വിമാന യാത്രക്കാര്‍ക്ക് ആശ്വാസം; ഉയര്‍ന്ന കാന്‍സലേഷന്‍ ചാര്‍ജുകള്‍ പരിശോധിക്കാന്‍ കേന്ദ്രം

അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഇന്ധനവില വര്‍ധനയും കാരണം വിമാനയാത്രാ നിരക്കുകള്‍ ഇതിനകം തന്നെ ഉയര്‍ന്ന നിലയിലാണ്

വിമാന യാത്രക്കാര്‍ക്ക് ആശ്വാസം; ഉയര്‍ന്ന കാന്‍സലേഷന്‍ ചാര്‍ജുകള്‍ പരിശോധിക്കാന്‍ കേന്ദ്രം
dot image

ഓണ്‍ലൈന്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കുന്ന അമിത കാന്‍സലേഷന്‍ ചാര്‍ജുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. യാത്രക്കാരില്‍ നിന്ന് ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃകാര്യ മന്ത്രാലയവും സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയും (സിസിപിഎ) ചേര്‍ന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍ ചിലപ്പോള്‍ എയര്‍ലൈന്‍ കമ്പനി ഈടാക്കുന്നതിലും കൂടുതലായി കാന്‍സലേഷന്‍ ഫീസ് വാങ്ങുന്നുവെന്നും, ബുക്കിങ് സമയത്ത് വ്യക്തമാക്കിയിട്ടില്ലാത്ത അധിക ചാര്‍ജുകള്‍ പിന്നീട് ഈടാക്കുന്നുവെന്നുമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇത് ഉപഭോക്താക്കളുടെ അവകാശ ലംഘനമായി കണക്കാക്കാമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തമാക്കി. 'ബുക്കിങ് സമയത്ത് കാണിച്ച നിരക്കിനേക്കാള്‍ അധികമായി ചാര്‍ജ് ഈടാക്കുന്നത് സുതാര്യത ഇല്ലാതാക്കുന്നതും ഉപഭോക്തൃ വിശ്വാസം തകര്‍ക്കുന്നതുമാണെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു.

ബിജെപി യുവമോര്‍ച്ച ദേശീയ സെക്രട്ടറി തജീന്ദര്‍ ബഗ്ഗയുടെ പോസ്റ്റാണ് കാന്‍സലേഷന്‍ ചാര്‍ജുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നത്. മുംബൈയ്ക്ക് പകരം നവി മുംബൈയിലേക്കുള്ള ടിക്കറ്റ് തെറ്റായി ബുക്ക് ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം ടിക്കറ്റ് റദ്ദാക്കാന്‍ ശ്രമിച്ചപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്‌ഫോം 4,764 രൂപ കാന്‍സലേഷന്‍ ഫീസ് ഈടാക്കുകയും 1,571 രൂപ മാത്രമാണ് റീഫണ്ട് ലഭിച്ചതെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍ അതേ ടിക്കറ്റിനായി എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ നേരിട്ട് പരിശോധിച്ചപ്പോള്‍ 299 രൂപ മാത്രം കാന്‍സലേഷന്‍ ചാര്‍ജും 6,076 വരെ റീഫണ്ടും ലഭിക്കുമെന്ന് കണ്ടതായി അദ്ദേഹം വ്യക്തമാക്കി.

ഇത്തരം പരാതികള്‍ ശരിയാണന്ന് ബോധ്യപ്പെടുന്നപക്ഷം 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഇന്ധനവില വര്‍ധനയും കാരണം വിമാനയാത്രാ നിരക്കുകള്‍ ഇതിനകം തന്നെ ഉയര്‍ന്ന നിലയിലാണ്. ഇതിനിടെ യാത്രക്കാരില്‍ നിന്ന് അധിക കാന്‍സലേഷന്‍ ഫീസ് ഈടാക്കുന്നത് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Content Highlights: Good news for air travellers: The Centre has ordered a probe into online flight ticket booking platforms over allegedly high cancellation charges after complaints of customers being charged far more than airline fees. The government says unfair practices and hidden charges could face strict action under consumer protection laws.

dot image
To advertise here,contact us
dot image