

ലോകത്തിൽ ഏറ്റവും കൂടുതൽ മതസൗഹാർദ്ദവും വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ ഉയർന്ന സാന്ദ്രതയുമുള്ള രാജ്യമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം ബഹ്‌റൈന്. ഗതാഗത വാർത്താവിനിമയ മന്ത്രിയും കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസ് ബോർഡ് ചെയർമാനുമായ ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫയിൽ നിന്ന് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
രാജ്യത്തിന്റെ ദീർഘകാലത്തെ മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും ചരിത്രത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമാണിതെന്ന് രാജാവ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും പ്രഥമ 'കിംഗ് ഹമദ് അവാർഡ് ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസ്' പുരസ്കാരത്തിനായുള്ള ഒരുക്കങ്ങളെക്കുറിച്ചും രാജാവ് ചടങ്ങിൽ വിലയിരുത്തി. മനാമയിലെ വിവിധ ആരാധനാലയങ്ങളെ കോർത്തിണക്കുന്ന മതസൗഹാർദ്ദ പാത, രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രതീകമായി ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാൻ അദ്ദേഹം നിർദ്ദേശം നൽകി.
ബഹ്റൈന്റെ സവിശേഷമായ നാഗരികതയും എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ സ്വീകരിക്കുന്ന സഹിഷ്ണുതയുടെ അന്തരീക്ഷവും വ്യക്തമാക്കുന്നതാണ് ഈ നേട്ടം. ആരാധനാ സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും ഉറപ്പാക്കാനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം ശക്തിപ്പെടുത്താനും ബഹ്റൈൻ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും ബഹ്‌റൈൻ ഭരണാധികാരി കൂട്ടിച്ചേർത്തു.
Content Highlights: Bahrain has achieved a Guinness World Record in recognition of its commitment to religious harmony and coexistence. The achievement highlights the country’s efforts to strengthen tolerance and unity among people from different faiths and cultures.