പിച്ചില്‍ മാത്രമല്ല, ബിസിനസിലും സ്മിത്തിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; ഒറ്റദിവസം നേട്ടം 9.5 കോടി രൂപ!

ഓസ്ട്രേലിയന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്ത ദിവസം, സ്മിത്തിന്റെ ഓഹരി മൂല്യം 1.19 കോടി ഡോളറായിരുന്നു. എന്നാല്‍ വ്യാപാരം അവസാനിച്ചപ്പോഴേക്കും ഇത് 1.32 കോടി ഡോളറായി ഉയര്‍ന്നു.

പിച്ചില്‍ മാത്രമല്ല, ബിസിനസിലും സ്മിത്തിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; ഒറ്റദിവസം നേട്ടം 9.5 കോടി രൂപ!
dot image

ക്രിക്കറ്റ് മൈതാനത്ത് ബാറ്റുകൊണ്ട് വിസ്മയം തീര്‍ക്കുന്ന സ്റ്റീവ് സ്മിത്ത്, ബിസിനസ് രംഗത്തും തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്. സ്മിത്ത് നടത്തിയ ദീര്‍ഘകാല നിക്ഷേപം ഓസ്ട്രേലിയന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതോടെ, ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തിയില്‍ ഏകദേശം 9.5 കോടി രൂപയുടെ (1.4 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍) വര്‍ധനയാണ് രേഖപ്പെടുത്തിയത്.

2015-ലാണ് സ്റ്റീവ് സ്മിത്ത് 'കോല' (Koala) എന്ന ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍, ബെഡ്ഡിങ് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തുന്നത്. അന്ന് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) നിക്ഷേപിച്ചുകൊണ്ട് കമ്പനിയുടെ 10 ശതമാനം ഓഹരികള്‍ അദ്ദേഹം സ്വന്തമാക്കി. സ്റ്റാര്‍ട്ടപ്പിന്റെ പ്രാരംഭ ഘട്ടത്തില്‍ അതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു നടത്തിയ ഈ നിക്ഷേപമാണ് ഇന്ന് കോടികളുടെ ലാഭമായി മാറിയിരിക്കുന്നത്.

നിലവില്‍ കോലയുടെ 3.9 ശതമാനം ഓഹരികള്‍ കൈവശമുള്ള സ്മിത്ത്, ആ സ്ഥാപനത്തിലെ എട്ടാമത്തെ വലിയ ഓഹരി ഉടമയാണ്. ഓസ്ട്രേലിയന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്ത ദിവസം, സ്മിത്തിന്റെ ഓഹരി മൂല്യം 1.19 കോടി ഡോളറായിരുന്നു. എന്നാല്‍ അന്ന് വ്യാപാരം അവസാനിച്ചപ്പോഴേക്കും ഇത് 1.32 കോടി ഡോളറായി ഉയര്‍ന്നു. അതായത്, വിപണിയിലെ വിലയിലുണ്ടായ മാറ്റം മൂലം മാത്രം സ്മിത്തിന് ഒറ്റദിവസം കൊണ്ട് ലഭിച്ച അധിക ലാഭം ഏകദേശം 14 ലക്ഷം ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 9.5 കോടിയോളം വരും.

സ്മിത്തിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ ഫര്‍ണിച്ചര്‍ രംഗത്ത് മാത്രം ഒതുങ്ങുന്നില്ല. ആധുനിക നിക്ഷേപ രീതികളില്‍ താല്‍പര്യമുള്ള സ്മിത്ത് മറ്റു മേഖലകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഡിജിറ്റല്‍ കറന്‍സികളിലും സ്വര്‍ണത്തിലും നിക്ഷേപം നടത്താന്‍ സഹായിക്കുന്ന 'ബാംബൂ' എന്ന ഓസ്ട്രേലിയന്‍ ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാണ് അദ്ദേഹം.'ഓട്ട് മില്‍ക്ക് ഗുഡ്നെസ്സ്' എന്ന എഫ്എംസിജിയുടെ സഹസ്ഥാപകനും ഫോട്ടോഗ്രഫി സ്ഥാപനമായ 'സ്‌നാപ്പര്‍' എന്ന സ്ഥാപനത്തിലെ ആദ്യകാല നിക്ഷേപകരില്‍ ഒരാളുമാണ് അദ്ദേഹം.

കായിക താരം എന്ന നിലയിലുള്ള തന്റെ വരുമാനം ബാങ്ക് നിക്ഷേപങ്ങളില്‍ ഒതുക്കാതെ, വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ കൃത്യസമയത്ത് നിക്ഷേപിച്ചതാണ് സ്മിത്തിന്റെ വിജയരഹസ്യം. റിസ്‌ക് എടുക്കാനുള്ള മനോഭാവവും ഭാവിയില്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കാണാനുള്ള ദീര്‍ഘവീക്ഷണവും സ്റ്റീവ് സ്മിത്തിനെ മികച്ച നിക്ഷേപകന്‍ കൂടിയാക്കി മാറ്റുന്നു.

Content Highlights: Steve Smith Richer By Rs 9.5 Crore in Just 1 Day Due To Brilliant Decision. Here's How

dot image
To advertise here,contact us
dot image