

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഐടി റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തിന് കൈമാറി. മർദനം ചട്ട വിരുദ്ധമെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. ഗൺമാൻമാർ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നും ഇത് കുറ്റകൃത്യമായി കണക്കാക്കണമെന്നും ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തേണ്ടതുണ്ടെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
എസ്ഐടിയുടെ റിപ്പോർട്ട് ഡിജിപി പരിശോധിച്ച ശേഷം നടപടി ഉണ്ടാകും. ഇവർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികളും പരിഗണനയിൽ ഉണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തത്. ഗുരുതര ചട്ടലംഘനമാണ് നടന്നതെന്നാണ് എസ്‌ഐടി പറയുന്നത്. എന്നാൽ കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഗുരുതര മൊഴിയുണ്ട്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് എസ്‌ഐടിക്ക് മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത്‌കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി. ഡിജിപിയിൽ നിന്നാണ് റിപ്പോർട്ട് തേടിയത്. അന്വേഷണ പുരോഗതി അറിയിക്കണമെന്നാണ് നിർദ്ദേശം. സുജിത് ആഭ്യന്തര മന്ത്രിയെ കണ്ടതിന് പിന്നാലെയാണ് നടപടി.
2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. നാല് പൊലീസ് ഉദ്യോഗസ്ഥരാണ് ക്രൂര മർദ്ദനം നടത്തിയത്. സിപിഒമാരായ എസ് സന്ദീപ്, ശശിധരൻ, കെ. ജെ സജീവൻ, എസ് ഐ നുഹ്‌മാൻ എന്നിവരാണ് മർദ്ദനം നടത്തിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാന്‍ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് ജീപ്പില്‍ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും സുജിത്ത് പറഞ്ഞിരുന്നു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടർന്ന് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.
Content Highlight : SIT report submitted to Police Headquarters in the case related to the assault on KSU and Youth Congress workers