

ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി. മികച്ച ഫോമിലുള്ള ഫോര്‍വേഡ് ഇസ്മായില്‍ സായ്ബാരി ഫ്രാന്‍സിനെതിരെ കളിക്കില്ല. എങ്കിലും സെമി ഫൈനലെന്ന ചരിത്രനേട്ടത്തിലേക്ക് കുതിക്കാന്‍ മൊറോക്കായ്ക്കാവുമെന്ന് മുഖ്യ പരിശീലകന്‍ മുഹമ്മദ് ഔവാഹ്ബി വ്യക്തമാക്കി. കാനഡയ്ക്കെതിരായ മൊറോക്കോയുടെ മത്സരത്തിനിടെയാണ് സായ്ബാരിക്ക് പേശിക്ക് പരിക്കേറ്റത്. ഫ്രാന്‍സിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സുഖം പ്രാപിക്കാന്‍ സാധിക്കില്ലെന്നാണ് മൊറോക്കോ ഫുട്‌ബോള്‍ മാനേജ്‌മെന്റ് പറയുന്നത്.
'അദ്ദേഹം കളിക്കാന്‍ സജ്ജനായിട്ടില്ല, എന്നാല്‍ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ യാത്ര ഇവിടെ അവസാനിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' ഔവാഹ്ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നുമത്സരങ്ങളിലും ഗോളടിച്ച സയ്ബാരി, പ്രീ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയുള്ള ഷൂട്ടൗട്ടില്‍ നിര്‍ണ്ണായക പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ചിരുന്നു. തന്റെ പ്രധാന ആക്രമണ നിരയിലെ കളിക്കാരന്റെ അഭാവം ഉണ്ടെങ്കിലും, ടീമിനെ അവസാന എട്ടില്‍ എത്തിച്ച ശൈലിയില്‍ നിന്ന് മൊറോക്കോ മാറില്ലെന്ന് ഔവാഹ്ബി പറഞ്ഞു. മത്സരത്തിനായുള്ള ഒരുക്കങ്ങളില്‍ അതിശയങ്ങളൊന്നും ഉണ്ടാകില്ലെന്നും തങ്ങള്‍ക്ക് എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്ത് കൈവശമുള്ളപ്പോള്‍ ഫ്രാന്‍സിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
2022 ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലില്‍ മൊറോക്കോയുടെ സ്വപ്നക്കുതിപ്പ് ഫ്രാന്‍സ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇരു ടീമുകളും ഏറെ മാറിയിട്ടുണ്ടെന്ന് ഔവാഹ്ബി പറഞ്ഞു. 'ഓരോ മത്സരവും വ്യത്യസ്തമാണ്, അതിന്റേതായ പശ്ചാത്തലവും ചരിത്രവുമുണ്ട്. ഇത് 2022 പോലെയാകില്ല,' -അദ്ദേഹം പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത് കൊണ്ട് മാത്രം കളിക്കാര്‍ തൃപ്തരാകരുത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കളിയില്‍ ഒരുപക്ഷെ, ഫ്രാന്‍സിനായിരിക്കാം മുന്‍തൂക്കം, എന്നാല്‍ ജയിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും. ഈ ഘട്ടത്തില്‍ എത്തുക എന്നതല്ല ബോണസ്, ലോകകപ്പ് നേടുക എന്നതാണ് യഥാര്‍ത്ഥ ബോണസ്,' -ഔവാഹ്ബി പറഞ്ഞു.
അഞ്ച് മത്സരങ്ങളും വിജയിച്ച മികച്ച ഫോമിലാണ് ഫ്രാന്‍സ്. കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബെലെ, മൈക്കല്‍ ഒലിസെ, ബ്രാഡ്ലി ബാര്‍കോള എന്നിവരടങ്ങുന്ന ശക്തമായ മുന്നേറ്റനിരയുമായാണ് ഫ്രാന്‍സ് വരുന്നത്. കഴിഞ്ഞ ജനുവരിയിലെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫൈനലിന് ശേഷം 10 മത്സരങ്ങളില്‍ തോല്‍വിയറിയാത്ത മൊറോക്കോ, ചരിത്രത്തിലാദ്യമായി ഫ്രാന്‍സിനെ തോല്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മത്സരത്തിലെ വിജയികള്‍ സെമി ഫൈനലില്‍ സ്‌പെയിനെയോ ബെല്‍ജിയത്തെയോ നേരിടും.
content highlights: Ismael Saibari ruled out, will miss the quarterfinal against France; Major concern for Morocco