

കൈക്കൂലി കേസ് തീര്‍പ്പാക്കാന്‍ 18 മില്യണ്‍ ഡോളര്‍ നല്‍കാന്‍ തയ്യാറായി ഗൗതം അദാനിയും സാഗര്‍ അദാനിയും. അമേരിക്കന്‍ സെക്യരൂരിറ്റീസ് ആന്‍ഡ് എകസ്‌ചേഞ്ച് (SEC) കമ്മിഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍പ്പാക്കാനാണ് ശ്രമം. കരാര്‍ പ്രകാരം, ഗൗതം അദാനി 6 മില്യണ്‍ ഡോളറും സാഗര്‍ അദാനി 12 മില്യണ്‍ ഡോളറും നല്‍കും.
2024 നവംബറില്‍ SEC ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. കേസില്‍, അദാനി ഗ്രീന്‍ എന്‍ര്‍ജിയുടെ അഴിമതി വിരുദ്ധ നയങ്ങളും നിയമാനുസരണവും സംബന്ധിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കിയതായി SEC ആരോപിച്ചിരുന്നു. വിവരങ്ങള്‍ മറച്ചുവെച്ച് അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് ബോണ്ടുകളുടെയും വായ്പകളുടെയും രൂപത്തില്‍ കോടിക്കണക്കിന് ഡോളര്‍ സമാഹരിച്ചുവെന്നും യുഎസ് അധികൃതര്‍ ആരോപിച്ചിരുന്നു.
ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നൂറുകണക്കിന് മില്യണ്‍ ഡോളര്‍ പണമായി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തതായി അമേരിക്കന്‍ സെക്യരിറ്റീസ് ആന്‍ഡ് എകസ്‌ചേഞ്ച് ആരോപിച്ചിരുന്നു. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പദ്ധതിക്കായുള്ള കരാറുകള്‍ നേടാനായി എന്നാണ് SEC ആരോപണം.

അതേ സമയം, 750 മില്യണ്‍ ഡോളറിന്റെ ബോണ്ട് ഓഫറിങിനിടെ കമ്പനി അഴിമതി വിരുദ്ധ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് തെറ്റായ പ്രചരണം നടത്തിയെന്നും ആരോപിച്ചു. ഈ ബോണ്ട് വില്‍പ്പന വഴി അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് കുറഞ്ഞത് 175 മില്യണ്‍ ഡോളര്‍ സമാഹരിച്ചുവെന്നുമാണ് അരോപണം.
നിലവിലെ ഒത്തു തീര്‍പ്പ് കരാറിന് കോടതിയുടെ അംഗീകാരം ലഭിച്ചാല്‍, അദാനി ഗ്രൂപ്പിന് ഇത് വലിയ ആശ്വാസമാകും. റിന്യുവബിള്‍ എനര്‍ജി, വിമാനത്താവളങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന് വീണ്ടും അന്താരാഷ്ട്ര മൂലധന വിപണികളിലേക്ക് തിരിച്ചുവരാനും വ്യാപന പദ്ധതികള്‍ പുനരാരംഭിക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഇതിനൊപ്പം, അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഗൗതം അദാനിക്കെതിരായ സമാനമായ ക്രിമിനല്‍ തട്ടിപ്പ് കേസും പിന്‍വലിക്കാന്‍ നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, അദാനി ഗ്രൂപ്പും ബന്ധപ്പെട്ട കമ്പനികളും കൈക്കൂലി കേസ് ആരോപണങ്ങള്‍ നേരത്തെ നിഷേധിച്ചിരുന്നു.
Content Highlights: Adani Group chairman Gautam Adani and Sagar Adani have reportedly agreed to pay $18 million to settle US SEC allegations related to bribery, misleading investors, and securing solar power contracts in India