മുല്ലപ്പൂ കൈവശം വെച്ചു; നടി നവ്യാ നായര്‍ക്ക് മെൽബണിൽ ഒന്നേകാല്‍ ലക്ഷം രൂപ പിഴ

പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് നവ്യ കൈവശം വെച്ചിരുന്നത്

മുല്ലപ്പൂ കൈവശം വെച്ചു; നടി നവ്യാ നായര്‍ക്ക് മെൽബണിൽ ഒന്നേകാല്‍ ലക്ഷം രൂപ പിഴ
dot image

മെല്‍ബണ്‍: മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തി. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. നവ്യ പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ ചുമത്തിയത്. സംഭവത്തെ പറ്റി നവ്യ തന്നെയാണ് പുറത്ത് പറഞ്ഞത്.

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കവെയാണ് തനിക്കുണ്ടായ അനുഭവം നടി പങ്കുവെച്ചത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ മുല്ലപ്പൂ വെച്ചാണ് താനിവിടെ പങ്കെടുക്കാനെത്തിയതെന്ന നടിയുടെ തമാശ കലര്‍ന്ന വെളിപ്പെടുത്തലില്‍ സദസും പൊട്ടിചിരിച്ചു. പിതാവ് പരിപാടിക്ക് വെക്കാനായി നല്‍കിയ മുല്ലപ്പൂവാണ് പിടികൂടിയത്. തനിക്ക് ഓസ്‌ട്രേലിയയിലെ നിയമങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ലായെന്നും എന്നാല്‍ തെറ്റ് തെറ്റ് തന്നെയാണെന്നും നവ്യ സമ്മതിച്ചു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്തുകൊണ്ട് മുല്ലപ്പൂ കൊണ്ടുപോകുന്നത് ശിക്ഷാര്‍ഹമായി ?

ഓസ്‌ട്രേലിയയുടെ ജൈവസുരക്ഷാ നിയമ പ്രകാരം മുല്ലപ്പൂ മാത്രമല്ല വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളോ പൂവുകളോ ഒന്നും തന്നെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ല. ഓസ്‌ട്രേലിയയുടെ പരിസ്ഥിതിക്ക് ദോഷമായേക്കാവുന്ന സൂക്ഷമജീവികളെയോ രോഗങ്ങളെയോ ഇവയിലൂടെ രാജ്യത്ത് എത്തിയേക്കാമെന്നതാണ് പിഴയ്ക്ക് പിന്നിലെ കാരണം. 1859-ല്‍ വിനോദത്തിനായി മുയലുകളെ രാജ്യത്ത് കൊണ്ടു വന്നതാണ് അത്തരത്തില്‍ ഓസ്‌ട്രേലിയക്ക് പണി കിട്ടിയ ഒരു സംഭവം. അന്ന് മുയലുകള്‍ രാജ്യത്ത് പെറ്റുപെരുകുകയും കൃഷി ഭൂമികളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ തദ്ദേശീയമായി സസ്യ-ജന്തുജാലങ്ങള്‍ക്ക് ഭീഷണിയാവുന്ന ജീവികളില്‍ നിന്ന് രക്ഷനേടാനാണ് രാജ്യത്ത് ജൈവനിയമം ശക്തമാക്കിയിരിക്കുന്നത്. ന്യൂസിലാന്‍ഡ്, യുഎസ്, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും ബയോസെക്യൂരിറ്റി നിയമങ്ങള്‍ നിലവിലുണ്ട്.

Content Highlights- Navya Nair fined Rs 1.5 lakh in Melbourne for possessing jasmine flower

dot image
To advertise here,contact us
dot image