
ദുബായില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് പുതിയ മാര്‍ഗരേഖയുമായി അധികൃതര്‍. ഓണ്‍ലൈന്‍ സര്‍വീസില്‍ മറഞ്ഞിരിക്കുന്ന അധിക നിരക്കുകള്‍ ഒഴിവാക്കി സുതാര്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് ചില കമ്പനികള്‍ അധിക നിരക്ക് ഈടാക്കുന്ന എന്ന പരാതിയെ തുടര്‍ന്നാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ദുബായിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ക്കും ഉപഭോക്താക്കള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. ഭക്ഷണത്തിന്റെ വില, ഡെലിവറി ഫീസ്, സര്‍വീസ് ചാര്‍ജ്, നികുതി എന്നിവയുള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഓര്‍ഡര്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് വ്യക്തമാക്കണമെന്ന പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
ഓര്‍ഡര്‍ ചെയ്ത ശേഷം ബില്ലില്‍ പുതിയ നിരക്കുകള്‍ ചേര്‍ക്കാന്‍ അനവദിക്കില്ല. പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്ന ഭാഷ ലളിതവും എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമായിരിക്കണം. 'എക്സ്‌ക്ലൂസീവ്' എന്ന് ഉപയോഗിക്കുമ്പോള്‍ അത് സത്യസന്ധമായ ഓഫറുകള്‍ക്ക് മാത്രമായിരിക്കണം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പാടില്ലെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ റസ്റ്ററന്റുകള്‍ക്ക് അധിക ചെലവുകള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഓര്‍ഡര്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ കൃത്യമായ വില അറിയാനും സൗജന്യ ഡെലിവറി' പോലുള്ള വാഗ്ദാനങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന അധിക ചാര്‍ജുകള്‍ ഒഴിവാക്കാനും ഉപഭോക്താവിനെ സാഹയിക്കുന്നതാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. ഓര്‍ഡര്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ആരാണ് ഉത്തരവാദിയെന്ന് വേഗത്തില്‍ മനസിലാക്കാനും ഇതിലൂടെ കഴിയും. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ കൃത്യമായ ഓര്‍ഡര്‍ വിവരങ്ങളും നിരക്കും ഉള്‍പ്പെടെ വേഗത്തില്‍ മനസിലാക്കാന്‍ റസ്റ്ററന്റുകള്‍ക്കും കഴിയും.
Content Highlights: Dubai issues new guidelines for online food delivery