

ചെന്നൈ: കമൽ ഹാസൻ മികച്ച ഒരു നടനും സംവിധായകനും മാത്രമല്ല, അതീവ ബുദ്ധിശാലിയായ ഒരു ബിസിനസ്സുകാരൻ കൂടിയാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നിർമ്മാതാവ് എച്ച്. മുരളി. സിനിമകളിൽ നിന്നും വൻ തുക നേരിട്ട് പ്രതിഫലമായി വാങ്ങുന്നതിന് പകരം ലാഭവിഹിതം പങ്കുവെക്കുന്ന പുതിയ രീതികൾ 90-കളിൽ തന്നെ കമൽ ഹാസൻ പരീക്ഷിച്ചിരുന്നു. 1996-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'അവ്വൈ ഷണ്മുഖി'ക്ക് വേണ്ടി 1.5 കോടി രൂപയുടെ പ്രതിഫലം വേണ്ടെന്നുവെച്ച്, പകരം മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം ഏറ്റെടുത്തതുവഴി കമൽ ഹാസൻ അക്കാലത്ത് നേടിയത് അഞ്ച് കോടി രൂപയുടെ വൻ ലാഭമാണെന്നാണ് എച്ച് മുരളി വ്യക്തമാക്കുന്നത്.
പ്രമുഖ മാധ്യമപ്രവർത്തകനും സംവിധായകനുമായ ചിത്ര ലക്ഷ്മണന്റെ യൂട്യൂബ് ചാനലായ 'ടൂറിംഗ് ടാക്കീസി'ൽ നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവ് എച്ച് മുരളി കമല്‍ഹാസന്റെ ബിസിനസ് ബുദ്ധിവെളിപ്പെടുത്തുന്നത്. കെ എസ് രവികുമാർ സംവിധാനം ചെയ്ത 'അവ്വൈ ഷണ്മുഖി'യുടെ ചർച്ചകൾ നടക്കുന്ന സമയത്ത് കമൽ ഹാസൻ ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. 1.5 കോടി രൂപയായിരുന്നു അന്ന് ഇന്ത്യന് വേണ്ടി കമൽ വാങ്ങിയ പ്രതിഫലം. ഈ തുക അവ്വൈ ഷണ്മുഖിക്ക് പ്രതിഫലമായി നൽകുക, അല്ലെങ്കിൽ തമിഴ്‌നാടിന് പുറത്തുള്ള നാല് മേഖലകളിലെ (കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന) വിതരണാവകാശം തനിക്ക് നൽകുക എന്ന രണ്ട് ഓപ്ഷനുകൾ കമൽ ഹാസൻ നിർമ്മാതാവായ മുരളിക്ക് മുന്നിൽ വെച്ചു.
അക്കാലത്ത് വലിയ തുക വായ്പയെടുത്ത് കമലിന് പ്രതിഫലം നൽകിയാൽ അതിനുണ്ടാകുന്ന പലിശയും സാമ്പത്തിക ബാധ്യതയും ആലോചിച്ച് മുരളി പ്രതിഫലത്തിന് പകരം നാല് സംസ്ഥാനങ്ങളിലെ വിതരണാവകാശം കമലിന് നൽകാൻ തീരുമാനിക്കുകയായിരുന്നു.
സിനിമ റിലീസ് തിയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. കമൽ ഹാസൻ തന്നെ നേരിട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും വിതരണം കൈകാര്യം ചെയ്തു.
കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ചിത്രം മാറിയതോടെ, കമൽ ഹാസന് ആ ചിത്രത്തില്‍ നിന്ന് മാത്രം ലഭിച്ചത് 5 കോടി രൂപയാണ്. അതായത് വാങ്ങാനിരുന്ന പ്രതിഫലത്തിന്റെ മൂന്നിരട്ടിയിലധികം തുക. ഈ ബിസിനസ്സ് തന്ത്രം നിർമ്മാതാവിനും വലിയ ആശ്വാസമായി മാറി. വൻ തുക കടമെടുത്ത് പലിശ നൽകേണ്ടി വന്നില്ല എന്ന് മാത്രമല്ല, സാധാരണയായി മറ്റ് വിതരണക്കാർക്ക് പോകുമായിരുന്ന ലാഭമാണ് കമൽ ഹാസന് ലഭിച്ചത്. ഈ വിജയ സൂത്രവാക്യം പിന്നീട് സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത 'കാതല കാതല' (1998) എന്ന ചിത്രത്തിലും കമൽ ആവർത്തിക്കുകയും വലിയ ലാഭം നേടുകയും ചെയ്തു.
റോബിൻ വില്യംസ് തകർത്തഭിനയിച്ച 'മിസിസ് ഡൗട്ട്ഫയർ' എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച അവ്വൈ ഷണ്മുഖിയിൽ മീന, ജെമിനി ഗണേശൻ, നാഗേഷ്, മണിവണ്ണൻ, നാസർ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഈ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ഒരു വർഷം കഴിഞ്ഞ് കമൽ ഹാസൻ തന്നെ ഈ ചിത്രം 'ചാച്ചി 420' എന്ന പേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്യുകയും സംവിധാനം ചെയ്യുകയും ചെയ്തു. തബു, അമരീഷ് പുരി, ഓം പുരി, പരേഷ് രാവൽ തുടങ്ങിയ വൻ താരനിരയാണ് ഹിന്ദി പതിപ്പിൽ അണിനിരന്നത്.
Content Highlights: Kamal Haasan reportedly turned a ₹1.5 crore opportunity into earnings of around ₹5 crore through a strategic business decision during the production and distribution of Avvai Shanmugi. The episode is often cited as an example of his business acumen, highlighting how smart rights management and revenue planning can significantly increase profits in the film industry.