

ഒടിടി റിലീസിന് ശേഷവും മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ചർച്ചാവിഷയമായി തുടരുകയാണ്. ഏപ്രില്‍ 24 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. മികച്ച പ്രതികരണമായിരുന്നില്ല സിനിമയ്ക്ക് ഒടിടിയിലും ലഭിച്ചിരുന്നത്. എന്നാൽ ഇന്ത്യയില്‍ ഒടിടിയില്‍ കഴിഞ്ഞ ഒരു വാരം ഏറ്റവും കാണികളെ നേടിയ അഞ്ച് സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് എമ്പുരാന്‍. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ ലിസ്റ്റിലാണ് എമ്പുരാന്റെ ഈ നേട്ടം.
മോഹൻലാൽ നായകനായ തുടരും തിയേറ്ററുകളിൽ പ്രേക്ഷകരെ കൂട്ടുമ്പോൾ ഒടിടിയിൽ എമ്പുരാനും കാണികളെ ആകർഷിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെയുള്ള ആഴ്ചയിലെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രകാരം രണ്ടാം വാരത്തിൽ 3 മില്യണ്‍ കാഴ്ചക്കാരെയാണ് എമ്പുരാൻ ഒടിടിയില്‍ നേടിയിരിക്കുന്നത്. ജുവല്‍ തീഫ്: ദി ഹെയ്സ്റ്റ് ബിഗിന്‍സ് ആണ് ആദ്യ സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വിക്രത്തിന്‍റെ 'വീര ധീര സൂരനും നാലാം സ്ഥാനത്ത് തെലുങ്ക് ചിത്രം മാഡ് സ്ക്വയറും അഞ്ചാം സ്ഥാനത്ത് മേരെ ഹസ്ബന്‍ഡ് കി ബീവിയും ആണ്.
മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടിയുടെ ബിസിനസ് നേട്ടം കൈവരിച്ച ശേഷമാണ് ഒടിടിയിലെത്തിയിരിക്കുന്നത്. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. മോഹൻലാൽ, പൃഥ്വി എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ എമ്പുരാനില്‍ അണിനിരന്നിരുന്നു.
Content Highlights: Empuraan saw a sharp increase in viewership on OTT in its second week