

2025-2026 അധ്യയന വര്‍ഷത്തെ ഉയര്‍ന്ന മാര്‍ക്ക് നേടിയ 12ാം ക്ലാസ് വിദ്യാര്‍ത്ഥികളെ ആദരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മികച്ച അധ്യാപകരെയും ആദരിച്ചു. പരിപാടിയുടെ തുടക്കത്തില്‍ തന്നെ വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും അധ്യാപകരെയും അഭിനന്ദിച്ച ഷെയ്ഖ് മുഹമ്മദ് വിദ്യാര്‍ത്ഥികളുടെ തുടര്‍ന്നുള്ള വിജയങ്ങള്‍ക്കും ആശംസ നേര്‍ന്നു. വിദ്യാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രയത്‌നിച്ച യുഎഇയിലുടനീളമുള്ള അധ്യാപകരെയും അദ്ദേഹം അനുമോദിച്ചു.
വിഭ്യാഭ്യാസ രംഗത്തെ പുരോഗതി യുഎഇയുടെ മൊത്തത്തിലുള്ള പുരോഗതിക്ക് മൂലക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്തും വിദ്യാര്‍ത്ഥികള്‍ക്കും ഷെയ്ഖ് മുഹമ്മദ് നല്‍കുന്ന പിന്തുണയെ വിദ്യഭ്യാസ വിദഗ്ദരും അഭിനന്ദിച്ചു. മികച്ച നേട്ടങ്ങളെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെയും വിദ്യാഭ്യാസ വിദഗ്ദര്‍ പിന്തുണച്ചു.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖലേദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍, അല്‍ ദഫ്‌റ മേഖലയിലെ അധികാരിയുടെ പ്രതിനിധിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍, ഷെയ്ഖ് സെയ്ഫ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, സയ്യിദ് ഫോര്‍ ഗുഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് നഹ്യാന്‍ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ലെഫ്. ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്‌പെഷ്യല്‍ അഫെയേഴ്‌സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവെച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തെ രംഗത്തെത്തിയിരുന്നു. അവരുടെ കഠിന പരിശ്രമങ്ങളും അക്കാദമിക മികവും ആഘോഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: UAE President Sheikh Mohamed bin Zayed Al Nahyan honoured the highest-scoring Grade 12 students of the 2025–2026 academic year