
മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. വസ്ത്രാലാങ്ക രംഗത്ത് നിന്നും സിനിമയിലെത്തുന്ന അദ്ദേഹം നാഷണൽ അവാർഡ് വരെ സ്വന്തമാക്കിയിട്ടുണ്ട്. ഹോം എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു ഇന്ദ്രൻസിന് സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചത്. ദേശീയ അവാർഡ് ലഭിച്ചപ്പോൾ എന്താണ് തോന്നിയതെന്നും അത് സ്വപ്‌നം കണ്ടിരുന്നോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഇന്ദ്രൻസ്.
ഇതിഹാസ നടൻമാരായ സത്യൻ, നസീർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയാകാൻ കൊതിച്ചിട്ടുണ്ടെന്നും അവരെ പോലെ അഭിനയിക്കാൻ നോക്കാറുണ്ടെന്നും ഇന്ദ്രൻസ് തമാശരൂപേണ പറഞ്ഞു. 'ഒരുപാട് വട്ടം സ്വപ്‌നം കണ്ടിട്ടുണ്ടെങ്കിലും കിട്ടാവുന്ന റൂട്ടിലൊന്നും ഞാൻ പോകാത്തോണ്ട് അതൊക്കെ തമാശയായിട്ട് തന്നെ പറയാം. കൊതിയൊക്കെ ഉണ്ടായിട്ടുണ്ട്. ഞാനിപ്പോ സത്യനായിട്ടുണ്ട്, നസീറായിട്ടുണ്ട്, മമ്മൂട്ടിയും മോഹൻലാലുമൊക്കെ ആയിട്ടുണ്ട്. ഇപ്പോഴും അങ്ങനെയൊക്കെ അഭിനയിക്കാറുണ്ട്, പക്ഷെ എന്റെ കോലം ഇങ്ങനെ ആയോണ്ട് അറിയാത്തതാണ്,' ഇന്ദ്രൻസ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കഴിഞ്ഞ ദിവസം റിലീസായ കേരള ക്രൈം ഫയൽസ് രണ്ടാം സീസണിൽ ഇന്ദ്രൻസ് പ്രധാന റോളിലെത്തുന്നുണ്ട്. സിപിഒ അമ്പിളി രാജുവായി മികച്ച പ്രകടനമാണ് താരം നടത്തിയതെന്നാണ് ആരാധകരുടെ അഭിപ്രായം. സീരീസിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസൺ 2 സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗവും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്.
Content Highlights- Indrans Says he tries to act like legendary actors but no one notices