

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ എസ്യുവി വില്‍പ്പന 25-30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.
ബ്രെസ്സ എസ്യുവിയുടെ പുതിയ പതിപ്പ് 7.4 ലക്ഷം മുതല്‍ ആരംഭിക്കുന്ന പ്രാരംഭ വിലയില്‍ കമ്പനി പുറത്തിറക്കി. ഇതോടെ കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ എസ്യുവികളുടെ പങ്കും കൂടുതല്‍ ഉയരുമെന്ന് മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ഥോ ബാനര്‍ജി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏകദേശം 5.5 ലക്ഷം എസ്യുവികള്‍ വിറ്റഴിച്ച കമ്പനി, ഈ സാമ്പത്തിക വര്‍ഷം അത് ഏകദേശം 7 ലക്ഷം യൂണിറ്റായി ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. ഞങ്ങളുടെ മറ്റു വാഹന വിഭാഗങ്ങളുടെയും വില്‍പ്പന വളരുന്നുണ്ടെങ്കിലും, എസ്യുവികളുടെ പങ്ക് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ എസ്യുവികളുടെ പങ്ക് 12% ആയിരുന്നു. എന്നാല്‍ 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അത് 30% ആയി ഉയര്‍ന്നു.
2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, മാരുതി സുസുക്കിയുടെ മൊത്തം വാഹന വില്‍പ്പന 6,82,724 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലത് 5,27,861 യൂണിറ്റായിരുന്നു. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, കമ്പനിയുടെ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന ഒന്നാം പാദത്തില്‍ 2,18,885 യൂണിറ്റായപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലിത് 1,61,868 യൂണിറ്റായിരുന്നു. എര്‍ട്ടിഗ, ഇ വിറ്റാര, ഫ്രോങ്‌സ്, ഗ്രാന്‍ഡ് വിറ്റാര, ജിമ്‌നി എന്നിവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മോഡലുകളാണ്.
Content Highlights: Maruti Suzuki is targeting a 25–30% increase in SUV sales this fiscal, aiming to sell around 7 lakh units, supported by the launch of the new Brezza and strong demand for its existing SUV lineup