'ഇന്ത്യയുടെ യുവജനതയ്ക്ക് നട്ടെല്ലുണ്ട്, നിലപാടില്‍ ഉറച്ച് നിന്ന അവരെ സല്യൂട്ട് ചെയ്യുന്നു'; രഞ്ജിനി ഹരിദാസ്

ഇന്ത്യന്‍ യുവത്വം ആഗ്രഹിക്കുന്നവരാണ് അധികാരത്തില്‍ വരേണ്ടതെന്നും രഞ്ജിനി

'ഇന്ത്യയുടെ യുവജനതയ്ക്ക് നട്ടെല്ലുണ്ട്, നിലപാടില്‍ ഉറച്ച് നിന്ന അവരെ സല്യൂട്ട് ചെയ്യുന്നു'; രഞ്ജിനി ഹരിദാസ്
dot image

കൊച്ചി: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സിജെപി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതില്‍ പ്രതികരണവുമായി അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസ്. വ്യക്തിപരമായ വിജയമായാണ് താനിതിനെ കാണുന്നതെന്നും ഇന്ത്യയുടെ യുവതലമുറയെ താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് രഞ്ജിനി പ്രതികരിച്ചു. ഇന്ത്യന്‍ യുവത്വം ആഗ്രഹിക്കുന്നവരാണ് അധികാരത്തില്‍ വരേണ്ടത്. ഉറപ്പുള്ള നട്ടെല്ല് അവര്‍ക്കുണ്ട്. നിലപാടില്‍ ഉറച്ച് നിന്ന് അവര്‍ കേന്ദ്ര സര്‍ക്കാറിനെ മുട്ടുകുത്തിച്ചുവെന്നും രഞ്ജിനി പറഞ്ഞു.

'വളരെ വളരെ സന്തോഷം. ഇതൊരു വ്യക്തിപരമായ വിജയമായാണ് തോന്നുന്നത്. ഒരിക്കലും മറക്കാന്‍ പറ്റാത്ത ചരിത്രപരമായ ഒരു സംഭവമായി ഇതിനെ അടയാളപ്പെടുത്തണം. മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും നിലപാടില്‍ മാറ്റമില്ലാതെ വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ ഒരു പിന്മാറ്റമില്ലന്ന് അവര്‍ ഉറച്ചുനിന്നു. ഇന്ത്യയുടെ യുവതലമുറയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. അവര്‍ക്കെല്ലാവര്‍ക്കും ശക്തമായ ഒരു നട്ടെല്ലുണ്ട്. അവിശ്വസനീയമായ ധൈര്യം കൊണ്ട് സര്‍ക്കാരിനെ മുട്ടുക്കുത്തിച്ചു. ഇനിയുള്ള യുവത്വം അവരുടെ ശക്തി എന്താണെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യയുടെ യുവത്വം ആഗ്രഹിക്കുന്നവര്‍ അധികാരത്തില്‍ വരണം' എന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം.


ആഴ്ചകളോളം നീണ്ടു നിന്ന പ്രതിഷേധത്തിന് ഒടുവിലാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിച്ചത്. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിജെപി ആരംഭിച്ച സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരികയായിരുന്നു. അതേസമയം ഉത്തരവാദിത്വം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു രാജിക്കത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കള്‍ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധര്‍മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. 1997ല്‍ ഒഡിഷയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോള്‍, അവിടത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ഥികളെ അണിനിരത്തി സമരം നയിച്ച എബിവിപി. ദേശീയ സെക്രട്ടറിയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍.

Content Highlights: Ranjini Haridas praised India's youth, saying they have the courage to stand firm in their beliefs. She saluted the young protesters for remaining committed to their position and expressed support for their determination.

dot image
To advertise here,contact us
dot image