ആമസോണ്‍ 50 ശതമാനം പേർക്കും വിശ്വസനീയം: ഫ്ലിപ്കാർട്ടിന് വിശ്വാസത്തേക്കാള്‍ കൂടുതല്‍ അവിശ്വാസം

രാജ്യത്തെ 30.4 കോടി ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ 88 ശതമാനവും പ്രതിമാസം ശരാശരി 78 മുതല്‍ 87 രൂപ വരെ നഷ്ടപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്

ആമസോണ്‍ 50 ശതമാനം പേർക്കും വിശ്വസനീയം: ഫ്ലിപ്കാർട്ടിന് വിശ്വാസത്തേക്കാള്‍ കൂടുതല്‍ അവിശ്വാസം
dot image

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ മറഞ്ഞിരിക്കുന്ന ചാര്‍ജുകളിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം ഏകദേശം 25,000 കോടി മുതല്‍ 28,000 കോടി വരെ നഷ്ടമാകുന്നതായി റിപ്പോര്‍ട്ട്. വിപണി ഗവേഷണ സ്ഥാപനമായ Datum Intelligence ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.രാജ്യത്തെ 30.4 കോടി ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ 88 ശതമാനവും പ്രതിമാസം ശരാശരി 78 മുതല്‍ 87 രൂപ വരെ നഷ്ടപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്.


മറഞ്ഞിരിക്കുന്ന അധിക ചാര്‍ജുകള്‍, നിര്‍ബന്ധിത ആഡ്-ഓണുകള്‍, ഘട്ടംഘട്ടമായി വില കൂട്ടുന്ന ഡ്രിപ്പ് പ്രൈസിംഗ്, വ്യാജ അടിയന്തര ഓഫറുകള്‍, സബ്സ്‌ക്രിപ്ഷന്‍ കുടുക്കുകള്‍ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങള്‍.

Also Read:

വഞ്ചനാപരമായ ഡിജിറ്റല്‍ രീതികളെ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമനടപടികള്‍ക്ക് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ബാധിക്കുന്നത്. സര്‍വേ പ്രകാരം, ഓണ്‍ലൈന്‍ പേയ്മെന്റ് ഉപയോഗിക്കുന്നവരില്‍ 63% പേര്‍ക്ക് ഇപ്പോള്‍ 'ഡ്രിപ്പ് പ്രൈസിംഗ്' അല്ലെങ്കില്‍ മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ നല്‍കേണ്ടതായി വരുന്നു. 2024-ല്‍ ഇത് 52 ശതമാനമായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ 73 ശതമാനവും ഉപഭോക്താക്കളെ അവര്‍ തിരഞ്ഞെടുക്കാത്ത ഓപ്ഷനുകളിലേക്ക് നിര്‍ബന്ധിക്കുന്നതായും കണ്ടെത്തി.

ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ്, ഓണ്‍ലൈന്‍ ട്രാവല്‍ എന്നീ മേഖലകളിലെ 12 പ്രമുഖ പ്ലാറ്റ്‌ഫോമുകളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. 2026ലെ ആദ്യ പാദത്തില്‍ രാജ്യത്തെ 50 നഗരങ്ങളില്‍ നിന്നുള്ള 2,590 ഉപഭോക്താക്കളിലാണ് സര്‍വേ നടത്തിയത്.

ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളില്‍ ആമസോണ്‍ ഏറ്റവും വിശ്വസനീയമായ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടു. 50 ശതമാനം ഉപേഭോക്താക്കളും തങ്ങളുടെ പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമായി ആമസോണിനെ ചൂണ്ടിക്കാട്ടി. അതേസമയം, ഫ്‌ളിപ്കാര്‍ട്ട് വിശ്വാസത്തേക്കാള്‍ കൂടുതല്‍ അവിശ്വാസം (41%) കൂടുതലുള്ള പ്ലാറ്റ്‌ഫോമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസം പ്രകടിപ്പിച്ചവര്‍ 37 ശതമാനമായിരുന്നു. ഓരോ ഇടപാടിലും ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്നതാണ് ഇതിന് കാരണമായത്. ഓണ്‍ലൈന്‍ യാത്രാ സേവന മേഖലയില്‍ മേക്ക് മൈ ട്രിപ്പ് ഏറ്റവും സുരക്ഷിതമായ പ്ലാറ്റ്‌ഫോമായി കണക്കാക്കപ്പെട്ടു. അതേസമയം ക്ലിയര്‍ ട്രിപ്പ് ഏറ്റവും കൂടുതല്‍ ദോഷകരമായ പ്ലാറ്റ്‌ഫോമുകളിലൊന്നായും വിലയിരുത്തപ്പെട്ടു.

ക്വിക്ക് കൊമേഴ്സ് വിഭാഗത്തില്‍ മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഈടാക്കുന്നതില്‍ ബിഗ്ബാസ്‌ക്കറ്റ് ഉയര്‍ന്ന സ്‌കോര്‍ നേടിയ സ്ഥാപനങ്ങളിലൊന്നാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം ചാര്‍ജുകളെ കുറിച്ച് 81 ശതമാനം പേര്‍ക്ക് അറിവുണ്ടെങ്കിലും 85 ശതമാനം പേരും ഇത്തരം തന്ത്രങ്ങളാല്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞവരാണ്. അതേസമയം, ന്യായവും സുതാര്യവുമായ ഡിസൈന്‍ രീതികള്‍ പിന്തുടരുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കായി കൂടുതല്‍ തുക നല്‍കാന്‍ 74 ശതമാനം ഓണ്‍ലൈന്‍ ഉപഭോക്താക്കളും തയ്യാറാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Content Highlights: Indian consumers are losing up to Rs 28,000 crore annually to hidden charges, drip pricing, and subscription traps on online platforms, according to a new report by Datum Intelligence

dot image
To advertise here,contact us
dot image