
ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അത്ഭുതങ്ങൾ സൃഷ്ടിച്ചതും കളക്ഷൻ നേടിയതുമായ ചിത്രങ്ങളിലൊന്നാണ് ജെയിംസ് കാമറൂൺ ഒരുക്കിയ അവതാർ. വമ്പൻ വിജയമായ ആദ്യ ഭാഗത്തെ പിൻപറ്റി 2022 ൽ സിനിമയ്‌ക്കൊരു രണ്ടാം ഭാഗം ഉണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ ഡിസംബറിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ റിലീസിന് മുന്നോടിയായി ഈ സീരിസിലെ രണ്ടാമത്തെ ചിത്രം റീ റിലീസിന് തയ്യാറെടുക്കുകയാണ്.
2022 ൽ പുറത്തിറങ്ങിയ സിനിമയുടെ രണ്ടാം ഭാഗമായ 'അവതാർ ദി വേ ഓഫ് വാട്ടർ' ആണ് ഇപ്പോൾ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഒക്ടോബർ മൂന്ന് മുതൽ ഒരു ആഴ്ചത്തേക്കാണ് സിനിമ റീ റിലീസ് ചെയ്യുന്നത്. 3D വേർഷനിലുൾപ്പെടെയാണ് ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഐമാക്സിലും ചിത്രം ലഭ്യമാകും. ചിത്രം അന്ന് ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 350 മില്യൺ ഡോളറിൽ അണിയിച്ചൊരുക്കിയ സിനിമ ആഗോള തലത്തിൽ നിന്നും നേടിയത് 2 ബില്യൺ ഡോളറിനും മുകളിലാണ്. സിനിമയുടെ വിഷ്വൽ എഫക്ട്സിനും 3D ക്കും കയ്യടി ലഭിച്ചിരുന്നു. നാഷണൽ ബോർഡ് ഓഫ് റിവ്യൂവും അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും 2022 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി ദി വേ ഓഫ് വാട്ടറിനെ തിരഞ്ഞെടുത്തിരുന്നു.
Avatar: The Way of the Water is back on the big screen starting Oct 3rd for one week only.
— Sreedhar Pillai (@sri50) September 4, 2025
IMAX 3D. pic.twitter.com/A6HRdRKgjD
അതേസമയം, അവതാർ മൂന്നാം ഭാഗത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ആദ്യ രണ്ട് ഭാഗങ്ങൾ പോലെ ഒരു ദൃശ്യവിസ്മയം തന്നെയാകും ഈ മൂന്നാം ഭാഗവും എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ ചിലരും ഈ മൂന്നാം ഭാഗത്തിലുണ്ട്. ഗംഭീര വിഷ്വൽ ക്വാളിറ്റി സിനിമ ഉറപ്പുനൽകുന്നുണ്ട്. ഈ വർഷം ഡിസംബർ 19 ന് 2D, 3D ഐമാക്സ് സ്‌ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും. ജെയിംസ് കാമറൂൺ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സാം വർത്തിംഗ്ടൺ, സോ സാൽഡാന, സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ജിയോവന്നി റിബിസി, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Avatar 2 all set for a grand re release