

സ്മാര്‍ട് ഫോണ്‍ ഘടകങ്ങളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് വില ഉയര്‍ന്നിട്ടും, ഭൂരിഭാഗം ഉപഭോക്താക്കളും പുതിയ ഫോണ്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2,000ത്തിലധികം ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍, 46 ശതമാനം പേര്‍ വില ഉയര്‍ന്നാലും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ തയ്യാറാണെന്ന് അഭിപ്രായപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും 25 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള യുവാക്കളാണ്. ബജറ്റ് വര്‍ധിപ്പിക്കുക, എളുപ്പമുള്ള പേയ്മെന്റ് മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ബ്രാന്‍ഡിലേക്ക് മാറുക തുടങ്ങിയ വഴികളിലൂടെ ഉപഭോക്താക്കള്‍ ഫോണ്‍ സ്വന്തമാക്കാന്‍ തയ്യാറാണെന്ന് ഭൂരിഭാഗം പേരും പറഞ്ഞു.
അതേസമയം, 29 ശതമാനം പേര്‍ തങ്ങളുടെ ബജറ്റിനുള്ളില്‍ തുടരുകയോ സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുകയോ ചെയ്യുമെന്ന് വ്യക്തമാക്കി. ഇവരില്‍ ഭൂരിഭാഗവും 50 വയസ്സിന് മുകളിലുള്ളവരാണ്. മറ്റൊരു 25 ശതമാനം ഉപഭോക്താക്കള്‍ വില ഇനിയും ഉയര്‍ന്നാല്‍ ഫോണ്‍ വാങ്ങല്‍ നീട്ടിവയ്ക്കുമെന്ന് അറിയിച്ചു. നിലവിലെ ഫോണ്‍ കൂടുതല്‍ കാലം ഉപയോഗിക്കുകയോ പഴയ ഫോണ്‍ നന്നാക്കുകയോ ചെയ്യാനാണ് ഇവരുടെ തീരുമാനം.
സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കുന്നതില്‍ വലിയ വര്‍ധന ഉണ്ടായതോടെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ ഫീച്ചറുകളെയും അനുഭവങ്ങളെയും കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ട്. വില വര്‍ധന ഉപഭോക്താക്കളുടെ വാങ്ങല്‍ തീരുമാനങ്ങളില്‍ മാറ്റം വരുത്തുന്നുണ്ടെങ്കിലും, പ്രത്യേകിച്ച് മിഡ്-പ്രീമിയം വിഭാഗത്തില്‍ ശക്തമായ ബ്രാന്‍ഡ് സ്വാധീനമുള്ള കമ്പനികള്‍ക്ക് ഇത് അവസരമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
2026ലെ ഉത്സവകാല വില്‍പ്പനയില്‍ വിലക്കുറവ്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ഫിനാന്‍സിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ ഉപഭോക്തൃ സൗഹൃദ ഓഫറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്ന് പഠനം വിലയിരുത്തുന്നു.
വില വര്‍ധനയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തില്‍ റീട്ടെയിലര്‍മാരുടെ പങ്ക് കൂടുതല്‍ നിര്‍ണായകമാകുന്നുണ്ട്. ഇവരുടെ വില്‍പ്പനയ്ക്ക് ശേഷമുള്ള മികച്ച സേവനങ്ങളും സൗകര്യപ്രദമായ പേയ്മെന്റ് ഓപ്ഷനുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും കൗണ്ടര്‍പോയിന്റ് ചൂണ്ടിക്കാട്ടി.
Content Highlights: Nearly half of smartphone buyers are willing to pay more for their preferred device despite rising prices, while others are choosing refurbished phones or delaying upgrades, a Counterpoint Research survey found