ഇന്ധനവില വര്‍ധന ബാധിച്ചില്ല, ഗ്രാമീണ ആവശ്യകത കൂടി; മേയില്‍ വാഹന റീട്ടെയില്‍ വില്‍പ്പന 25.3 ലക്ഷം യൂണിറ്റായി

ഇരുചക്ര വാഹന വിഭാഗത്തില്‍, ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടര്‍ന്നുണ്ടായ വിലക്കുറവും വിവാഹ സീസണിലെ വാങ്ങലുകളും വില്‍പ്പന വര്‍ധിപ്പിച്ചു

ഇന്ധനവില വര്‍ധന ബാധിച്ചില്ല, ഗ്രാമീണ ആവശ്യകത കൂടി; മേയില്‍ വാഹന റീട്ടെയില്‍ വില്‍പ്പന 25.3 ലക്ഷം യൂണിറ്റായി
dot image

ഇന്ധനവില വര്‍ധനയുടെ ആശങ്കകള്‍ക്കിടയിലും കുതിച്ചുയര്‍ന്ന് മേയ് മാസത്തെ വാഹന വില്‍പ്പന. കാറുകള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയ്ക്കുള്ള ഗ്രാമീണ മേഖലയിലെ ആവശ്യകത ശക്തമായതോടെയാണ് വില്‍പ്പന ഉയര്‍ന്നത്. മേയിലെ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന വര്‍ഷാന്തര അടിസ്ഥാനത്തില്‍ 10% ഉയര്‍ന്ന് 25.3 ലക്ഷം യൂണിറ്റിലെത്തി.

ഗ്രാമീണ ഇന്ത്യയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 30% വര്‍ധിച്ചു. നഗര വിപണികളിലെ 19% വളര്‍ച്ചയെ അപേക്ഷിച്ച് ഇത് കൂടുതലാണ്. വാണിജ്യ വാഹന വിഭാഗത്തിലും ഗ്രാമീണ വില്‍പ്പന 8% ഉയര്‍ന്നപ്പോള്‍ നഗരങ്ങളിലെ വളര്‍ച്ച 2.6% മാത്രമായിരുന്നു. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (FADA) സര്‍ക്കാര്‍ വഹാന്‍ പോര്‍ട്ടലില്‍ നിന്ന് ശേഖരിച്ച കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.

മേയില്‍ മൊത്തം പാസഞ്ചര്‍ വാഹന രജിസ്‌ട്രേഷന്‍ 23% വര്‍ധിച്ചു. ഇരുചക്ര വാഹനങ്ങള്‍ 7.5%, മുചക്ര വാഹനങ്ങള്‍ 3.6%, വാണിജ്യ വാഹനങ്ങള്‍ 5.3% എന്നിങ്ങനെ വളര്‍ന്നു. ട്രാക്ടര്‍ വില്‍പ്പന 11% ആണ് ഉയര്‍ന്നത്. സാധാരണയേക്കാള്‍ ഉയര്‍ന്ന വേനല്‍ചൂട്, ഇന്ധനവിലയിലെ കുത്തനെ വര്‍ധന, പശ്ചിമേഷ്യയിലെ സാഹചര്യം തുടങ്ങിയ ഘടകങ്ങള്‍ വാഹന വില്‍പ്പനയെ സ്വാധീനിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. മുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍, ട്രാക്ടറുകള്‍, എന്നിവയുടെ മൊത്തം രജിസ്‌ട്രേഷനുകള്‍ കണക്കാക്കിയാല്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും മികച്ച മേയ് മാസം ആണിത്.

ഇരുചക്ര വാഹന വിഭാഗത്തില്‍, ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടര്‍ന്നുണ്ടായ വിലക്കുറവും വിവാഹ സീസണിലെ വാങ്ങലുകളും വില്‍പ്പന വര്‍ധിപ്പിച്ചു. എന്നാല്‍ ചില വിപണികളില്‍ അതിശക്തമായ ചൂട് ഷോറൂമുകളിലെ ഉപഭോക്തൃ സന്ദര്‍ശനങ്ങളെ ബാധിച്ചു.

സമീപകാല ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് ഇന്ധനക്ഷമതയേറിയതും പകരം ഊര്‍ജ സാങ്കേതികവിദ്യകളുള്ളതുമായ വാഹനങ്ങളിലേക്കുള്ള അന്വേഷണങ്ങള്‍ വര്‍ധിച്ചതായി ഡീലര്‍മാര്‍ പറഞ്ഞു. ഇരുചക്ര വാഹന വില്‍പ്പനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തെ 6.11%ല്‍ നിന്ന് 9.25% ആയി ഉയര്‍ന്നു. പാസഞ്ചര്‍ വാഹന വിഭാഗത്തിലും ഇവി വിഹിതം 4.5%ല്‍ നിന്ന് 6.6% ആയി വര്‍ധിച്ചു. സിഎന്‍ജി വാഹനങ്ങളുടെ വിഹിതം 19.9%ല്‍ നിന്ന് 23.3% ആയി ഉയര്‍ന്നു.

പാസഞ്ചര്‍ വാഹനങ്ങളുടെ സ്റ്റോക്ക് (ഇന്‍വെന്ററി) ഏപ്രില്‍ അവസാനത്തിലെ 2830 ദിവസങ്ങളില്‍ നിന്ന് മേയ് അവസാനത്തോടെ 3133 ദിവസമായി വര്‍ധിച്ചു. വാണിജ്യ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന ഗ്രാമപ്രദേശങ്ങളില്‍ നഗരങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ചരക്ക് ഗതാഗതത്തിനുള്ള ആവശ്യകത മെട്രോ നഗരങ്ങള്‍ക്കപ്പുറത്തേക്കും വ്യാപിക്കുന്നതിന്റെ സൂചനയാണിത്.

സ്ഥിരതയുള്ള ചരക്ക് ഗതാഗത പ്രവര്‍ത്തനങ്ങള്‍, ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍, പഴയ വാഹനങ്ങള്‍ മാറ്റിസ്ഥാപിക്കാനുള്ള ആവശ്യകത എന്നിവ വില്‍പ്പനയെ പിന്തുണച്ചതായി ഡീലര്‍മാര്‍ പറഞ്ഞു. എന്നാല്‍ വായ്പാ അംഗീകാരത്തിലെ കാലതാമസം, പശ്ചിമേഷ്യന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ചരക്കുചെലവും ഇന്‍ഷുറന്‍സ് ചെലവും, വാങ്ങുന്നവരുടെ ജാഗ്രതയുള്ള സമീപനവും ശ്രദ്ധിക്കേണ്ട ഘടകങ്ങളാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

മുന്നോട്ടുള്ള മാസങ്ങളില്‍ ആവശ്യകത തുടരുമെന്ന കാര്യത്തില്‍ FADA ജാഗ്രതയോടെയുള്ള പ്രതീക്ഷ പ്രകടിപ്പിച്ചു. മണ്‍സൂണിന്റെ പുരോഗതിയും ഗ്രാമീണ മേഖലകളിലെ വരുമാന വര്‍ധനയും ആവശ്യകതയ്ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുമെന്നാണ് വിലയിരുത്തല്‍.

ഇരുചക്ര വാഹന വിപണിയില്‍ ഇന്ധനക്ഷമതയുള്ള ഇവി മോഡലുകളിലേക്കുള്ള ഉപഭോക്തൃ താല്‍പര്യം ആവശ്യകതയെ ശക്തിപ്പെടുത്തും. പാസഞ്ചര്‍ വാഹന വിപണിയിലും, പ്രത്യേകിച്ച് ഇവി വിഭാഗത്തില്‍, മികച്ച ബുക്കിങ് നിരക്ക് വില്‍പ്പനയെ പിന്തുണയ്ക്കും. വാണിജ്യ വാഹന വില്‍പ്പനയും ചരക്ക് ഗതാഗതവും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കാരണം സ്ഥിരത നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ.

Content Highlights: India's vehicle retail sales surged 10% year-on-year to 2.53 million units in May, driven by robust rural demand for passenger and commercial vehicles, with rural markets outperforming urban centres across key segments

dot image
To advertise here,contact us
dot image