ഒരു മാസത്തിനിടെ 43% മുന്നേറ്റം,വളർച്ചയിലും വോഡാഫോൺ ഐഡിയ ഓഹരികൾക്ക് വിദഗ്‌ധരുടെ മുന്നറിയിപ്പ്

5,515 കോടി രൂപയുടെ പ്രവർത്തന നഷ്ടമാണ് കമ്പനി ഈ പാദത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്

ഒരു മാസത്തിനിടെ 43% മുന്നേറ്റം,വളർച്ചയിലും വോഡാഫോൺ ഐഡിയ ഓഹരികൾക്ക് വിദഗ്‌ധരുടെ മുന്നറിയിപ്പ്
dot image

വലിയ രീതിയിലുള്ള കൂപ്പുകുത്തലിനു ശേഷം വോഡാഫോൺ ഐഡിയ (Vi) ഓഹരി വിലയില്‍ വന്‍ മുന്നേറ്റം. ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ 43 ശതമാനം മുന്നേറിയത് നിക്ഷേപകർക്കിടയിൽ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചു. ടെലികോം മേഖലയിലെ ഉയർന്ന മത്സരങ്ങളും സർക്കാർ നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വളർച്ചയെന്നതും ശ്രദ്ധേയമാണ്.

വളർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യവുമായി 35,000 കോടി രൂപയുടെ വായ്പാ പാക്കേജിനായി കമ്പനി ചർച്ചകൾ നടത്തിവരികയാണെന്ന് സിഇഒ അഭിജിത്ത് കിഷോർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 25,000 കോടി രൂപയുടെ ഫണ്ടഡ് ഫെസിലിറ്റിയും 10,000 കോടി രൂപയുടെ നോൺ-ഫണ്ടഡ് ഫെസിലിറ്റിയുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

വരുന്ന മൂന്ന് വർഷത്തിനുള്ളിൽ നെറ്റ്‌വർക്ക് വിപുലീകരണത്തിനായി 45,000 കോടിയുടെ മൂലധനച്ചെലവ് കമ്പനി ആസൂത്രണം ചെയ്യുന്നുമുണ്ട്. വായ്പാ നടപടികൾ ഉടനടി പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ. 4G, 5G സേവനങ്ങൾ ശക്തിപ്പെടുത്തി റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവരുമായി ശക്തമായി മത്സരിക്കാനാണ് വൊഡാഫോൺ ഐഡിയ ലക്ഷ്യമിടുന്നത്.

ടെലികോം മേഖലയിലെ സംയോജന സാധ്യതയും സർക്കാർ പിന്തുണയുമെല്ലാം നിക്ഷേപകർക്ക് വിശ്വാസം നൽകുന്ന ഘടകങ്ങളാണ്. വൊഡാഫോൺ ഐഡിയയുടെ ഉപഭോക്തൃ എണ്ണം ശക്തമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ശരാശരി വരുമാനം ഓരോ ഉപഭോക്താവിനും (ARPU) സ്ഥിരമായി മെച്ചപ്പെട്ടു.

വിദ്ഗധരുടെ മുന്നറിയിപ്പ്

നിലവിലെ വളർച്ചാ സാഹചര്യത്തിലും വിഐ ഉയർന്ന കടബാധ്യതയുള്ള കമ്പനിയാണെന്ന മുന്നറിയിപ്പാണ് വിദഗ്‌ദ്ധർ നൽകുന്നത്. കമ്പനിയുടെ ലാഭം സ്ഥിരമാകാൻ കൂടുതൽ സമയം ആവശ്യമാണെന്നും നിക്ഷേപകർ ഓർക്കേണ്ടതുണ്ട്. ഓഹരികളിലെ മുന്നേറ്റം സ്വകാര്യ നിക്ഷേപകർക്കുൾപ്പെടെ ലാഭ സാധ്യത നൽകുന്നുണ്ടെങ്കിലും ദീർഘകാലം ഓഹരികൾ ഹോൾഡ് ചെയ്യുന്നത് കമ്പനയിയുടെ ഉയർന്ന കടവും വിപണിയിലെ പ്രതിസന്ധികളും കാരണം അല്പം ആശങ്കയ്ക്ക് ഇട നൽകിയേക്കാം. അതിനാൽ, നിക്ഷേപകർ ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച ശേഷം മാത്രമേ നിക്ഷേപങ്ങൾ നടത്താൻ പാടുള്ളു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഓഹരികളിൽ മുന്നേറ്റത്തിന് പിന്നാലെ ബ്രോക്കറേജുകളും വൊഡാഫോൺ ഐഡിയ ഓഹരികൾക്ക് അനുകൂല നിലപാട് നൽകിയിട്ടുണ്ട്. നുവാമ ബ്രോക്കറേജ് 'ഹോൾഡ്’റേറ്റിങ് നൽകിയതോടൊപ്പം ടാർഗറ്റ് വില 13.5 രൂപയാണ് നൽകിയിരിക്കുന്നത്. കമ്പനിയുടെ നാലാം പാദ പ്രകടനം പ്രതീക്ഷകൾക്കനുസൃതമായിരുന്നു എന്നും ബ്രോക്കറേജ് പറയുന്നു. മോത്തിലാൽ ഓസ്വാൾ ‘ന്യൂട്രൽ’ റേറ്റിങ് നൽകികൊണ്ട് 10 രൂപയാണ് ഓഹരികൾക്ക് നൽകിയിരിക്കുന്ന ടാർഗറ്റ് വില.

VODAFONE IDEA

നാലാം പാദം ഇങ്ങനെ

2026 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ കമ്പനി 51,970 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. എന്നാൽ ഇത് പ്രവർത്തന ലാഭമല്ലെന്നും എജിആർ (AGR) ബാധ്യതകൾ പുനർനിർണയം ചെയ്തതിലൂടെ ഉണ്ടായ മാറ്റമാണ്. (One-time accounting adjustment).ഇത് ഒഴിവാക്കിയാൽ ഏകദേശം 5,515 കോടി രൂപയുടെ പ്രവർത്തന നഷ്ടമാണ് കമ്പനി ഈ പാദത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും, വായ്പാ ഫെസിലിറ്റിയും പ്രൊമോട്ടർമാരിൽ നിന്നുള്ള ഫണ്ട് സമാഹരണവും വഴി ഭാവിയിലെ സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ കമ്പനിയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

നേതൃനിരയിലെ മാറ്റം

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി കുമാര്‍ മംഗളം ബിര്‍ളയെ ഈ അടുത്താണ് നിയമിച്ചത്. നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സഥാനത്തുനിന്ന് രവീന്ദര്‍ തക്കര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണിത്. രവീന്ദര്‍ തക്കര്‍ ഇനി കമ്പനിയുടെ നോണ്‍-എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. മാനേജ്‌മന്റ് തലപ്പത്തിൽ വന്ന പുതിയ മാറ്റങ്ങളെയും വളരെ പ്രതീക്ഷയോടെയാണ് നിക്ഷേപകർ ഉറ്റു നോക്കുന്നത്.

Content Highligjts: Vodafone Idea share price surges 43% in 1 month: Should you buy, sell or hold the telecom stock?

dot image
To advertise here,contact us
dot image