

കൊച്ചി: സിനിമയിലെ തന്റെ ലളിതജീവിതത്തെക്കുറിച്ചും സാമ്പത്തിക നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് മുതിർന്ന നടൻ ജഗദീഷ്. മിതമായി ചെലവഴിക്കുന്ന തന്റെ രീതിയെ പലരും പിശുക്കനെന്ന് വിളിച്ച് പരിഹസിക്കാറുണ്ടെന്നും എന്നാൽ തിരിച്ചുപിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കടം വാങ്ങരുതെന്ന മധ്യവർഗ്ഗ ചിന്താഗതിയാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ചിത്രമായ കാട്ടാളന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ജഗദീഷ് തന്റെ നിലപാടുകൾ പങ്കുവെച്ചത്.
എന്റെ ആവശ്യങ്ങൾക്ക് ഞാൻ കൃത്യമായി പണം ചെലവാക്കാറുണ്ട്. എന്നാൽ മറ്റുള്ളവർ അവധിക്കാലം ആഘോഷിക്കാൻ പാരിസിലോ അമേരിക്കയിലോ പോകുന്നത് കണ്ട് എനിക്ക് അങ്ങനെ പോകാൻ താല്പര്യമില്ല. മുൻപ് ഷോകളുടെ ഭാഗമായി സ്പോൺസർമാരുടെ ചെലവിൽ ഞാൻ ഈ രാജ്യങ്ങളിലൊക്കെ പോയിട്ടുണ്ട്. സ്വന്തം കാശ് മുടക്കി നീ ഇതൊക്കെ കാണണം എന്ന് ഇൻഡസ്ട്രിയിലുള്ള പലരും പറയാറുണ്ട്. ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ ജനിച്ച വ്യക്തിയാണ് ഞാന്‍. എനിക്കൊരു ആഡംബര കാർ വാങ്ങാനും താല്പര്യമില്ല. സുഹൃത്തുക്കൾ വലിയ കാറിൽ പോകുമ്പോൾ എനിക്ക് അസൂയ തോന്നാറില്ല, അവർ അതിൽ സന്തോഷം കണ്ടെത്തുന്നു, ഞാൻ എന്റെ ചെറിയ കാറിൽ സംതൃപ്തി കണ്ടെത്തുന്നുവെന്നും ജഗദീഷ് പറഞ്ഞു.
ലോൺ എടുക്കുന്നതിൽ ഒരു തെറ്റില്ല. പക്ഷേ, അത് തിരിച്ചടയ്ക്കാനുള്ള വരുമാനം ഭാവിയിൽ ഉണ്ടെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചതിന് ശേഷം മാത്രമേ ഞാൻ ലോൺ എടുക്കാറുള്ളൂ. തിരിച്ചടയ്ക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ ഞാൻ അതിന് മുതിരില്ല. ധാരാളം ലോണ്‍ എടുത്തിട്ടുള്ള വ്യക്തിയാണ് ഞാന്‍. എന്തെങ്കിലും പ്രോപ്പർട്ടികള്‍ വാങ്ങിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം ലോണ്‍ എടുത്തിട്ടാണ് വാങ്ങിയിടുള്ളത്. അതായത് ലോണ്‍ എടുക്കുന്നത് തെറ്റ് അല്ല. പക്ഷെ അത് തിരിച്ചടയ്ക്കാനുള്ള കഴിവ് ഉണ്ടോ എന്ന് നാം ആദ്യം ഉറപ്പിക്കണം.
സിനിമ കഴിഞ്ഞ പണം തരാന്‍ മടിയുള്ള നിർമ്മാതാക്കളോട് മാത്രമേ അങ്ങോട്ട് വിളിച്ച് പൈസ ചോദിക്കാറുള്ളു. തരും എന്ന് ഉറപ്പുള്ളവരോട് ചോദിക്കാറില്ല. 'മാർക്കോ' സിനിമയുടെ കാര്യത്തിലും ഞാൻ പൈസ ചോദിച്ചിട്ടില്ല, അത് കൃത്യമായി അക്കൗണ്ടിൽ വന്നു. ഇത്തവണ ചെറിയൊരു ഡിലേ വന്നപ്പോൾ അവരുടെ ടീം തന്നെ വിളിച്ച് സോറി പറഞ്ഞു. വരാതിരുന്നത് അവർ അറിഞ്ഞിരുന്നില്ല. അതൊക്കെ ഒരു വിശ്വാസമാണ്. നിർമ്മാതാക്കളായ ക്യൂബ്‌സ് എന്റർടൈൻമെന്റ്സ് ആ റെപ്യൂട്ടേഷൻ കൃത്യമായി കാത്തുസൂക്ഷിക്കുന്നുണ്ട്. അങ്ങനെയുള്ള നിർമ്മാതാക്കളെയാണ് നമ്മൾ നിലനിർത്തേണ്ടത്.
സിനിമയിൽ ഞാൻ പണം ഇൻവെസ്റ്റ് ചെയ്യുന്നില്ല, അതുകൊണ്ട് തന്നെയാണ് പ്രൊഡ്യൂസർമാരോട് എനിക്ക് വലിയ ബഹുമാനം. നമ്മൾ ചെയ്യാൻ മടിക്കുന്ന വലിയ റിസ്കാണ് അവർ എടുക്കുന്നത്. എന്നെത്തന്നെയാണ് ഞാൻ സിനിമയിലേക്ക് ഇൻവെസ്റ്റ് ചെയ്തിട്ടുള്ളത്. 'നമുക്ക് ഒരുമിച്ച് പടം എടുത്താലോ' എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും. എനിക്ക് റെമ്യൂണറേഷൻ കൂടുതൽ തന്നാൽ മതി, റിസ്ക് എടുക്കാൻ വയ്യെന്ന്. നിർമ്മാതാക്കൾക്ക് അതിന്റെ ഓൾറൗണ്ട് കാര്യങ്ങളും സാങ്കേതിക വിദ്യകളും കൃത്യമായി അറിയാം. ഐമാക്സ് ഉൾപ്പെടെയുള്ള ലേറ്റസ്റ്റ് സാങ്കേതികവിദ്യകൾ സിനിമയിൽ കൊണ്ടുവരാൻ കോംപ്രമൈസ് ചെയ്യാതെ അവർ പണം മുടക്കുന്നു. സിനിമ നന്നായി വരാൻ അവർ എടുക്കുന്ന ആ റിസ്കിനെ നമ്മൾ ബഹുമാനിക്കണമെന്നും ജഗദീഷ് പറഞ്ഞു.
Content Highlights: Actor Jagadish says there is nothing wrong with taking a loan and notes that he has done so himself. However, he stresses that borrowers should first assess their repayment capacity and ensure the loan fits within their financial plan before committing to debt.