അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കി; ഉദ്ഘാടകനായി ചിറ്റയം ഗോപകുമാര്‍

ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോഴും രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് ആണ് യുഡിഎഫും കോണ്‍ഗ്രസും സ്വീകരിക്കുന്നത്

അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കി; ഉദ്ഘാടകനായി ചിറ്റയം ഗോപകുമാര്‍
dot image

പത്തനംതിട്ട: അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടി ഉദ്ഘാടന ചുമതലയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് പകരം ചുമതല. സെപ്തംബര്‍ ആറിന് നടത്താനിരിക്കുന്ന പരിപാടിയില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയത്. ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ പുറത്തിറക്കി. കെപിഎംഎസ് കുളനട യൂണിയനാണ് സംഘാടകര്‍. കുളനടയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിവാക്കല്‍ എന്നാണ് വിവരം.

ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുലിനെ പാലക്കാട് നഗരസഭയും പൊതുപരിപാടികളില്‍ നിന്നും വിലക്കിയിരുന്നു. പാലക്കാട്ടെ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുലിന് കത്തയക്കുകയായിരുന്നു. പരിപാടിയിലെ മുഖ്യാതിഥി രാഹുല്‍ ആയിരുന്നു.

അതേസമയം ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോഴും രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് ആണ് യുഡിഎഫും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ഒടുവില്‍ രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടില്ലെന്നും നിയമസഭയ്ക്കകത്ത് രാഹുലിനെതിരെ ഭരണപക്ഷം പ്രതിഷേധിച്ചാൽ നമുക്ക് കാണാമെന്നുമായിരുന്നു എം എം ഹസ്സന്‍ പ്രതികരിച്ചത്.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി പരസ്യ നിലപാട് എടുത്തിരുന്നു. രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും എല്ലാവര്‍ക്കും നീതി ലഭ്യമാകേണ്ടതുണ്ടെന്നുമായിരുന്നു പ്രതികരിച്ചത്. മറുഭാഗത്ത് ഇരിക്കുന്നവര്‍ക്കെതിരെയും സമാന ആരോപണമുണ്ട്. അവര്‍ക്ക് ലഭിക്കേണ്ട നീതി രാഹുലിനും ലഭിക്കണം. ആരോപണം ഉയര്‍ന്ന സാഹചര്യം പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Content Highlights: Rahul Mamkootathil excluded from ayyankali Jayanti celebrations pathanamthitta

dot image
To advertise here,contact us
dot image