'CONGRESS-CPIM സഖ്യം തുടങ്ങാൻ തിരുവനന്തപുരം തെരഞ്ഞെടുത്തതിൽ സന്തോഷം, BJP കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും'

ഭരണത്തില്‍ എത്തിയപ്പോള്‍ത്തന്നെ ആറുമാസത്തിലൊരിക്കല്‍ ഇത്തരത്തിലുള്ള അവിശ്വാസപ്രമേയങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും വി വി രാജേഷ്

'CONGRESS-CPIM സഖ്യം തുടങ്ങാൻ തിരുവനന്തപുരം തെരഞ്ഞെടുത്തതിൽ സന്തോഷം, BJP കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും'
dot image

തിരുവനന്തപുരം: നഗരസഭയില്‍ ബിജെപിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന റിപ്പോർട്ടുകളില്‍ പ്രതികരിച്ച് മേയര്‍ വി വി രാജേഷ്. ഭരണം നഷ്ടപ്പെട്ട എല്‍ഡിഎഫിന്റെ വിഷമം മനസ്സിലാക്കാമെന്നും എന്നാല്‍ യുഡിഎഫ് സങ്കടപ്പെടുന്നത് എന്തിനാണെന്നും വി വി രാജേഷ് ചോദിച്ചു.

ഭരണത്തില്‍ എത്തിയപ്പോള്‍ തന്നെ ആറുമാസത്തിലൊരിക്കല്‍ ഇത്തരത്തിലുള്ള അവിശ്വാസപ്രമേയങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ജനാധിപത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ നിയമപരമായി അനുവദിക്കപ്പെട്ടതാണെന്നും പറഞ്ഞ വി വി രാജേഷ് വളരെ പോസിറ്റീവായി ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡ്യ മുന്നണി പോലെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ്-സിപിഐഎം സഖ്യശക്തി രാഷ്ട്രീയം നടക്കുകയാണ്. കേരളത്തില്‍ സഖ്യം തുടങ്ങാന്‍ തിരുവനന്തപുരം തെരഞ്ഞെടുത്തതില്‍ സന്തോഷം. ഇരുവരും ഒന്നിച്ചാല്‍ പിണറായി വിജയന്റെ പ്രതിപക്ഷ കസേര ബി ബി ഗോപകുമാറിന് കൊടുക്കണം. പിന്നെ സിപിഐഎം അവിടെ ഇരിക്കുന്നതില്‍ കാര്യം ഇല്ലല്ലോയെന്നും മേയര്‍ പരിഹസിച്ചു.

'ശബരീനാഥ് ആന്തൂറിയം പൂ നല്‍കുമ്പോള്‍ എസ് പി ദീപക് അവലോസ് ഉണ്ട നല്‍കുക എന്നതായിരുന്നു ഡീല്‍. ഇപ്പോള്‍ ശബരീനാഥന്‍ ആന്തൂറിയം പൂവുമായി നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ദീപക് അവിലോസ് ഉണ്ട നല്‍കുന്നുമില്ല', അദ്ദേഹം പരിഹസിച്ചു.
മുന്‍ മന്ത്രി നല്‍കാന്‍ പറയുന്നു, വി ജോയ് വേണ്ടെന്ന് പറയുന്നു. ഇതാണ് നിലവില്‍ ഇവിടത്തെ സ്ഥിതി. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്നാണ് സിപിഐഎം കരുതുന്നതെങ്കില്‍ ജനങ്ങള്‍ മറുപടി നല്‍കും. ബിജെപി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും മേയര്‍ വി വി രാജേഷ് വ്യക്തമാക്കി.

അടിയന്ത കൗണ്‍സില്‍ ചേരാന്‍ നല്‍കിയ കത്തിലും മേയര്‍ പ്രതികരിച്ചു. രണ്ട് പാര്‍ട്ടിക്കാരും കത്ത് നല്‍കിയിരുന്നു. മുന്‍സിപ്പല്‍ ആക്ട് പ്രകാരം വേണ്ട ഒപ്പ്, തന്ന കത്തുകളില്‍ ഇല്ല. ഒരേ ലെറ്റര്‍ ഹെഡില്‍ എണ്ണം തികച്ച് തന്നാല്‍ പരിഗണിക്കും. അത് അവര്‍ക്കും അറിയാമെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.

ജനരോഷത്തെ ഭയന്നാണ് അവിശ്വസ പ്രമേയത്തില്‍ നിന്ന് സിപിഐഎം പിന്മാറിയതെന്ന് കരമന ജയന്‍ ആരോപിച്ചു. ഭരണത്തെ തള്ളി ഇടാമെന്ന് കരുതിയവര്‍ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ഒരുമിച്ച് നിന്നാല്‍ പോലും അവിശ്വാസം കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയില്ല. എന്തിനാണ് എല്‍ഡിഎഫ് ഇങ്ങനെ ഭയക്കുന്നതെന്നും കരമന ജയന്‍ ചോദിച്ചു. ശബരീനാഥന്‍ അവിശ്വാസം കൊണ്ടുവരുന്നത് സ്‌പേസ് കിട്ടാനാണ്. ബിജെപിയെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. അഞ്ചുവര്‍ഷം ഭരിക്കാന്‍ അനുവദിക്കില്ല എന്നുള്ള വാശി എന്തിനാണെന്നും കരമന ജയന്‍ ചോദിച്ചു.

എന്താണ് എല്‍ഡിഎഫും യുഡിഎഫും ഭയക്കുന്നത്? ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് വി ശിവന്‍കുട്ടി പറയുന്നു. എല്‍ഡിഎഫിനെ ജനങ്ങള്‍ തൂത്തെറിഞ്ഞതാണ്. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചപ്പോഴാണ് ബിജെപി വന്നത്. വിളക്കെടുക്കുന്നതില്‍ പോലും അഴിമതി നടത്തിയ 45 വര്‍ഷത്തെ ഭരണത്തിലെ അഴിമതി പുറത്ത് കൊണ്ട് വരും. അഞ്ചുവര്‍ഷം കഴിഞ്ഞാലും ബിജെപി വീണ്ടും ഭരണത്തില്‍ വരും. എല്‍ഡിഎഫ് അഴിമതി നടത്തി എന്ന വ്യക്തമായ തെളിവുണ്ട്. അഴിമതിക്കാരല്ല എന്ന് ആദ്യം തെളിയിക്കെന്നും അദ്ദേഹം വെല്ലുവിളിച്ചു.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ വിളിക്കേണ്ട സമയത്ത് വിളിക്കും. കൗണ്‍സില്‍ വിളിക്കാന്‍ ഭയക്കേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. തിരുവനന്തപുരത്ത് നടക്കുന്നത് കൃത്യമായ ഭരണമാണ്. ഭരണസ്തംഭനം ഉണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷം പുക മറ സൃഷ്ടിക്കുകയാണെന്നും കരമന ജയന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് വി ശിവൻകുട്ടിയും പ്രതികരിച്ചു. ബിജെപിയുടെ ബി ടീമായി യുഡിഎഫ് മാറി. നഗരസഭ പൂർണ ഭരണസ്തംഭനത്തിലാണ്. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ബിജെപിയെ രക്ഷിക്കാനുള്ള നാടകമാണ്.

ബിജെപിയുടെ ഭരണ പരാജയം മറച്ചുവെക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. ബിജെപിയും യുഡിഎഫും തമ്മിൽ 'ഡീൽ' ഉണ്ട്

തിരുവനന്തപുരം നഗരസഭയിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

Content Highlights: Mayor VV Rajesh Reacts to UDF No-Confidence Motion in Thiruvananthapuram Corporation

dot image
To advertise here,contact us
dot image