

അടിയന്തിര ആവശ്യങ്ങളില്‍ പെട്ടന്ന് പണം ലഭിക്കാന്‍ ബാങ്ക് വായ്പെയടുക്കാന്‍ ആലോചിക്കുന്നവരാണ് പലരും. എന്നാല്‍ ഒരു പിപിഎഫ് അക്കൗണ്ട് ഉണ്ടെങ്കില്‍ കുറഞ്ഞ ചെലവില്‍ വായ്പ നേടാമെന്ന് പലര്‍ക്കും അറിയില്ല. സാധാരണയായി പേഴ്‌സണല്‍ ലോണ്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പകരം, പിപിഎഫ് അക്കൗണ്ടില്‍ നിന്ന് വളരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കാവുന്നതാണ്.
പിപിഎഫ് ലോണ്‍ എപ്പോള്‍ ലഭിക്കും?
അക്കൗണ്ട് ആരംഭിച്ച ഉടന്‍ പിപിഎഫ് ലോണ്‍ ലഭ്യമല്ല. മൂന്നാം സാമ്പത്തിക വര്‍ഷം മുതല്‍ ആറാം സാമ്പത്തിക വര്‍ഷം അവസാനം വരെ മാത്രമാണ് വായ്പ ലഭിക്കുക. ഉദാഹരണത്തിന്, 2023-24ല്‍ അക്കൗണ്ട് തുറന്നാല്‍ 2025-26 മുതല്‍ 2028-29 വരെ ലോണിന് അപേക്ഷിക്കാം.
എത്ര തുക ലഭിക്കും?
അക്കൗണ്ടിലെ ഇപ്പോഴത്തെ ബാലന്‍സിനെ അടിസ്ഥാനമാക്കിയല്ല വായ്പ നിശ്ചയിക്കുന്നത്. പകരം, അപേക്ഷിക്കുന്നതിനുമുമ്പുള്ള രണ്ടാമത്തെ സാമ്പത്തിക വര്‍ഷാവസാനത്തിലെ ബാലന്‍സിന്റെ 25% വരെ മാത്രമാണ് വായ്പയായി ലഭിക്കുക.
എന്തുകൊണ്ട് ചെലവുകുറവ്?
പിപിഎഫ് പലിശ നിരക്കിനോട് ബന്ധിപ്പിച്ച കുറഞ്ഞ പലിശയാണ് ഈ വായ്പയ്ക്ക് ലഭിക്കുക. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ പേഴ്‌സണല്‍ ലോണ്‍ പോലുള്ള വായ്പകളേക്കാള്‍ ചെലവ് കുറവാണ്. സ്വന്തം നിക്ഷേപം തന്നെ അടിസ്ഥാനമാക്കിയതിനാല്‍ എളുപ്പത്തില്‍ ലഭ്യമാകും.
ലോണ്‍ ലഭിച്ച ശേഷം 36 മാസത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍ തുക തിരിച്ചടക്കണം. തുടര്‍ന്ന് പലിശയും അടയ്ക്കണം. സമയത്ത് തിരിച്ചടച്ചില്ലെങ്കില്‍ ഉയര്‍ന്ന പലിശ ബാധകമാകും. നിലവിലുള്ള ലോണ്‍ പൂര്‍ണ്ണമായി അടച്ചശേഷം മാത്രമേ പുതിയ ലോണ്‍ ലഭിക്കൂ. പിപിഎഫ് ലോണ്‍ എല്ലാ സാഹചര്യങ്ങള്‍ക്കും മികച്ചതല്ല എങ്കിലും, അടിയന്തര സാഹചര്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ പണം ലഭിക്കാനുള്ള ഒരു നല്ല മാര്‍ഗമാണ്.
Content Highlights: PPF account holders can avail a low-cost loan against their savings between the 3rd and 6th financial year of account opening, making it a cheaper alternative to personal loans or credit cards for short-term financial needs