യഥാർത്ഥ ഉടമകൾ എത്തിയില്ല; LICയിലും EPFOയിലും അവകാശികളില്ലാതെ കിടക്കുന്നത് 16,648 കോടി രൂപ

അവകാശികളെ കണ്ടെത്താൻ എൽഐസി വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്

യഥാർത്ഥ ഉടമകൾ എത്തിയില്ല; LICയിലും EPFOയിലും അവകാശികളില്ലാതെ കിടക്കുന്നത് 16,648 കോടി രൂപ
dot image

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ എന്നിവയിൽ ആയിരക്കണക്കിന് കോടി രൂപ ഇപ്പോഴും യഥാർത്ഥ അവകാശികൾ ക്ലെയിം ചെയ്യാതെ കിടക്കുന്നതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. 2026 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം, എൽഐസിസിയിൽ 7,318.50 കോടിയും എപിഎഫോയുടെ നിർജ്ജീവഅക്കൗണ്ടുകളിൽ 9,330.56 കോടിയും ബാക്കിയുണ്ട്.

കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്‌സഭയിൽ ഈ വിവരങ്ങൾ അറിയിച്ചത്. എൽഐസിയിൽ ക്ലെയിം ചെയ്യാതെ കിടക്കുന്ന തുകയിൽ 5,564.55 കോടി പോളിസി ഉടമകൾക്കോ അവരുടെ നോമിനികൾക്കോ അവകാശപ്പെട്ടതാണ്. ബാക്കിയുള്ള 1,753.95 കോടി, ഈ തുകയിൽ നിന്ന് കാലക്രമേണ ലഭിച്ച വരുമാനമാണ്.

അതേസമയം, ഇപിഎഫ്ഒയിൽ അൺക്ലെയിംഡ് അക്കൗണ്ടുകൾ ഇല്ലെന്നും, പകരം ഇനോപ്പറേറ്റീവ് അക്കൗണ്ടുകൾ ആണുള്ളതെന്നും സർക്കാർ വ്യക്തമാക്കി. 36 മാസമോ അതിലധികമോ കാലം നിക്ഷേപമോ ഇടപാടുകളോ നടക്കാത്ത അക്കൗണ്ടുകളെയാണ് ഇനോപ്പറേറ്റീവ് അക്കൗണ്ടുകളായി കണക്കാക്കുന്നത്. ജോലി മാറിയതോ വിരമിച്ചതോ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാതിരുന്നതോ പോലുള്ള കാരണങ്ങളാൽ ഇത്തരം അക്കൗണ്ടുകൾ രൂപപ്പെടാറുണ്ട്.

എന്തുകൊണ്ടാണ് പണം ക്ലെയിം ചെയ്യപ്പെടാതെ പോകുന്നത്?

പോളിസി മെച്യൂരിറ്റി തുക വാങ്ങാതിരിക്കുക, പോളിസി ഉടമയുടെ മരണശേഷം നോമിനികൾ ക്ലെയിം സമർപ്പിക്കാതിരിക്കുക, വിലാസമാറ്റം, ബാങ്ക് വിവരങ്ങളിലെ പിഴവുകൾ, കുടുംബാംഗങ്ങൾക്ക് പോളിസിയെക്കുറിച്ച് അറിയാതിരിക്കുക തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. ഇപിഎഫ് അക്കൗണ്ടുകളുടെ കാര്യത്തിൽ ജോലി മാറിയ ശേഷം പഴയ അക്കൗണ്ട് പുതിയതിലേക്ക് മാറ്റാതിരിക്കുക, യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ലിങ്ക് ചെയ്യാതിരിക്കുക, കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാതിരിക്കുക തുടങ്ങിയവയും പ്രധാന കാരണങ്ങളാണ്.

എൽഐസി സ്വീകരിക്കുന്ന നടപടികൾ

അവകാശികളെ കണ്ടെത്താൻ എൽഐസി വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. ഔദ്യോഗിക വെബ്സൈറ്റിൽ പേര്, ജനനത്തീയതി, പാൻ തുടങ്ങിയ വിവരങ്ങൾ നൽകി ക്ലെയിം ചെയ്യാത്ത തുകയുണ്ടോ എന്ന് പരിശോധിക്കാം. കൂടാതെ പോളിസി ഉടമകൾക്കും നോമിനികൾക്കും കത്തുകളും എസ്എംഎസ് സന്ദേശങ്ങളും അയയ്ക്കുകയും ബ്രാഞ്ച് ഓഫീസുകൾ, ഏജന്റുമാർ, ഫീൽഡ് സ്റ്റാഫ് എന്നിവരുടെ സഹായത്തോടെ അവകാശികളെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ചില സാഹചര്യങ്ങളിൽ അവസാനമായി അറിയാവുന്ന വിലാസം സന്ദർശിക്കുകയും സമീപവാസികളുടെയും പ്രാദേശിക അധികൃതരുടെയും സഹായം തേടുകയും ചെയ്യുന്നു.

10 വർഷത്തിന് ശേഷം എന്ത് സംഭവിക്കും?

ഇൻഷുറൻസ് ക്ലെയിം തുക 10 വർഷത്തിലേറെ ആരും ആവശ്യപ്പെടാതെ കിടന്നാൽ, നിലവിലെ ചട്ടങ്ങൾ പ്രകാരം അത് മുതിർന്ന പൗരന്മാരുടെ ക്ഷേമ ഫണ്ട് (SCWF)-ലേക്ക് മാറ്റും. എന്നാൽ യഥാർത്ഥ അവകാശികൾക്ക് പിന്നീട് നിയമാനുസൃതമായി തുക ആവശ്യപ്പെടാനുള്ള അവസരം തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, എൽഐസിയിലെയോ ഇപിഎഫ്ഒയിലെയോ ഈ തുകകൾ മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നിലവിൽ സർക്കാരിന് പദ്ധതിയില്ലെന്നും പാർലമെന്റിൽ അറിയിച്ചു.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, കുടുംബത്തിലെ പഴയഎൽഐസി പോളിസികളോ ജോലി മാറിയ ശേഷമുള്ള പഴയ പിഎഫ് അക്കൗണ്ടുകളോ ഉണ്ടെങ്കിൽ അവ ഒരുതവണ പരിശോധിക്കുന്നത് ഗുണകരമായിരിക്കും. പലർക്കും അറിയാതെ കിടക്കുന്ന തുകകൾ തിരികെ ലഭിക്കാനുള്ള സാധ്യത ഇതിലൂടെ വർധിക്കാനുള്ള സാധ്യത ഏറെയാണ്.

Content Highlights: Unclaimed Funds with LIC Cross ₹7,318 Crore; Crores Await Their rightful Owners

dot image
To advertise here,contact us
dot image