

കണ്ണൂര്‍: സിപിഐഎം ക്രിമിനലുകളെ തീറ്റിപ്പോറ്റുന്നുവെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഐഎം സംരക്ഷിക്കുകയാണ്. പ്രത്യക്ഷത്തില്‍ പ്രതികളെ തള്ളി പറഞ്ഞ ശേഷം സര്‍വ്വ സംരക്ഷണവും സിപിഐഎം നല്‍കുന്നുവെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.
ആകാശ് തില്ലങ്കേരിയുടെ ജാമ്യം കോടതി റദ്ദാക്കിയപ്പോള്‍ ഓടി എത്തിയത് സിപിഐഎം ഏരിയാ സെക്രട്ടറി രതീഷാണ്. ചെല്ലും ചെലവും കൊടുത്ത് ക്രിമിനലുകളെ പോറ്റുകയാണ് സിപിഐഎം. ഷുഹൈബ് വധം സിപിഐഎം സ്‌പോണ്‍സര്‍ ചെയ്തതാണ്. ഷുഹൈബിന്റെ കുടുംബത്തിന് കോടതി നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷുഹൈബ് വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തിരുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു അസാധാരണ നടപടി. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്.
പ്രതികളെ റിമാൻഡ് ചെയ്യാനും കോടതി നിർദേശിച്ചു. പ്രതികൾ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്.
കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസിൽ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തിൽ പരിക്കേറ്റ ഇ റിയാസിനെയാണ് കോടതി വിസ്തരിച്ചത്. ആയുധങ്ങളുമായെത്തിയ സംഘം ഷുഹൈബിനെ തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നു എന്നായിരുന്നു റിയാസിന്റെ മൊഴി. ജൂൺ 14 വരെ വിസ്താരം തുടരും.
Content Highlights: Martin George Says CPM Is Sheltering Criminal Elements