
ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമ സെപ്റ്റംബർ അഞ്ചിനാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രത്തിലെ അമിത വയലൻസ് സീനുകൾ എല്ലാം കുറച്ചിട്ടുണ്ടെന്നും കുട്ടികൾക്ക് ഉൾപ്പെടെ ആസ്വദിക്കാവുന്ന തരത്തിലാണ് സിനിമ തിയേറ്ററിൽ എത്താൻ പോകുന്നതെന്നും എ ആർ മുരുഗദോസ് പറഞ്ഞു.
'ശിവകാർത്തികേയന്റെ പ്രേക്ഷകർ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. എ സർട്ടിഫിക്കറ്റ് കിട്ടിയാൽ സിനിമയ്ക്ക് കുട്ടികളെ കൊണ്ടുവരാൻ പറ്റില്ല. ഒരുപാട് വയലൻസ് വെച്ച് സിനിമ ചെയ്യാൻ കഴിയില്ല. ട്രെയിലറിന് എ സർട്ടിഫിക്കറ്റും സിനിമയ്ക്ക് യു എ സർട്ടിഫിക്കറ്റുമാണ് ലഭിച്ചിരിക്കുന്നത്. ബ്ലഡ് അധികമായി ഉള്ള സീനുകൾ എല്ലാം ഞങ്ങൾ കുറച്ചിട്ടുണ്ട്. പക്ഷെ ഉറപ്പായും ആക്ഷനിൽ നല്ല ഇമ്പാക്റ്റ് ഉണ്ടാകും. പക്ഷെ കുട്ടികളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വയലൻസ് ഈ സിനിമയിൽ ഇല്ല', എ ആർ മുരുഗദോസിന്റെ വാക്കുകൾ.
ശിവകാർത്തികേയന്റെ ഇതുവരെ കാണാത്ത പവർ ഫുൾ പെർഫോമൻസ് ആണ് ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ട്രെയിലറിലെ അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റൊമാൻസ് മാത്രമായിരിക്കില്ല ചിത്രം ഗംഭീര ആക്ഷനും ഉറപ്പ് നൽകുന്നുണ്ട്.
"#Madharaasi trailer Censored 'A' but film censored 'U/A'. As per censor we have reduced/Mild Blood🔞🩸. I know #Sivakarthikeyan's hardcore fans are children & ladies✨. So I don't want 'A' certificate, I'm specific that families has to enjoy it♥️"
— AmuthaBharathi (@CinemaWithAB) September 4, 2025
- #ARM pic.twitter.com/McdDbViEUV
വിദ്യുത് ജംവാൾ ആണ് സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്നത്. 'തുപ്പാക്കി' എന്ന ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം വിധ്യുതും എ ആർ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മദ്രാസി. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Content Highlights: AR Mrugadoss about madhraasi violence scenes