വില കൂടിയാലെന്ത്, എസി ഇല്ലാതെ പറ്റില്ല; വേനല്‍ച്ചൂടില്‍ കുളിരാന്‍ ഉറച്ച് മലയാളികള്‍

വേനല്‍ച്ചൂട് കടുത്തതോടെ മിക്ക കമ്പനികളുടെയും എസികള്‍ക്ക് നഗരങ്ങളില്‍ മാത്രമല്ല മറ്റിടങ്ങളിലും ഡിമാന്റേറിയിട്ടുണ്ട്

വില കൂടിയാലെന്ത്, എസി ഇല്ലാതെ പറ്റില്ല; വേനല്‍ച്ചൂടില്‍ കുളിരാന്‍ ഉറച്ച് മലയാളികള്‍
പി ജി സുജ
1 min read|03 Apr 2026, 12:27 pm
dot image

വേനല്‍ കനക്കുന്നതോടൊപ്പം യുദ്ധം കൊടുമ്പിരി കൊള്ളുക കൂടി ചെയ്യുന്നതോടെ കേരളത്തില്‍ എയര്‍ കണ്ടീഷണര്‍ വില്‍പ്പനയും ഒപ്പം വിലയും കത്തിക്കയറുകയാണ്. വേനല്‍ച്ചൂട് കടുത്തതോടെ മിക്ക കമ്പനികളുടെയും എസികള്‍ക്ക് നഗരങ്ങളില്‍ മാത്രമല്ല മറ്റിടങ്ങളിലും ഡിമാന്റേറിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ യുദ്ധം കനത്തതോടെ ഇന്ത്യയിലേക്ക് എത്തേണ്ട ഇലക്ട്രിക്, ലോഹ ഉല്‍പ്പന്നങ്ങളെല്ലാം ഹോര്‍മുസ് കടലിടുക്കില്‍ കെട്ടിക്കിടക്കുകയാണ്. എസി ഉള്‍പ്പടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യമായി വരുന്ന അസംസ്‌കൃത വസ്തുക്കള്‍ കപ്പലുകളില്‍ പെട്ടിരിക്കുകയാണ്.

air conditioner

കഴിഞ്ഞ സെപ്റ്റംബറില്‍ ജിഎസ്ടിയിലെ ഇളവിനെ തുടര്‍ന്ന് എസികള്‍ക്ക് വില കുറഞ്ഞത് അധികം നീണ്ടുനിന്നില്ല. തീരുവ പ്രതിസന്ധി ലോഹ ഇറക്കുമതിയെ ബാധിച്ചതോടെ എസിയുടെ ഘടകഭാഗങ്ങളായ അലുമിനിയം, കോപ്പര്‍ എന്നിവയുള്‍പ്പടെയുള്ള ലോഹങ്ങള്‍ക്ക് വിലവീണ്ടും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അസംസ്‌കൃത വസ്തുക്കളെത്താത്തതിനാല്‍ എസി ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണം അനിശ്ചിതത്വത്തിലാണ്.

അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ വീണ്ടും അവതാളത്തിലാകുമെന്ന് കരുതി ആളുകള്‍ വില ഇനിയും കൂടും മുമ്പ് വായ്പ എടുത്തും തവണ വ്യവസ്ഥയിലുമൊക്കെ എസി വാങ്ങാന്‍ തിരക്കു കൂട്ടുകയാണിപ്പോള്‍. വായ്പ എടുത്താണെങ്കിലും ഇത്തവണ എസി വാങ്ങിയിട്ടു തന്നെ കാര്യം എന്നാണ് മിക്കവരും ചിന്തിക്കുന്നത്. സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന എസികളില്‍ 80 ശതമാനവും ഒരു ടണ്ണിന്റെ ആയിരുന്നത് ഇപ്പോള്‍ ഒന്നര ടണ്ണിലേക്കു മാറുന്ന പ്രവണതയും ദൃശ്യമാണെന്ന് ഹോം അപ്ലയന്‍സസ് വിതരണക്കാരിലെ മുന്‍നിരക്കാരായ മൈജിയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രതീഷ് കുട്ടമത്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വരെ 3 സ്റ്റാര്‍ കാറ്റഗറി എസികള്‍ക്ക് ആവശ്യക്കാരേറെയായിരുന്നുവെങ്കില്‍ ഇത്തവണ ഊര്‍ജക്ഷമതയേറിയ എസികള്‍ക്കും ഡിമാന്റേറുന്നുവെന്നദ്ദേഹം അറിയിച്ചു. അടുത്ത വില വര്‍ധനയ്ക്കു മുന്നേ വാങ്ങാം എന്ന് കരുതി തിരക്കു കൂട്ടുന്നതിനാല്‍ ഏതാണ്ട് ഇരട്ടിയിലേറെ എസികളാണിപ്പോള്‍ വിറ്റ് പോകുന്നത്. പ്രതിദിനം 10,000 എസികള്‍ വരെ വിറ്റ് പോകുന്നതായാണ് കണക്കുകള്‍. വീടുകളില്‍ സോളാര്‍ സിസ്റ്റം വയ്ക്കുന്നത് കൂടിയതിനാല്‍ കറന്റ് ബില്ലിനെ പേടിക്കാതെ രാപ്പകല്‍ ഏസിയിടുന്ന പ്രവണതയുമേറുന്നുണ്ട്. മുമ്പ് കറന്റ് ബില്ലിനെ പേടിച്ച് രാത്രിയില്‍ കുറച്ചു മണിക്കൂര്‍ മാത്രം എസി ഇടുന്ന രീതിയാണ് ഉണ്ടായിരുന്നത്. സോളാറുള്ളതിനാല്‍ രാത്രിയും പകലുമെല്ലാം വീടകങ്ങളിലിപ്പോള്‍ എസിയുടെ തണുപ്പ് നിറയുന്നു.

പ്രമുഖ എസി ബ്രാന്‍ഡുകളൊക്കെ അടുത്തിടെ അഞ്ച് മുതല്‍ 15 ശതമാനം വരെ വില ഉയര്‍ത്തിയിട്ടുണ്ട്. എന്നിട്ടും എസി വില്‍പ്പന മുന്നേറുകയാണെന്ന് രതീഷ് കുട്ടമത്ത് കൂട്ടിച്ചേര്‍ത്തു. എസിയുടെ പ്രധാന അസംസ്‌കൃത വസ്തുവായ കോപ്പറിന്റെ വില ടണ്ണിന് 8500 ഡോളറില്‍നിന്ന് 12,000 ഡോളറായിട്ടാണ് കഴിഞ്ഞദിവസങ്ങളില്‍ വര്‍ധിച്ചിട്ടുള്ളത്. വില കൂടിയാലും കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15-20 ശതമാനം വരെ വില്‍പ്പനവര്‍ധനയാണ് വ്യാപാരികള്‍ കണക്കാക്കുന്നത്. വില കൂടിയാലും എസി വാങ്ങാന്‍ കമ്പനികള്‍ വായ്പാ സൗകര്യം ലഭ്യമാക്കുന്നുമുണ്ട്.

Content Highlights: Despite headwinds, air-conditioner growth to remain healthy this summer

dot image
To advertise here,contact us
dot image