പലസ്തീൻ തടവുകാർക്കെതിരെ ഇസ്രയേലിൻ്റെ ക്രൂരമായ ലൈംഗികപീഡനം;വെളിപ്പെടുത്തി അൽജസീറയുടെ അന്വേഷണാത്മക ഡോക്യുമെൻ്ററി

'ഞങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ചു. ‘ദൈവമേ, രക്ഷിക്കണേ’ എന്ന് നിലവിളിച്ചെങ്കിലും അവർ ചിരിക്കയും വീഡിയോ ചിത്രീകരിക്കയും ചെയ്തു'

പലസ്തീൻ തടവുകാർക്കെതിരെ ഇസ്രയേലിൻ്റെ ക്രൂരമായ ലൈംഗികപീഡനം;വെളിപ്പെടുത്തി അൽജസീറയുടെ അന്വേഷണാത്മക ഡോക്യുമെൻ്ററി
dot image

ദോഹ: ഇസ്രായേൽ സൈന്യം, ഇന്റലിജൻസ്, ജയിൽ അധികൃതർ എന്നിവർ പലസ്തീൻ തടവുകാർക്കെതിരെ നടത്തുന്ന പീഡനം, ബലാത്സംഗം, കഠിനമായ ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയവ വെളിപ്പെടുത്തി അൽജസീറയുടെ അന്വേഷണാത്മക ഡോക്യുമെൻ്ററി 'ബോഡീസ് ഓഫ് എവിഡൻസ്: ഇസ്രായേലിന്റെ ഡാർക്കസ്റ്റ് വെപ്പൺ'. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി), ഐക്യരാഷ്ട്രസഭ, മനുഷ്യാവകാശ സംഘടനകൾ എന്നിവരുടെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രസ്താവനകളുമായി ചേർന്ന് പോകുന്നതാണ് ഡോക്യുമെൻ്ററിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതിൽ മുൻ തടവുകാരിൽ ഒരാളായ അൽ-ബക്രി ​ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. 'വലതുവശത്ത് ആറു സൈനികരും ഇടതുവശത്ത് ആറു സൈനികരുമുണ്ടായിരുന്നു. അവർ നിങ്ങളുടെ പേര് ചോദിക്കും. ‘മുഹമ്മദ്’ എന്നാണ് പറഞ്ഞാൽ, ‘അല്ല, നിന്റെ പേര് തെമ്മാടി എന്നാണ് പറയേണ്ടത്’ എന്ന് അവഹേളിക്കു'മായിരുന്നു എന്നാണ് അൽ-ബക്രിയുടെ വെളിപ്പെടുത്തൽ. താനും മറ്റ് ഏഴ് തടവുകാരുമാണ് തടവിലുണ്ടായിരുന്നതെന്ന് അൽ-ബക്രി വെളിപ്പെടുത്തുന്നുണ്ട്. എല്ലാവരെയും വസ്ത്രം അഴിപ്പിക്കുകയും കണ്ണ് മൂടുകയും കൈകൾ ബന്ധിക്കുകയും ചെയ്തുവെന്നും അൽ-ബക്രി പറയുന്നുണ്ട്.

'ഞങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ചു. ‘ദൈവമേ, രക്ഷിക്കണേ’ എന്ന് നിലവിളിച്ചെങ്കിലും അവർ ചിരിക്കയും വീഡിയോ ചിത്രീകരിക്കയും ചെയ്തു എന്നായിരുന്നു അൽ-ബക്രിയുടെ വെളിപ്പെടുത്തൽ. ചില ഗാർഡുകൾ നായകളെ ഉപയോഗിച്ചും തടവുകാരെ ആക്രമിക്കുകയും ലൈംഗിക പീഡനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തിരുന്നു'വെന്നും അൽ-ബക്രി വെളിപ്പെടുത്തുന്നുണ്ട്. 'ഓഫീസർമാരുടെ നിർദ്ദേശപ്രകാരം നായകൾ ഞങ്ങളെ ആക്രമിച്ചു. യാതൊരു കരുണയും ഉണ്ടായിരുന്നില്ല. ഏകദേശം 20 മുതൽ 30 മിനിറ്റ് വരെ മർദനവും ലൈംഗിക പീഡനവും തുടർന്നു. തുടർന്ന് വസ്ത്രം ധരിക്കാൻ പറഞ്ഞ് വീണ്ടും ജയിലിലേക്ക് കൊണ്ടുപോയി' എന്നാണ് അൽ-ബക്രി വെളിപ്പെടുത്തുന്നത്.

സ്വന്തം പേരുവിവരങ്ങൾ വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത, ‘ജോബ്’ എന്ന പേരിൽ അൽ-ജസീറയോട് വെളിപ്പെടുത്തൽ നടത്തിയ ഒരാളും സമാനമായ അനുഭവങ്ങൾക്ക് ഇരയായതായി വെളിപ്പെടുത്തുന്നുണ്ട്. 'സ്ത്രീ സൈനികർ മുറിയിലേക്ക് വന്നു. എന്റെ കൈകൾ പിന്നിൽ ബന്ധിച്ചു. തുടർന്ന് എന്റെ വസ്ത്രങ്ങൾ അഴിച്ചു, നിലത്ത് കിടത്തിയശേഷം കഴുത്തിലും പുറകിലും സൈനികരുടെ ബൂട്ടുകൾ അമർത്തിയ നിലയിൽ ലൈംഗിക പീഡനം നടന്നു. ചുറ്റുമുണ്ടായിരുന്ന സൈനികർ കൈയടിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു'വെന്നാണ് ജോബ് എന്ന പേരിൽ വെളിപ്പെടുത്തൽ നടത്തിയ ആൾ പറയുന്നത്.

2023 ഒക്ടോബർ 7-ലെ ആക്രമണത്തിൻ്റെ വൈരാ​ഗ്യ ബുദ്ധിയോടെ തടവുകാരോട് പെരുമാറിയെന്നാണ് യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് പറയുന്നത്. 'നിങ്ങൾ ഞങ്ങളുടെ നാട്ടിലേക്ക് കയറി, നിങ്ങൾ ബലാത്സംഗം ചെയ്തു, നിങ്ങൾ നാശം വിതച്ചു എന്നിങ്ങനെ ആരോപണങ്ങൾ ഉന്നയിക്കുമായിരുന്നു' എന്നാണ് അൽബനീസ് വെളിപ്പെടുത്തുന്നത്. 'മുമ്പും ക്രൂരതകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒക്ടോബർ 7-ന് ശേഷം അതിന്റെ തീവ്രത അപൂർവമായ തോതിൽ വർധിച്ചു. അത് പ്രതികാര സ്വഭാവമുള്ളതായിരുന്നു' എന്നും അൽബനീസ് പറയുന്നുണ്ട്.

നേരത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC), ഐക്യരാഷ്ട്രസഭ, അധിനിവേശ പ്രദേശങ്ങളിലെ യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് എന്നിവർ പലസ്തീൻ തടവുകാ‍ർക്കെതിരെ ഇസ്രായേൽ സൈന്യം വ്യാപകമായി ലൈംഗിക പീഡനവും ബലാത്സംഗവും നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് (PCHR), യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ തുടങ്ങിയ മനുഷ്യാവകാശ സംഘടനകളും സമാനമായ വിവരങ്ങൾ പങ്കുവെച്ചിരുന്നു. പലസ്തീനിയൻ തടവുകാരെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരു സൈനികനെയോ ഗാർഡിനെയോ ഇതുവരെയും ശിക്ഷിച്ചിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. 2024-ൽ നെഗെവ് മരുഭൂമിയിലെ സ്ദേ തെയ്മാൻ തടങ്കൽ കേന്ദ്രത്തിൽ ഒരു തടവുകാരനെ ലൈംഗികമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് കേസുകൾ ഉപേക്ഷിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: An investigative documentary by Al Jazeera examines allegations of sexual abuse and mistreatment of Palestinian detainees held in Israeli custody, highlighting testimonies, evidence, and ongoing international concerns over prisoner rights.

dot image
To advertise here,contact us
dot image