

ന്യൂഡൽഹി: വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്വർണ്ണാഭരണങ്ങളും നാണയങ്ങളും വഴി പലിശ വരുമാനം നേടാൻ പൊതുജനങ്ങൾക്ക് പുതിയ അവസരമൊരുങ്ങുന്നു. കേന്ദ്ര സർക്കാർ 2015-ൽ അവതരിപ്പിച്ച 'ഗോൾഡ് മോണിറ്റൈസേഷൻ സ്കീം' (GMS) വൻ മാറ്റങ്ങളോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പരിഷ്കരിച്ച് പ്രഖ്യാപിച്ചേക്കുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതിയ പരിഷ്കാരം അനുസരിച്ച് ബാങ്കുകൾക്ക് പുറമെ രാജ്യത്തെ അംഗീകൃത ജ്വല്ലറികൾ വഴിയും ജനങ്ങൾക്ക് തങ്ങളുടെ സ്വർണം നിക്ഷേപിക്കാനാകും. ഇന്ത്യൻ വീടുകളിൽ വെറുതെ കിടക്കുന്ന ആയിരക്കണക്കിന് ടൺ സ്വർണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുക, വിദേശത്തുനിന്നുള്ള സ്വർണ്ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്.
ലോക്കറുകളിലും വീടുകളിലും ഇരിക്കുന്ന സ്വർണം ബാങ്കുകളിൽ നിക്ഷേപമായി സ്വീകരിക്കുന്ന പദ്ധതിയാണിത്. നിങ്ങൾ നൽകുന്ന സ്വർണം പരിശോധിച്ച്, ഉരുക്കി, സ്വർണ്ണക്കട്ടികളാക്കി (Gold Bars) മാറ്റുകയും, ഈ സ്വർണ്ണത്തിന്റെ മൂല്യത്തിന്മേൽ ബാങ്ക് കൃത്യമായ പലിശ നൽകുകയും ചെയ്യും. നിക്ഷേപ കാലാവധി കഴിയുമ്പോൾ, നിങ്ങളുടെ താല്പര്യമനുസരിച്ച് ഒന്നുകിൽ ശുദ്ധമായ സ്വർണ്ണമായോ അല്ലെങ്കിൽ അന്നത്തെ വിപണി നിരക്കിലുള്ള പണമായോ ഈ നിക്ഷേപം തിരികെ വാങ്ങാവുന്നതാണ്.
ഇന്ത്യയിലെ വീടുകളിൽ ഏകദേശം 25,000 ടൺ സ്വർണം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് എങ്കിലും പദ്ധതി തുടങ്ങി പത്ത് വർഷമായിട്ടും കേവലം 38 ടൺ സ്വർണം മാത്രമാണ് ബാങ്കുകളിലേക്ക് എത്തിയത്. പാരമ്പര്യമായി കിട്ടിയ ആഭരണങ്ങൾ ഉരുക്കാനുള്ള ജനങ്ങളുടെ മടിയും, നികുതി നോട്ടീസ് വരുമോ എന്ന ഭയവും, ബാങ്കുകൾക്ക് ഇതിലുണ്ടായിരുന്ന കുറഞ്ഞ താല്പര്യവുമൊക്കെയാണ് പഴയ പദ്ധതി പരാജയപ്പെടാൻ കാരണമായത്.
പുതിയ മാറ്റ പ്രകാരം ജ്വല്ലറികളെ 'കളക്ഷൻ പാർട്ണർമാരാക്കുന്നതിലൂടെ' പദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തും. സാധാരണക്കാർക്ക് ബാങ്കുകളേക്കാൾ കൂടുതൽ വിശ്വാസവും അടുത്ത ബന്ധവുമുള്ളത് ജ്വല്ലറികളോടായതിനാലാണ് ഈ തീരുമാനം. ഇന്ത്യൻ വീടുകളിലെ സ്വർണ്ണത്തിന്റെ അഞ്ച് ശതമാനമെങ്കിലും ഇത്തരത്തിൽ ബാങ്കിംഗ് സിസ്റ്റത്തിലേക്ക് എത്തിക്കാൻ സാധിച്ചാൽ സമ്പദ്‌വ്യവസ്ഥയിൽ 90 ബില്യൺ ഡോളറിന്റെ പണലഭ്യതയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ലോക്കറുകളിൽ സൂക്ഷിച്ചാൽ വാടക കൊടുക്കേണ്ടി വരുന്ന സ്ഥാനത്ത്, സ്വർണം ബാങ്കിൽ വെച്ചാൽ പലിശ വരുമാനവും ഒപ്പം സുരക്ഷിതത്വവും ലഭിക്കുമെന്നത് പൊതുജനങ്ങൾക്കും വലിയ ലാഭമാകും. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാരോട് സ്വർണം വാങ്ങുന്നത് താല്ക്കാലികമായി മാറ്റിവെക്കാൻ അഭ്യർത്ഥിച്ചിരുന്നു. എങ്കിലും, സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ വൈകാരികമായ അടുപ്പവും ആഭരണങ്ങൾ ഉരുക്കുന്നതിലെ ആശങ്കകളും പുതിയ പദ്ധതിയിൽ സർക്കാർ എങ്ങനെ പരിഹരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ വിജയം. ധനവകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ ഇതിന്റെ പലിശ നിരക്കുകളെക്കുറിച്ചും മറ്റ് നിബന്ധനകളെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കും.
Content Highlights: The Gold Monetization Scheme enables individuals to deposit idle gold and earn returns instead of keeping it unused at home or paying locker charges. Through banks and authorised collection and testing centres, eligible gold can be deposited under the scheme, allowing holders to earn interest while helping bring privately held gold into the formal financial system.