സർക്കാർ ജീവനക്കാർക്കും പെന്‍ഷന്‍കാർക്കും ഓണ സമ്മാനം? 2% ഡിഎ ഓഗസ്റ്റിലെ സാലറിക്കൊപ്പം ലഭിച്ചേക്കും

ഒരു ഗഡു ഡിഎ അനുവദിക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് പ്രതിമാസം 60 കോടി രൂപയുടെ അധിക ബാധ്യത

സർക്കാർ ജീവനക്കാർക്കും പെന്‍ഷന്‍കാർക്കും ഓണ സമ്മാനം? 2% ഡിഎ ഓഗസ്റ്റിലെ സാലറിക്കൊപ്പം ലഭിച്ചേക്കും
dot image

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്ത (DA) പ്രഖ്യാപിക്കാൻ സർക്കാർ നീക്കം. നിലവിൽ കുടിശ്ശികയുള്ള ഡി.എ ഗഡുക്കളിൽ 2 ശതമാനം അനുവദിക്കാനാണ് ധനവകുപ്പിന്റെ ആലോചന. വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം ഈ തുക ജീവനക്കാർക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ വർഷം ഓഗസ്റ്റ് അവസാന വാരമാണ് ഓണം വരുന്നത് എന്നതിനാൽ, ജീവനക്കാർക്ക് നേരത്തെ ശമ്പളവും ഉത്സവകാല ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള ഒരുക്കങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റിലെ ശമ്പള ബില്ലുകൾ നേരത്തെ പ്രോസസ്സ് ചെയ്ത്, ഓണവിപണി സജീവമാകുന്നതിന് തൊട്ടുമുൻപ് തന്നെ ഈ അധിക തുക ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ഒരു ഗഡു ഡിഎ അനുവദിക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് പ്രതിമാസം 60 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും, ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദവും ഓണക്കാലത്തെ ചെലവുകളും മുൻനിർത്തിയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അടുത്ത ദിവസങ്ങളിൽ തന്നെ പുറത്തിറങ്ങും.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ വർദ്ധനവിന് ആനുപാതികമായി സംസ്ഥാന ജീവനക്കാർക്കും കൃത്യസമയത്ത് ഡി.എ അനുവദിക്കേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കേരളത്തിൽ ഡി.എ ഗഡുക്കൾ അനുവദിക്കുന്നത് വൈകിയിരുന്നു. നിലവിൽ ജീവനക്കാർക്ക് വലിയ തോതിൽ ഡിഎ കുടിശ്ശികയുണ്ട്. അതുകൊണ്ടുതന്നെ, ഇപ്പോൾ പ്രഖ്യാപിക്കുന്ന 2% ഒരു പരിധിവരെ ജീവനക്കാർക്ക് ആശ്വാസമാകുമെങ്കിലും കുടിശ്ശിക പൂർണ്ണമായി തീർക്കാൻ ഇനിയും ഗഡുക്കൾ അനുവദിക്കേണ്ടതുണ്ട്.

Content Highlights: Government employees and pensioners may receive a 2% increase in Dearness Allowance along with the August salary ahead of Onam. If approved, the move would provide additional financial relief to employees and pensioners during the festive season, though the final decision and official announcement are awaited.

dot image
To advertise here,contact us
dot image