

ഏഷ്യൻ രാജ്യങ്ങൾക്കായുള്ള ക്രൂഡ് ഓയിൽ വില കുറച്ച് സൗദി അറേബ്യ. സൗദി ഭരണകൂടത്തിന് കീഴിലുള്ള അരാംകോ ആണ് ഏഷ്യൻ രാജ്യങ്ങൾക്ക് വിതരണം ചെയ്യാനുള്ള എണ്ണയുടെ വില കുറച്ചത്. ബാരലിന് 11 ഡോളറാണ് നിലവില്‍ കുറച്ചിരിക്കുന്നത്. ഇറാൻ-യുഎസ് യുദ്ധം അവസാനിച്ചതോടെയും പശ്ചിമേഷ്യ സാധാരണ ഗതിയിൽ ആയതോടെയുമാണ് സൗദി വില വലിയ തോതില്‍ കുറയ്ക്കാൻ തയ്യാറായതെന്നതാണ് ശ്രദ്ധേയം. 2003 മുതലുള്ള റോയിട്ടേഴ്‌സ് ഡാറ്റ പ്രകാരം, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച ഏറ്റവും വലിയ വിലക്കുറവാണിത്. ജൂൺ 2020ന് മുൻപുണ്ടായിരുന്ന വിലയിലേക്കാണ് ഇപ്പോൾ സൗദി തങ്ങളുടെ എണ്ണവില എത്തിച്ചിരിക്കുന്നത്.
വിദഗ്ധർ കരുതിയിരുന്നതിനേക്കാൾ വലിയ വിലക്കുറവാണ് സൗദി നൽകിയിരിക്കുന്നത്. ഗൾഫ് മേഖലയിലെ എണ്ണ ഉത്പാദക രാജ്യങ്ങൾ അവരുടെ ഉത്പാദനം കൂട്ടിയതും ഗുണമായി. കയറ്റുമതി സാധാരണ നിലയിലാകുന്നതോടെ ഏഷ്യൻ റിഫൈനറികൾക്ക് പശ്ചിമേഷ്യയിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ജൂലൈ അഞ്ചിന് ചേർന്ന ഒപെക് പ്ലസ് രാജ്യങ്ങൾ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്നും ആഗോള ഊർജ്ജ വിപണി സാവധാനം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടായ്മ ഉത്പാദനം വർധിപ്പിക്കാന്‍ നോക്കുന്നത്. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ ഏഴ് പ്രമുഖ അംഗരാജ്യങ്ങൾ വരും മാസങ്ങളിൽ പ്രതിദിനം 1,88,000 ബാരൽ എണ്ണ അധികമായി ഉൽപ്പാദിപ്പിക്കുമെന്ന് ഞായറാഴ്ച ചേർന്ന വെർച്വൽ യോഗത്തിന് ശേഷം സംഘടന അറിയിച്ചു.
ആഗോള വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഓഗസ്റ്റ് മുതൽ ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. തുടർച്ചയായ അഞ്ചാം മാസമാണ് ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിക്കുന്നത്. 2023-ൽ പ്രഖ്യാപിച്ച ഉൽപ്പാദന നിയന്ത്രണങ്ങൾ ഘട്ടഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മുൻപ് ബാങ്ക് തകർച്ചകളെ തുടർന്ന് എണ്ണവില കുത്തനെ ഇടിഞ്ഞപ്പോഴായിരുന്നു ഒപെക് പ്ലസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
വിപണിയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും, ആവശ്യാനുസരണം ഉൽപ്പാദനത്തിൽ മാറ്റങ്ങൾ വരുത്താനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം നിലനിർത്തുമെന്നും സംഘടന വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ഓഗസ്റ്റ് 2-ന് അംഗരാജ്യങ്ങൾ വീണ്ടും യോഗം ചേരും. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്നിരുന്നെങ്കിലും, ഇറാൻ സംഘർഷം ശാശ്വതമായി അവസാനിക്കുമെന്ന പ്രതീക്ഷകൾ ശക്തമായതോടെ വില യുദ്ധത്തിന് മുൻപുള്ള നിരക്കുകളിലേക്ക് താഴ്ന്നു.
Content Highlights: Saudi Arabia has reduced crude oil prices for Asian buyers. State-owned Saudi Aramco lowered the official selling prices for crude supplied to Asian markets, a move closely watched by the global energy and oil industry.