നത് അപൂർവങ്ങളിൽ അപൂർവമാണെന്നും ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞ് നിരീക്ഷണത്തിലാണ്.
Content Highlights: One month old baby girl born with two babies inside her abdomen