

ഇറാനെതിരായ ഉപരോധങ്ങളില്‍ ഓഗസ്റ്റിന് ശേഷവും യുഎസ് ഇളവ് നീട്ടിയാല്‍ ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ തയ്യാറായി ഇന്ത്യന്‍ പൊതുമേഖല എണ്ണ റിഫൈനറികള്‍. ഇളവ് നീട്ടുകയോ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുകയോ ചെയ്താല്‍ മാത്രമേ എണ്ണ വാങ്ങല്‍ സാധ്യമാകുകയുള്ളൂ. ഇതിനായി ഇറാനിയന്‍ ക്രൂഡ് വിപണനം നടത്തുന്ന വ്യാപാരികളുമായി ഇന്ത്യന്‍ കമ്പനികള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
എന്നാല്‍, ഓഗസ്റ്റ് വരെയുള്ള ക്രൂഡ് ഓയില്‍ ചരക്കുകള്‍ മുന്‍കൂട്ടി കരാറാക്കിയതിനാല്‍ ഉടന്‍ തന്നെ ഇറാനിയന്‍ എണ്ണ വാങ്ങാന്‍ കമ്പനികള്‍ക്ക് സാധിക്കില്ല. പശ്ചിമേഷ്യയിലെ സംഘര്‍ഷകാലത്ത് വിതരണ തടസ്സം ഉണ്ടാകുമെന്ന ആശങ്കയില്‍ റിഫൈനറികള്‍ മുന്‍കൂട്ടി ചരക്കുകള്‍ ഉറപ്പാക്കിയിരുന്നു. എങ്കിലും, ഇറാനിയന്‍ ക്രൂഡിന് വലിയ വിലക്കിഴിവ് ലഭിച്ചാല്‍ ചരക്കുകള്‍ വാങ്ങിയേക്കുമെന്നാണ് വിവരം. യുഎസ് ഇളവ് നീട്ടിയാല്‍ ഭാവിയിലും ഇറാനിയന്‍ എണ്ണ ലഭ്യമാക്കുന്നതിനാണ് നിലവില്‍ ചര്‍ച്ചകള്‍ നടത്തുന്നത്.
വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പല്‍ ഗതാഗതം സാധാരണ നിലയിലായതോടെ പശ്ചിമേഷ്യന്‍ ക്രൂഡിന്റെ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇതോടെ ഉപരോധത്തിന് വിധേയമല്ലാത്ത മറ്റ് എണ്ണ ഗ്രേഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറാനിയന്‍ എണ്ണയുടെ വിലക്കിഴിവ് കുറഞ്ഞതും ഇറാന് വരുമാന നഷ്ടമുണ്ടാക്കി.
ക്രൂഡ് വാങ്ങുന്ന രാജ്യങ്ങളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ ഈ ആഴ്ച 2000ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഔദ്യോഗിക വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, 2023 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ റഷ്യയുടെ യുറാല്‍സ് ക്രൂഡിന് കൂടുതല്‍ വിലക്കിഴിവ് ലഭിക്കുന്നതിനാല്‍ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണയാണ് ഇപ്പോഴും കൂടുതല്‍ ആകര്‍ഷകമാകുന്നത്.
വിവരങ്ങള്‍ പ്രകാരം, ഇറാനിയന്‍ ക്രൂഡ് ബ്രെന്റ് ക്രൂഡിനേക്കാള്‍ ബാരലിന് 45 ഡോളര്‍ വിലക്കിഴിവിലാണ് ലഭിക്കുന്നത്. അതേസമയം, റഷ്യയുടെ യുറാല്‍സ് ക്രൂഡിന് ബാരലിന് ഏകദേശം 6 ഡോളറിന്റെ വിലക്കിഴിവാണ് ലഭിക്കുന്നത്.
2018ല്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം 10 ശതമാനം ഇറാനില്‍ നിന്നായിരുന്നു. എന്നാല്‍ യുഎസ് ഉപരോധങ്ങള്‍ നിലവില്‍ വന്നതോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചിരുന്നു. അതേസമയം, 2025 ജൂണില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 27 ലക്ഷം ബാരല്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തി. ജൂലൈയിലും ഇത് ശരാശരി 26 ലക്ഷം ബാരല്‍ ആയിരിക്കുമെന്നാണ് കണക്കുകള്‍.
സെപ്റ്റംബര്‍ മാസത്തെ ക്രൂഡ് ഓയില്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ റിഫൈനറികള്‍ അടുത്ത ആഴ്ചകളില്‍ ആരംഭിക്കും. ഇറാനും യുഎസും തമ്മിലുള്ള സ്ഥിര സമാധാന ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തിയ ശേഷമായിരിക്കും ഇറാനിയന്‍ എണ്ണ വാങ്ങുന്നതില്‍ അന്തിമ തീരുമാനം എടുക്കുക.
കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് എനര്‍ജി ഉച്ചകോടിക്കിടെ, ഇറാന്റെ പെട്രോളിയം മന്ത്രി മൊഹ്സന്‍ പാക്നേജാദ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഊര്‍ജ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.
Content Highlights: India's state-run refiners are preparing to source Iranian crude if the US extends sanctions waivers beyond August, but cheaper Russian oil and existing supply contracts are likely to keep immediate purchases limited