

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച് ബോളിവുഡ് ഷാരൂഖ് ഖാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സിനിമയ്ക്ക് പുറത്തും വലിയൊരു സാമ്രാജ്യം തന്നെ ഷാരൂഖ് കെട്ടിപ്പടുത്തിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ആകെ സമ്പാദ്യം ഏകദേശം 10,800 കോടി രൂപയാണ് .

ലോകത്തിലെ തന്നെ ഏറ്റവും ധനികരായ നടന്മാരിൽ ഒരാളാണ് അദ്ദേഹം.ഷാരൂഖിനൊപ്പം ടെയ്‌ലർ സ്വിഫ്റ്റ്, റിഹാന തുടങ്ങിയ ഗായകരും, ടൈഗർ വുഡ്‌സ്, മൈക്കൽ ജോർദാൻ തുടങ്ങിയ കായിക താരങ്ങളും ഈ സമ്പന്ന പട്ടികയിലുണ്ട്.സിനിമയിലെ അഭിനയം മാത്രമല്ല, ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് , റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനി, വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങൾ എന്നിവയിലൂടെയാണ് ഷാരൂഖ് ഇത്രയും വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കിയത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഷാരൂഖ് ഖാന്റെ ആസ്തിയുടെ പകുതിയിലധികവും വരുന്നത് ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്ൽ നിന്നാണ്. 2008-ൽ ഏകദേശം 165 കോടി രൂപയ്ക്കാണ് അദ്ദേഹം ഈ ടീമിൽ ഭൂരിഭാഗം ഓഹരികളും വാങ്ങിയത്. 2026-ഓടെ കെ.കെ.ആറിന്റെ ആകെ മൂല്യം 13,000 - 15,000 കോടി രൂപയായി ഉയർന്നു.ടീമിൽ ഷാരൂഖിനുള്ള വ്യക്തിഗത വിഹിതം മാത്രം ഏകദേശം 7,000 - 8,000 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ വിദേശ ലീഗുകളിലും അദ്ദേഹത്തിന് ടീമുകളുണ്ട്.

റെഡ് ചില്ലീസ് എന്റർടൈൻമെന്റ്
ഷാരൂഖും ഭാര്യ ഗൗരി ഖാനും ചേർന്ന് നടത്തുന്ന ഈ കമ്പനി വെറും സിനിമ നിർമ്മാണം മാത്രമല്ല ചെയ്യുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോകളിൽ ഒന്നാണിത്. മറ്റു വലിയ സിനിമകൾക്കും ഇവർ സാങ്കേതിക സഹായം നൽകുന്നു.മൈ നെയിം ഈസ് ഖാൻ, ചെന്നൈ എക്സ്പ്രസ്, ജവാൻ, പത്താൻ തുടങ്ങിയ വമ്പൻ ഹിറ്റുകൾ നിർമ്മിച്ചത് റെഡ് ചില്ലീസ് ആണ്.നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളുമായി ഇവർക്ക് വലിയ കരാറുകളുണ്ട്. തങ്ങൾ നിർമ്മിക്കുന്ന സിനിമകളുടെയും സീരീസുകളുടെയും ഡിജിറ്റൽ അവകാശം വിൽക്കുന്നതിലൂടെ കോടികളാണ് കമ്പനി സമ്പാദിക്കുന്നത്.

റിയൽ എസ്റ്റേറ്റ്
ഷാരൂഖ് ഖാൻ്റെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം അദ്ദേഹത്തിൻ്റെ സിനിമകളെപ്പോലെ തന്നെ അതിമനോഹരവും ബൃഹത്തുമാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്.2001-ൽ വെറും 13.5 കോടി രൂപയ്ക്ക് വാങ്ങിയ മുംബൈയിലെ 'മന്നത്ത്' ബംഗ്ലാവിന്റെ ഇന്നത്തെ മൂല്യം 300 കോടി രൂപയ്ക്ക് മുകളിലാണ്.ആറ് നിലകളുള്ള ഈ കൊട്ടാര സദൃശമായ വീട്ടിൽ സ്വകാര്യ തിയേറ്റർ, ജിം, ലൈബ്രറി, ഓഫീസ് എന്നിവയുണ്ട്. ഇതിൻ്റെ ഉൾവശം ഡിസൈൻ ചെയ്തത് ഭാര്യ ഗൗരി ഖാനാണ് . ദുബായിലെ പാം ജുമൈറയിൽ 'ജന്നത്ത്' എന്ന പേരിൽ അതിമനോഹരമായ ഒരു വില്ലയും അദ്ദേഹത്തിനുണ്ട്. അതിസമ്പന്നർ താമസിക്കുന്ന പാം ജുമൈറ എന്ന കൃത്രിമ ദ്വീപിലാണ് ഷാരൂഖിൻ്റെ ഈ വില്ല.സ്വന്തമായി കടൽത്തീരമുള്ള ഈ വില്ലയ്ക്ക് ഏകദേശം 100 കോടി രൂപ വിലമതിക്കും. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ഥലങ്ങളിലൊന്നായ സെൻട്രൽ ലണ്ടനിലെ മെയ്‌ഫെയറിൽ ഷാരൂഖിന് ഒരു ആഡംബര അപ്പാർട്ട്മെൻ്റുണ്ട്.

ഇതിന്റെ മൂല്യം ഏകദേശം 170 കോടി രൂപക്കടുത്തുണ്ട് . അവധിക്കാലം ആഘോഷിക്കാനും മക്കളുടെ പഠന ആവശ്യങ്ങൾക്കുമായി അദ്ദേഹം ഇവിടെ താമസിക്കാറുണ്ട്. അലിബാഗ് ഫാം ഹൗസ്, മുംബൈയിലെ തിരക്കുകളിൽ നിന്ന് മാറി നിൽക്കാൻ ഷാരൂഖ് ഉപയോഗിക്കുന്ന സ്ഥലമാണ് .ഏകദേശം 20,000 ചതുരശ്ര അടിയിൽ പരന്നു കിടക്കുന്ന ഈ സ്ഥലത്ത് ഒരു ഹെലിപാഡ്, സ്വിമ്മിംഗ് പൂൾ എന്നിവയുണ്ട്. അദ്ദേഹത്തിൻ്റെ ജന്മദിന ആഘോഷങ്ങൾ പലപ്പോഴും ഇവിടെയാണ് നടക്കാറുള്ളത്. ഏകദേശം 20 കോടി രൂപയുടെ മൂല്യം ഇതിന് കണക്കാക്കുന്നു.

പരസ്യങ്ങൾ
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബ്രാൻഡ് അംബാസഡർമാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. വെറുമൊരു നടൻ എന്നതിലുപരി, പരസ്യവിപണിയിലെ ഒരു ആഗോള ബ്രാൻഡ് ആയി അദ്ദേഹം വളർന്നു.ഷാരൂഖ് ഖാൻ ഒരു ബ്രാൻഡിൻ്റെ പരസ്യത്തിൽ അഭിനയിക്കാൻ ഈടാക്കുന്നത് ഏകദേശം 4 കോടി മുതൽ 10 കോടി രൂപയാണ്. വലിയ ബ്രാൻഡുകളുമായുള്ള ദീർഘകാല കരാറുകൾക്ക് ഇതിലും കൂടും. പരസ്യങ്ങളിൽ നിന്നും ബ്രാൻഡ് പ്രമോഷനുകളിൽ നിന്നും മാത്രം വർഷം തോറും 250 കോടി മുതൽ 300 കോടി രൂപ വരെ ഷാരൂഖ് സമ്പാദിക്കുന്നുണ്ടെന്നാണ് ഫോർബ്സ് , ഹുറുൺ തുടങ്ങിയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
ദുബായ് ടൂറിസം , ഹ്യുണ്ടായ് , ടാഗ് ഹ്യൂയർ വാച്ചുകൾ, റിലയൻസ് ജിയോ, എൽ.ജി , ഐസിഐസിഐ ബാങ്ക് , എവറസ്റ്റ് മസാല തുടഗിയവയുടെ എല്ലാം ബ്രാൻഡ് അംബാസിഡർ ആണ് ഷാരുഖ്. ഓൺ ലൈൻ ഗെയിമിംഗ് ആപ്പുകൾ, എഡ്യൂക്കേഷൻ ആപ്പുകൾ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവക്ക് വേണ്ടിയും പരസ്യങ്ങൾ ചെയ്യാറുണ്ട്.
ദുബായ് ടൂറിസം
ഷാരൂഖിൻ്റെ പരസ്യ വരുമാനത്തിൽ വലിയൊരു പങ്കു വഹിക്കുന്നത് ദുബായ് ടൂറിസവുമായുള്ള പങ്കാളിത്തമാണ്. വെറുമൊരു പരസ്യം എന്നതിലുപരി ദുബായുടെ ആഗോള മുഖമായി അദ്ദേഹം പ്രവർത്തിക്കുന്നു. ഇതിലൂടെ കോടിക്കണക്കിന് രൂപയും മറ്റ് ആനുകൂല്യങ്ങളും അദ്ദേഹം കൈപ്പറ്റുന്നു. ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു പോസ്റ്റ് പങ്കുവെക്കുന്നതിന് മാത്രം അദ്ദേഹം 80 ലക്ഷം മുതൽ 1 കോടി രൂപ വരെ ഈടാക്കാറുണ്ട്. കോടിക്കണക്കിന് ആരാധകർ പിന്തുടരുന്നത് ബ്രാൻഡുകൾക്ക് വലിയ ലാഭമുണ്ടാക്കുന്നു.
ഹ്യുണ്ടായ് പോലെയുള്ള ബ്രാൻഡുകളുമായി പതിറ്റാണ്ടുകളായുള്ള ബന്ധം അദ്ദേഹത്തിനുണ്ട്. ഇത് ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം വർധിപ്പിക്കുന്നു.

ഇന്ത്യയിൽ മാത്രമല്ല, മിഡിൽ ഈസ്റ്റ് യൂറോപ്പ്, അമേരിക്കയും ഷാരൂഖിന് വലിയ മാർക്കറ്റുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമായതിനാൽ എല്ലാവർക്കും അനുയോജ്യനാണ് . സിനിമയിൽ അഭിനയിച്ചതിനേക്കാൾ വലിയൊരു തുക ഷാരൂഖ് ഖാൻ തൻ്റെ 'ബ്രാൻഡ് വാല്യൂ' വഴി മാത്രം ഓരോ വർഷവും നേടിയെടുക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബ്രാൻഡ് അംബാസഡർമാരിൽ ഒരാളാണ് ഷാരൂഖ്. ദുബായ് ടൂറിസം, ആഡംബര വാച്ചുകൾ, ശീതളപാനീയങ്ങൾ തുടങ്ങിയവയുടെ പരസ്യങ്ങളിലൂടെ വർഷം തോറും കോടിക്കണക്കിന് രൂപ അദ്ദേഹം സമ്പാദിക്കുന്നു.സിനിമ മുതൽ ക്രിക്കറ്റ് വരെ പറന്നു കിടക്കുന്ന വിവിധ നിക്ഷേപങ്ങളാണ് ഷാരുഖ് ഖാനെ അതി സമ്പന്നരുടെ പട്ടികയിൽ ഇടം പിടിക്കാൻ സഹായിച്ചത്.
Contente Highlights : Shah Rukh Khan features again on Hurun Global Rich List with a net worth of Rs 10,800 crore