പേഴ്‌സണല്‍ ലോണ്‍ EMI മുടങ്ങിയോ? എങ്ങനെ മാനേജ് ചെയ്യാം? നിയമകുരുക്ക് ഒഴിവാക്കാന്‍ അറിയണം ഇക്കാര്യങ്ങള്‍

സാമ്പത്തിക ബുദ്ധിമുട്ട് കാരണമുള്ള വായ്പ കുടിശികയില്‍ സാധാരണ തടവ് പോലുള്ള ശിക്ഷാ നടപടിക്ക് കോടതികള്‍ മുതിരാറില്ല

പേഴ്‌സണല്‍ ലോണ്‍ EMI മുടങ്ങിയോ? എങ്ങനെ മാനേജ് ചെയ്യാം? നിയമകുരുക്ക് ഒഴിവാക്കാന്‍ അറിയണം ഇക്കാര്യങ്ങള്‍
dot image

പെട്ടന്നുള്ള സാമ്പത്തികാവശ്യത്തിനായി മിക്കവരും ആശ്രയിക്കുന്ന വായ്പകളിലൊന്നാണ് പേഴ്‌സണല്‍ ലോണ്‍. വാഹന, ഭവന വായ്പകളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക ഈട് നല്‍കാതെ തന്നെ പേഴ്‌സണല്‍ ലഭിക്കും എന്നതാണ് മുഖ്യ ആകര്‍ഷണം. ക്രെഡിറ്റ് സ്‌കോറും വരുമാന സ്ഥിരതയും ഒക്കെ അടിസ്ഥാനമാക്കിയാകും പലിശ നിരക്ക് നിശ്ചയിക്കപ്പെടുക. അതേസമയം എന്തെങ്കിലും സാമ്പത്തിക ഞെരുക്കം വന്നാല്‍ ലോണിന്റെ ഇഎംഐ മുടങ്ങിപ്പോകുമെന്നോ അടയ്ക്കാന്‍ വൈകുമെന്നോ ഒക്കെ ടെന്‍ഷന്‍ അടിക്കുന്നവരാണ് മിക്കവരും.

എന്നാല്‍ ഒരു തവണ വായ്പ തിരിച്ചടവ് തെറ്റിയതുകൊണ്ട് മാത്രം അതൊരു വലിയ നിയമ കുരുക്കാവില്ല. പക്ഷേ നിങ്ങള്‍ ശരിക്കും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് പാലിച്ചാല്‍ നിങ്ങള്‍ക്ക് അല്‍പ്പം കൂടി സാവകാശം ലഭിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

ബാങ്കുമായി നേരത്തെ തന്നെ ബന്ധപ്പെടുക

ഇഎംഐ അടക്കുന്നതില്‍ ആവര്‍ത്തിച്ച് മുടക്കം വരികയാണെങ്കില്‍ തിരിച്ചടവ് നിര്‍ത്തിയാല്‍ മാത്രമാണ് ആ വായ്പ കുടിശികയായെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ കണക്കാക്കുകയും വലിയ നിയമ വ്യവഹാരങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നത്. തുടര്‍ച്ചയായ ഫോണ്‍ വിളികള്‍ ധനകാര്യ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകാം. അപ്പോള്‍ ഫോണ്‍ എടുക്കാതെ നിശബ്ദത പാലിക്കുന്നതാണ് മോശം പ്രതികരണം. കാര്യം തിരക്കാന്‍ ധനകാര്യ സ്ഥാപനം വിളിക്കുമ്പോള്‍ വിശദീകരണം നല്‍കാതെ തീര്‍ത്തും പ്രതികരിക്കാതെയിരുന്നാല്‍ നിങ്ങള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിന് പകരം തിരിച്ചടയ്ക്കാനുള്ള മനസ്സില്ലായ്മയായി അതിനെ തെറ്റിദ്ധരിക്കപ്പെടാം. പകരം കാര്യ കാരണം ബോധിപ്പിക്കുന്ന വിശദീകരണം നല്‍കിയാല്‍ നിങ്ങള്‍ക്ക് സാവകാശത്തിനുള്ള സമയം ലഭിച്ചേക്കും. വായ്പ തിരിച്ചടവ് പുനര്‍ക്രമീകരിക്കാനോ, ഇഎംഐ ഷെഡ്യൂളില്‍ മാറ്റം വരുത്താനോ, താത്കാലിക തിരിച്ചടവ് ആശ്വാസത്തിനോ വഴിയൊരുങ്ങാം. അതായത് തിരിച്ചടവില്‍ വീഴ്ച വരുന്നപക്ഷം ധനകാര്യ സ്ഥാപനത്തെ എത്രയും വേഗത്തില്‍ രേഖാമൂലം വസ്തുതകള്‍ ധരിപ്പിക്കുകയും ചെയ്യുക. സജീവമായി തുടര്‍ന്നും ബന്ധപ്പെടുകയും ചെയ്താല്‍ നിങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിനിടയില്‍ എന്തെങ്കിലും സാവകാശം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ചുരുക്കം.

റിക്കവറി കോളുകള്‍ ഒഴിവാക്കരുത്

ഇഎംഐ തെറ്റിപ്പോയാല്‍ റിക്കവറി കോളുകള്‍ വരുന്നത് മിക്കവരേയും ബുദ്ധിമുട്ടിക്കുന്ന സംഗതിയാണ്. എന്നാല്‍ അവരുടെ ഫോണ്‍ എടുക്കാതിരുന്നാലാണ് കൂടുതല്‍ സമ്മര്‍ദം നേരിടുക. പകരം ഫോണ്‍ കോള്‍ എടുത്ത് സമാധാനത്തോടെ വസ്തുതകള്‍ ധരിപ്പിക്കുക. എന്നാല്‍ അസമയത്ത് വിളിക്കുന്ന കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനോ അസഭ്യം പറഞ്ഞാല്‍ കേള്‍ക്കുന്നതിനോ നിങ്ങള്‍ക്ക് ബാധ്യതയില്ല. റിക്കവറി ഏജന്റുമാര്‍ക്കുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഇന്ത്യയില്‍ നിലവിലുണ്ട്. പരിധി കടന്നുള്ള ഏതൊരു റിക്കവറി കോളിനെതിരേയും നിങ്ങള്‍ക്ക് പരാതിപ്പെടാവുന്നതാണ്.

സ്വയം വിശകലനം അനിവാര്യം

നമ്മള്‍ക്കുള്ള സാമ്പത്തിക ബാധ്യതയെ കുറിച്ച് സത്യസന്ധമായൊന്ന് സ്വയം വിശകലനം നടത്തുക. വാടക, ഭക്ഷണം, മരുന്ന് പോലെയുള്ള ഒഴിവാക്കാനാകാത്ത ചെലവുകള്‍ നേരിട്ടുകൊണ്ട് എത്രത്തോളം പണം ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കുക. ഇത്തരത്തില്‍ ഭാഗികമായ ഇഎംഐ അടവിന് ശ്രമിക്കുന്നത് പോലും നമ്മളുടെ വായ്പ തിരിച്ചടവിനുള്ള ഉത്തരവാദിത്തവും സന്നദ്ധതയെയും വെളിവാക്കുന്ന ഘടകമാകും. ഒന്നിലധികം വായ്പകള്‍ നിലവിലുണ്ടെങ്കില്‍, ഈട് നല്‍കാതെ നേടിയ പേഴ്‌സണല്‍ ലോണുകള്‍ക്ക് മുന്‍ഗണന നല്‍കുക. ഇത്തരം അണ്‍സെക്വേഡ് ലോണുകളിലാകും വേഗത്തിലുളള റിക്കവറി നടപടികള്‍ ഉണ്ടാവുക.

അതുപോലെ ഇപ്പോഴത്തെ ലോണ്‍ തീര്‍ക്കുന്നതിനായി ഉയര്‍ന്ന പലിശയുള്ള പുതിയ ലോണിനായി ശ്രമിക്കരുത്. അത് ദീര്‍ഘകാല കടക്കെണിയിലേക്ക് തള്ളിവിടുന്ന കുരുക്കായി മാറാം. ബാധ്യതയുടെ വലിപ്പം ഉയര്‍ന്നതും വരുമാനം അതിനൊത്ത് വരുന്നുമില്ലെങ്കില്‍ സാമ്പത്തിക ആസൂത്രണത്തിന് പ്രൊഫഷണല്‍ സഹായം തേടുകയോ അല്ലെങ്കില്‍ വിശ്വസ്തരായ അഭിഭാഷകരില്‍ നിന്നും നിയമോപദേശം നേടാനോ ശ്രമിക്കുക.

എങ്ങനെയാണ് നിയമക്കുരുക്കിനെ നേരിടുക?

ഒരു വായ്പ മുടങ്ങിയാല്‍ ഉപഭോക്താവിന്റെ ഭാഗത്തുനിന്നും തിരിച്ചടവിനുള്ള സാധ്യത ഇല്ലാതായാലാണ് മറ്റ് നിയമപരമായ നടപടികളിലേക്ക് ധനകാര്യ സ്ഥാപനങ്ങള്‍ പൊതുവേ കടക്കാറുള്ളത്. നിരവധി മാസങ്ങളില്‍ ഇഎംഐ മുടങ്ങുകയും ഒരു പ്രശ്‌നപരിഹാരത്തിനുള്ള വഴികളെല്ലാം അടയുകയും ചെയ്താല്‍ മാത്രമാണ് ഇത്തരമൊരു നീക്കം പരിഗണിക്കുക.

എങ്കിലും കുടിശിക തിരിച്ചുപിടിക്കാനുള്ള റിക്കവറി നടപടിക്കാകും മുന്‍ഗണന. സാമ്പത്തിക ബുദ്ധിമുട്ട് കാരണമുള്ള വായ്പ കുടിശികയില്‍ സാധാരണ തടവ് പോലുള്ള ശിക്ഷാ നടപടിക്ക് കോടതികള്‍ മുതിരാറില്ല. പകരം ഉപയോക്താവ് തിരിച്ചടയ്ക്കാനുള്ള സത്യസന്ധമായ ശ്രമം നടത്തിയിരുന്നോ എന്നതാകും പരിശോധിക്കുന്നത്. അതിനാല്‍ നിയമ വ്യവഹാരങ്ങളില്‍ സുതാര്യതയോടെ ഇടപെടുന്നത് ഗുണകരമാകും.

Content Highlights: If you're struggling to repay your personal loan, proactively contacting your bank and restructuring your repayment plan can help you avoid legal complications and ease financial stress

dot image
To advertise here,contact us
dot image