

വിദേശ സ്ഥാപന നിക്ഷേപകർ (FIIs) ഇന്ത്യയിലെ ഏറ്റവും വലിയ 10 ബ്ലൂചിപ്പ് ഓഹരികളിലെ അവരുടെ നിക്ഷേപ പങ്ക് വലിയ തോതിൽ കുറച്ചിരിക്കുകയാണ്. മുൻപ് ടോപ്പ് 10 കമ്പനികളിൽ എഫ്ഐഐകളുടെ പങ്ക് ഏകദേശം 40.9% വരെ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അത് 21.3% ആയി കുറഞ്ഞിട്ടുണ്ട്. അതായത് പകുതിയിലധികം കുറവാണ് കണക്കുകളിൽ ഉണ്ടായിരിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് സംഭവിച്ചതല്ല ഈ മാറ്റം. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ ക്രമാതീതമായി അവരുടെ ഇന്ത്യയിലെ നിക്ഷേപത്തിന്റെ അളവ് പുനഃപരിശോധിക്കുകയും, ചില വലിയ ഓഹരികളിൽ നിന്നും നിക്ഷേപം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ ഇടിവ് ലിസ്റ്റിലുള്ള എല്ലാ കമ്പനികളിലും വ്യാപകമായി സംഭവിച്ചിട്ടുണ്ട്. നേരത്തെ ഏറ്റവും കൂടുതൽ വിശ്വാസം വെച്ചിരുന്ന വലിയ ബാങ്കിംഗ് ഓഹരികളിൽ പോലും നിക്ഷേപം ഗണ്യമായ രീതിയിൽ കുറഞ്ഞിട്ടുണ്ട്.
ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി ഇന്ത്യയിലെ ഏറ്റവും വലിയ എഫ്ഐഐ ഹോൾഡിംഗുകളിൽ ഒന്നായിരുന്നു. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഡാറ്റ പ്രകാരം, ഈ സംയുക്ത കമ്പനിയിലെ എഫ്ഐഐ പങ്ക് 11.6% ൽ നിന്ന് 6.9% ആയി കുറഞ്ഞു. 4.7% ഇടിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 4 വർഷത്തെ കണക്കുകൾ
വിദേശ നിക്ഷേപകർ അവരുടെ പോർട്ട് ഫോളിയോ റീബാലൻസിങ് ചെയ്യുകയാണ്. ചില ഇന്ത്യൻ വലിയ കമ്പനികളിൽ നിന്നു പണം പിൻവലിക്കുന്നു. മറ്റ് രാജ്യങ്ങളിലേക്കോ സെക്ടറുകളിക്കോ നിക്ഷേപം മാറ്റുന്നു. ലോകമെമ്പാടുമുള്ള നിക്ഷേപ മൂലധനം പുനഃവിതരണം ചെയ്യപ്പെടുന്ന ഒരു പ്രവണതയായാണ് ഇതിനെ വിദഗ്‌ദ്ധർ വിലയിരുത്തപ്പെടുന്നതെങ്കിലും തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതൽ നിക്ഷേപം ഒഴുകുന്നതും ഇന്ത്യയ്ക്ക് മുന്നിൽ വെല്ലുവിളിയാണ്.
എഫ്ഐഐകൾ വലിയ സ്ഥാപന നിക്ഷേപകരാണ്. അവരുടെ നീക്കങ്ങൾ വിപണി വികാരത്തെ ബാധിക്കും. ലാർജ് ക്യാപ് ഓഹരികളുടെ ഡിമാൻഡ് കുറയാൻ സാധ്യതയുണ്ട്. അതേസമയം ഇത് പരിഭ്രാന്തിപ്പെടേണ്ട സാഹചര്യം അല്ല ഘടനാപരമായ മാറ്റം ആണെന്നാണ് വിപണി വിദഗ്‌ദ്ധർ പറയുന്നത്.ഇന്ത്യയുടെ ദീർഘകാല വളർച്ച ഇപ്പോഴും ശക്തമാണെന്നുള്ള ശുഭാപ്തി വിശ്വാസവും അവർ പങ്കുവെയ്ക്കുന്നുണ്ട്.
Content Highlights: FIIs have cut their stakes in India’s top 10 bluechip stocks by nearly half. Is your portfolio at risk?