ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം; കാടിനുള്ളിലെ രഹസ്യങ്ങൾ ഒഴുകുന്ന 'കുഞ്ചിക്കൽ'

ഷിമോഗ ജില്ലയിലെ നിയന്ത്രിത മേഖലയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് കുഞ്ചിക്കൽ

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം; കാടിനുള്ളിലെ രഹസ്യങ്ങൾ ഒഴുകുന്ന 'കുഞ്ചിക്കൽ'
dot image

മേഘങ്ങൾ തൊട്ടുരുമ്മുന്ന മലനിരകൾക്കിടയിലൂടെ, കാടിന്റെ പച്ചപ്പിനെ കീറിമുറിച്ച് താഴേക്ക് പതിക്കുന്ന ജലധാരകൾ. പ്രകൃതിയുടെ ഏറ്റവും മനോഹരവും രൗദ്രവുമായ ഭാവങ്ങളിലൊന്നാണ് വെള്ളച്ചാട്ടങ്ങൾ. മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങൾ ഇന്ത്യയിലുണ്ട്. എല്ലാം തന്നെ സഞ്ചാരികളുടെ മനം കവരുന്നവയാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കർണാടകയിലെ പശ്ചിമഘട്ട മലനിരകളുടെ ഹൃദയഭാഗത്ത് ഒളിഞ്ഞിരിക്കുന്ന 'കുഞ്ചിക്കൽ വെള്ളച്ചാട്ടമാണ്' (Kunchikal Waterfalls) ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം. പ്രകൃതിസ്‌നേഹികളെയും സാഹസിക സഞ്ചാരികളെയും ഒരേപോലെ മോഹിപ്പിക്കുന്ന ഒന്നാണ് കുഞ്ചിക്കൽ വെള്ളച്ചാട്ടം.

Kunchikal Waterfalls
Kunchikal Waterfalls

കർണാടകയിലെ ഷിമോഗ ജില്ലയിലാണ് കുഞ്ചിക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടത്തിന് 455 മീറ്റർ, അതായത് ഏകദേശം 1,493 അടി ഉയരമുണ്ട്. ഇന്ത്യയിൽ ഉയരത്തിന്റെ കാര്യത്തിൽ ഒന്നാമതായ കുഞ്ചിക്കൽ, ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വെള്ളച്ചാട്ടം കൂടിയാണ്. മറ്റ് വെള്ളച്ചാട്ടങ്ങളെപ്പോലെ ഒറ്റയടിക്ക് താഴേക്ക് പതിക്കുന്നതിന് പകരം, പാറക്കെട്ടുകളിലൂടെ പല തട്ടുകളായി (Multi-tiered cascade) ഒഴുകിയിറങ്ങുന്ന രൂപമാണ് ഇതിനുള്ളത്.

വരാഹി നദിയിൽ നിന്നാണ് കുഞ്ചിക്കൽ വെള്ളച്ചാട്ടം രൂപമെടുക്കുന്നത്. ഇടതൂർന്ന വനങ്ങളാലും വന്യജീവി വൈവിധ്യത്താലും സമ്പന്നമായ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലാണ് ഈ പ്രകൃതിരമണീയമായ കാഴ്ചയൊരുങ്ങിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ മറ്റ് വെള്ളച്ചാട്ടങ്ങൾ അപേക്ഷിച്ച്‌ ഇവിടെ നിയന്ത്രണങ്ങൾ കൂടുതലാണ്. പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇവിടം സന്ദർശിക്കാൻ സാധിക്കൂ.

മാത്രമല്ല കുഞ്ചിക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് വിദൂര വനാന്തരത്തിലാണ്. അതുകൊണ്ട് തന്നെ മിക്ക സഞ്ചാരികൾക്കും ഈ വെള്ളച്ചാട്ടം അജ്ഞാതമാണ്. സന്ദർശനാനുമതി പരിമിതമായതിനാലും സംരക്ഷണ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലും ഇവിടെ മനുഷ്യസാന്നിധ്യം കുറവാണ്. പ്രകൃതിയെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമാണെന്ന് പറയാം.

മനുഷ്യസാന്നിധ്യം കുറവായതിനാൽ കാടിന്റെയും വെള്ളച്ചാട്ടത്തിന്റെയും പ്രകൃതിദത്തമായ ചുറ്റുപാടുകൾ നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വൈവിധ്യമാർന്ന സസ്യങ്ങളുടെയും ജീവികളുടെയും സുരക്ഷിത താവളം കൂടിയായി മാറിയിരിക്കുകയാണ് കുഞ്ചിക്കൽ വെള്ളച്ചാട്ടത്തിനോട് ചേർന്നുള്ള വനാന്തരം. ഈ വൈവിധ്യം പരിസ്ഥിതിപരമായ മൂല്യം വർദ്ധിപ്പിക്കുന്നുമുണ്ട്. പ്രകൃതിസ്‌നേഹികൾക്കും ഗവേഷകർക്കും, മനുഷ്യന്റെ ഇടപെടലുകളില്ലാത്ത പ്രകൃതിദത്തമായ ഒരന്തരീക്ഷം നേരിട്ട് കാണാനും പഠനങ്ങൾ നടത്താനും അപൂർവ്വമായ ഒരവസരമാണ് ഇവിടം നല്കുന്നത്.

കുഞ്ചിക്കൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം മൺസൂൺ കാലമാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മഴ ശക്തമാകുന്നതോടെ വരാഹി നദി നിറഞ്ഞൊഴുകുകയും, കുഞ്ചിക്കൽ വെള്ളച്ചാട്ടം അതിന്റെ പൂർണ്ണമായ രൗദ്ര-സൗന്ദര്യ ഭാവങ്ങൾ കൈവരിക്കുകയും ചെയ്യും. തിരക്കുകളിൽ നിന്ന് മാറി തീർത്തും പ്രകൃതിയോട് ഇണങ്ങി ഒരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ അടുത്ത യാത്ര കുഞ്ചിക്കൽ വെള്ളച്ചാട്ടത്തിലേക്ക് ആകാം.

Content Highlight: Kunchikal Falls in Karnataka is India's highest waterfall, hidden inside a beautiful forest and protected from crowds.

dot image
To advertise here,contact us
dot image