
കൊല്ലം: ജീവിതത്തിലെ തിരക്കിട്ട ഓട്ടങ്ങൾക്കിടെ വർഷങ്ങൾക്കു മുൻപ് പിരിയേണ്ടി വന്ന സുഹൃത്തിനെ തേടി തൃപ്രയാർ സ്വദേശിയായ പ്രവാസിയുടെ കാത്തിരിപ്പ്. തളിക്കുളം സ്വദേശിയായ അബ്ദുൾ ഖാദറാണ് കൊല്ലം സ്വദേശിയായ തന്റെ സുഹൃത്ത് മോഹനൻ പിള്ളക്കായി കാത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പഴയ ചിത്രത്തോടൊപ്പം കുറിപ്പ് പങ്കുവെച്ചെങ്കിലും മോഹനൻ പിള്ളയെ കണ്ടെത്താനായിട്ടില്ല. എന്നാൽ ശ്രമം ഇപ്പോഴും തുടരുകയാണ് ഖാദർ.
ഈ സൗഹൃദത്തിന് പിന്നിൽ വർഷങ്ങളുടെ കഥയുണ്ട്. ജോലിക്കായി ഖത്തറിലെത്തിയ തൃശ്ശൂർ സ്വദേശികളായ ഖാദറും സെയ്ദും കൊല്ലം സ്വദേശി മോഹനൻ പിള്ളയും ഏകദേശം 40 വർഷം മുമ്പാണ് പരിചയപ്പെട്ടത്. ഖാദറിനും സെയ്ദിനും തുന്നൽ ജോലിയായിരുന്നു. സമീപത്തെ അറബ് സ്വദേശിയുടെ വീട്ടിലെ ഡ്രൈവറായിരുന്നു മോഹനൻ പിള്ള. പരസ്പരം കണ്ടും സംസാരിച്ചും ഇതിനിടെ മൂവരും സുഹൃത്തുക്കളായി. പ്രവാസത്തിന്റെ സന്തോഷവും സ്‌നേഹവും വേദനയും മൂവരും പരസ്പരം പങ്കുവെച്ചു.
എന്നാൽ പത്ത് വർഷം കഴിഞ്ഞ് ഖാദർ അബുദാബിയിലേക്ക് മാറി. ഇതിനിടെ മൂവരും ബന്ധം നിലനിർത്തിയിരുന്നെങ്കിലും തിരക്കുകൾക്കിടയിൽ അത് പതിയെ മങ്ങാൻ തുടങ്ങി. ഇതിനിടെ സെയ്ദ് മരിച്ചു. വർഷങ്ങൾ നീണ്ട പ്രവാസം അവസാനിപ്പിച്ച് ഖാദർ നാട്ടിൽ തിരിച്ചെത്തി. എന്നാൽ സൗഹൃദത്തിന്റെ ഓർമ ഖാദറിന്റെ മനസിൽ ഒളിമങ്ങാതെ കിടപ്പുണ്ടായിരുന്നു. പഴയകാലത്തെ ഡയറിക്കുറിപ്പിനിടയിൽ നിന്ന് മൂവരും ഒന്നിച്ചുള്ള പുസ്തകം ഖാദറിന് ലഭിച്ചു. ഇതോടെ ഈ ചിത്രം ഉപയോഗിച്ച് മോഹനൻ പിള്ളയെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഖാദർ.
Content Highlights: pravasi men searching long lost friend