
കോളിവുഡിൽ അടുത്ത കാലത്തായി സെൻസേഷണലായ താരമാണ് പ്രദീപ് രംഗനാഥൻ. ലവ് ടുഡേ, ഡ്രാഗൺ എന്നീ ചിത്രങ്ങളിൽ അഭിനനയിച്ച് ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു. കോമാളി, ലവ് ടുഡേ എന്നീ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് പ്രദീപ്.
ഡ്രാഗണിന്റെ സംവിധായകൻ അശ്വത് മാരിമുത്തുവിന്റെ ആദ്യ ചിത്രമായ ഓ മൈ കടവുളയിൽ തനിക്ക് ഒരു ക്യാരക്ടർ റോൾ ഓഫർ ചെയ്തിരുന്നുവെന്നും എന്നാൽ ചെയ്യുന്നെങ്കിൽ നായകനായി മാത്രമേ ചെയുന്നുള്ളുവെന്ന് പറഞ്ഞതായി വെളിപ്പെടുത്തുകയാണ് പ്രദീപ്. ഡ്രാഗണിന്റെ നൂറാം ദിനം ആഘോഷവേളയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
'അശ്വത് ഓ മൈ കടവുളെ എഴുതുമ്പോൾ എന്നെ ഒരു ക്യാരക്ടർ റോൾ ചെയ്യാൻ വിളിച്ചു. ഞാൻ അപ്പോൾ ചെയ്യുന്നെങ്കിൽ നായകനായി മാത്രമേ ചെയ്യുന്നുള്ളുവെന്ന് പറഞ്ഞു. പിന്നീട് ഞാൻ ലവ് ടുഡേ ചെയ്യുകയും അത് വലിയ വിജയമായി മാറുകയും ചെയ്തു. അതിന് ശേഷം അശ്വതുമായി ഡ്രാഗണിൽ ഒന്നിച്ചപ്പോൾ അവൻ എന്നോട് പറഞ്ഞിരുന്നു സിനിമ വിജയിക്കുമെന്നും നൂറ് ദിവസം ഓടുമെന്നും. ഇപ്പോൾ അതെല്ലാം നടന്നു,' പ്രദീപ് പറഞ്ഞു.
#PradeepRanganathan at #Dragon 100 days celebration:
— AmuthaBharathi (@CinemaWithAB) June 28, 2025
"When Aswath writing for OMK, he asked me for Character role. I said 'Panna Hero ah than Pannuven'. LoveToday became a success and my market expanded. When I collaborated with Aswath for #Dragon he promised me that film will… pic.twitter.com/BTKzxAJx8J
ചിത്രത്തിന്റെ കഥയ്ക്കും സംവിധാനത്തിനുമൊപ്പം കഥാപാത്രങ്ങളും അഭിനേതാക്കളുടെ പ്രകടനവും ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ സിനിമ കൂടിയാണ് ഡ്രാഗൺ. തമിഴ് സിനിമയിൽ കാര്യമായ ഹിറ്റുകൾ ഒന്നും ഉണ്ടാകാതിരുന്ന സമയത്താണ് ഡ്രാഗൺ തിയേറ്ററിൽ എത്തുന്നതും ഹിറ്റ് അടിക്കുന്നതും.
ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്. സിനിമ നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചപ്പോഴും മികച്ച അഭിപ്രായമായിരുന്നു സ്വന്തമാക്കിയിരുന്നത്. 108.54 കോടിയാണ് ഡ്രാഗണിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ. അതേസമയം ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ 140 കോടിയാണ്.
അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ, മിസ്കിൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എന്റർടൈയ്ൻമെന്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിച്ച സിനിമയാണ് ഡ്രാഗൺ.
Content Highlights- Pradeep Ranganathan talks about what he said to Dragon Director during oh my kadavule period