

അമേരിക്കയില്‍ വീട് വാടകക്ക് എടുക്കുന്നവരുടെ ഇടയില്‍ ഒരു ബിസിനസ് നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ സമ്പാദ്യം 217 ശതമാനം വര്‍ധിപ്പിച്ച ഒരു യുവ ഇന്ത്യന്‍ വംശജന്റെ വിജയഗാഥയാണിത്. ലോകമെമ്പാടുമുള്ള നിക്ഷേപകരെ അമ്പരപ്പിച്ചുകൊണ്ട് 28,500 കോടി രൂപയുടെ ആസ്തിയിലേക്ക് ഈ സംരംഭകന്‍ എങ്ങനെയെത്തി എന്ന് നോക്കാം.

മുമ്പ് മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ് ആയിരുന്ന നവീന്‍ ജെയിനിന്റെ മകനാണ് 36കാരനായ അങ്കുര്‍ ജെയിന്‍. ബില്‍റ്റ് റിവാര്‍ഡ്‌സ് എന്ന കമ്പനിയുടെ സ്ഥാപകനാണിദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അങ്കുറിന്റെ സമ്പത്തില്‍ 217 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം ഇപ്പോള്‍ ഏകദേശം 28,500 കോടി രൂപയാണ്.
എന്താണ് ഈ ബിസിനസ്?
സാധാരണയായി വാടക കൊടുക്കുമ്പോള്‍ നമുക്ക് തിരികെ ഒന്നും ലഭിക്കാറില്ല. എന്നാല്‍ അങ്കുറിന്റെ പ്ലാറ്റ്ഫോം വഴി വാടക നല്‍കുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് പോയിന്റുകള്‍ പോലെ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഈ പോയിന്റുകള്‍ ഉപയോഗിച്ച് യാത്രകള്‍ക്കോ ഷോപ്പിങ്ങിനോ അല്ലെങ്കില്‍ ഭാവിയില്‍ വീട് വാങ്ങാനോ സാധിക്കും. കൃത്യസമയത്ത് വാടക നല്‍കുന്നത് വഴി ആളുകള്‍ക്ക് അവരുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
അമേരിക്കയിലെ വലിയ നഗരങ്ങളില്‍ വാടക കുത്തനെ കൂടുന്ന സമയത്താണ് ഇത്തരമൊരു ആശയം അദ്ദേഹം നടപ്പിലാക്കിയത്. നിലവില്‍ അമേരിക്കയിലെ നാലിലൊന്ന് അപ്പാര്‍ട്ട്‌മെന്റുകളും ഈ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. അങ്കുറിന്റെ കമ്പനിയായ ബില്‍റ്റ് റിവാര്‍ഡ്‌സിന്റെ മൂല്യം ഇപ്പോള്‍ ഏകദേശം 90,000 കോടി രൂപയാണ്.
ലളിതമായി പറഞ്ഞാല്‍, സാധാരണക്കാര്‍ക്ക് വലിയ ബാധ്യതയായ വാടക എന്ന ചെലവിനെ ഒരു നിക്ഷേപം പോലെ മാറ്റിയെടുത്തു എന്നതാണ് അങ്കുറിന്റെ വിജയത്തിന് പിന്നിലെ ബുദ്ധി. പണം ചെലവാക്കുമ്പോള്‍ തിരികെ എന്തെങ്കിലും ലഭിക്കണമെന്ന ഉപഭോക്താക്കളുടെ മനഃശാസ്ത്രം അദ്ദേഹം കൃത്യമായി ഉപയോഗിച്ചു. ഒരിക്കലും സാധാരണക്കാര്‍ ആലോചിക്കാത്ത ഒരു കാര്യത്തില്‍ ബിസിനസ് വികസിപ്പിച്ചതിലാണ് അങ്കുര്‍ ജെയ്നിന്റെ മിടുക്ക് . ബാധ്യതയായ വീട്ടുവാടക നിക്ഷേപമാക്കുന്ന കാര്യം ഇന്ത്യയിലും വരുമോ? കാത്തിരുന്നു കാണാം.
Content Highlights: Meet Ankur Jain, Indian-origin billionaire turned America’s rent problem into 217% net worth surge