ഡയറ്റിലും മത്സരം; മധുരവും കഫീനും ഇല്ലാത്ത പുതിയ ഉല്‍പ്പന്നവുമായി കൊക്ക കോള

ഡയറ്റ്, ലൈറ്റ് പാനീയങ്ങളുടെ വിപണിയില്‍ ഇനി സീറോ-കഫെയ്ന്‍ വിഭാഗമായിരിക്കും അടുത്ത പ്രധാന മത്സരം

ഡയറ്റിലും മത്സരം; മധുരവും കഫീനും ഇല്ലാത്ത പുതിയ ഉല്‍പ്പന്നവുമായി കൊക്ക കോള
dot image

മധുരവും കഫീനും ഇല്ലാത്ത പുതിയ ഉല്‍പ്പന്നം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കൊക്ക കോള. ഇന്ത്യയില്‍ തന്നെ പ്രാദേശികമായി നിര്‍മ്മിച്ച് വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യയില്‍ മധുരം കുറഞ്ഞ ശീതളപാനീയങ്ങളുടെ വിപണി അതിവേഗം വളരുന്നതിനിടെയാണ് കമ്പനിയുടെ നീക്കം.

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഡയറ്റ് കോക്ക്, കോക്ക് സീറോ, പെപ്‌സി ഉള്‍പ്പെടെയുള്ള എല്ലാ കോളാ പാനീയങ്ങളിലും കഫെയ്ന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, കഫെയ്ന്‍ പൂര്‍ണമായും ഒഴിവാക്കിയ ഈ പുതിയ ഉല്‍പ്പന്നം ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ വിഭാഗത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തല്‍. ഇതിനോടകം തന്നെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും ഈ ഉല്‍പ്പന്നം അവതരിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

കമ്പനി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഡയറ്റ്, ലൈറ്റ് പാനീയങ്ങളുടെ വിപണിയില്‍ ഇനി സീറോ-കഫെയ്ന്‍ വിഭാഗമായിരിക്കും അടുത്ത പ്രധാന മത്സരം. രുചി നിലനിര്‍ത്താനായാല്‍ ആദ്യമായി വിപണിയിലെത്തുന്ന കമ്പനിക്ക് വലിയ മുന്‍തൂക്കം ലഭിക്കുമെന്നാണ് കരുതുന്നത്.

Also Read:

കഫെയ്ന്‍ ആശങ്ക

ലോകാരോഗ്യ സംഘടനയുടെ വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമിതമായ കഫെയ്ന്‍ ഉപയോഗം ഉറക്കക്കുറവ്, ഉത്കണ്ഠ, ഹൃദയമിടിപ്പ് വര്‍ധിക്കല്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. ആരോഗ്യബോധവും ഭക്ഷ്യവസ്തുക്കളിലെ ലേബലിംഗിനോടുള്ള ഉപഭോക്താക്കളുടെ ശ്രദ്ധയും വര്‍ധിച്ചതോടെയാണ് കഫെയ്ന്‍ രഹിത ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകതയും ഉയരുന്നത്.

സീറോ-ഷുഗര്‍ വിപണി കുതിക്കുന്നു

കമ്പനികളുടെ ആഭ്യന്തര കണക്കുകള്‍ പ്രകാരം, സീറോ-ഷുഗര്‍, ലോ-ഷുഗര്‍ പാനീയങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലെ ശീതളപാനീയ വിപണിയുടെ 30-35 ശതമാനം വരുമാനം സംഭാവന ചെയ്യുന്നു. 2020ല്‍ ഇത് വെറും 5 ശതമാനം മാത്രമായിരുന്നു. അടുത്തിടെ ലാഹോരി ജീര, റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സിന്റെ ക്യാമ്പ, റോ പ്രസ്സറി, ഐടിസി, സൈറോ തുടങ്ങിയ ബ്രാന്‍ഡുകളും സീറോ-ഷുഗര്‍ പാനീയങ്ങള്‍ അവതരിപ്പിച്ച് ഈ മേഖലയില്‍ മത്സരം ശക്തമാക്കിയിട്ടുണ്ട്.

അലുമിനിയം കാന്‍ ക്ഷാമവും തിരിച്ചടി

പശ്ചിമേഷ്യന്‍ യുദ്ധത്തിന് പിന്നാലെ ഉണ്ടായ അലുമിനിയം കാന്‍ ക്ഷാമം ശീതളപാനീയ നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ ഡയറ്റ് കോക്ക് ഉള്‍പ്പെടെയുള്ള ചില ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് താല്‍ക്കാലികമായി അപ്രത്യക്ഷമായിരുന്നു. ഈ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്ത പാനീയങ്ങള്‍ ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളേക്കാള്‍ അഞ്ചിരട്ടി വിലയ്ക്ക് വരെ വിറ്റഴിക്കപ്പെട്ടു.

യൂറോമോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ കാര്‍ബണേറ്റഡ് ശീതളപാനീയ വിപണി 2026ലെ 15.4 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2033ഓടെ 22.4 ബില്യണ്‍ യുഎസ് ഡോളറിലെത്തും. കുറഞ്ഞ പ്രതിശീര്‍ഷ ഉപഭോഗം, കുറഞ്ഞ വില, പുതിയ ബ്രാന്‍ഡുകളുടെ കടന്നുവരവ് എന്നിവയാണ് വിപണി വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: Coca-Cola is set to launch Coke Zero-Sugar Zero-Caffeine in India, aiming to tap the rapidly growing demand for healthier soft drinks and strengthen its position in the zero-sugar beverage market

dot image
To advertise here,contact us
dot image