ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയില്‍ സൗദിക്ക് വമ്പന്‍ തിരിച്ചുവരവ്; ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് റഷ്യ

ജൂലൈയില്‍ സൗദി അറേബ്യയില്‍ നിന്ന് പ്രതിദിനം ഏകദേശം 4.64 ലക്ഷം ബാരല്‍ ക്രൂഡ് ഇന്ത്യയിലെത്തുമെന്നാണ് കണക്ക്

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയില്‍ സൗദിക്ക് വമ്പന്‍ തിരിച്ചുവരവ്; ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് റഷ്യ
dot image

സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂലൈയില്‍ വീണ്ടും വര്‍ധിക്കുമെന്ന് എനര്‍ജി കാര്‍ഗോ ട്രാക്കറായ കെപ്ലറിന്റെ കണക്കുകള്‍. മേയ്-ജൂണ്‍ മാസങ്ങളില്‍ സൗദിയുടെ വിഹിതം പകുതിയോളം കുറഞ്ഞിരുന്നെങ്കിലും, ജൂലൈയില്‍ അത് വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരനെന്ന സ്ഥാനം റഷ്യ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈയില്‍ സൗദി അറേബ്യയില്‍ നിന്ന് പ്രതിദിനം ഏകദേശം 4.64 ലക്ഷം ബാരല്‍ ക്രൂഡ് ഇന്ത്യയിലെത്തുമെന്നാണ് കണക്ക്. 2025 ജൂലൈ മുതല്‍ 2026 ഏപ്രില്‍ വരെ സൗദിയുടെ ശരാശരി വിതരണം പ്രതിദിനം 7 ലക്ഷം ബാരല്‍ ആയിരുന്നു. മേയ്-ജൂണ്‍ മാസങ്ങളില്‍ ഇത് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 7% ആയി കുറഞ്ഞെങ്കിലും, ജൂലൈയില്‍ 10% വരെ ഉയരുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഇറാഖ്, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇപ്പോഴും വളരെ കുറവാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം അമേരിക്ക-ഇറാന്‍ സംഘര്‍ഷം വീണ്ടും ശക്തമായതിനെ തുടര്‍ന്ന് തടസ്സപ്പെട്ടതിനാലാണിത്.

ജൂലൈയില്‍ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം 45.5 ലക്ഷം ബാരലായി കുറയുമെന്നാണ് കണക്കാക്കുന്നത്. ജൂണില്‍ ഇത് 50.9 ലക്ഷം ബാരല്‍ ആയിരുന്നു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയും ജൂലൈയില്‍ 22.6 ലക്ഷം ബാരലായി കുറയുമെങ്കിലും, കഴിഞ്ഞ 12 മാസത്തെ ശരാശരിയേക്കാള്‍ അത് ഇപ്പോഴും കൂടുതലായിരിക്കും.

വെനസ്വേലയില്‍ നിന്നുള്ള ഇറക്കുമതി 3.15 ലക്ഷം ബാരലായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ റഷ്യ, സൗദി അറേബ്യ, യുഎഇ എന്നിവയ്ക്കു പിന്നാലെ ഇന്ത്യയുടെ നാലാമത്തെ വലിയ ക്രൂഡ് വിതരണക്കാരനായി വെനസ്വേല മാറും.

അതേസമയം, അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി ജൂലൈയില്‍ 1.25 ലക്ഷം ബാരലായി കുറയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അമേരിക്കന്‍ ലൈറ്റ് ക്രൂഡിനേക്കാള്‍ മിഡില്‍ ഡിസ്റ്റിലേറ്റ് ഉല്‍പ്പാദനം കൂടുതല്‍ ലഭിക്കുന്ന ക്രൂഡ് ഗ്രേഡുകള്‍ക്കാണ് ഇന്ത്യന്‍ റിഫൈനറികള്‍ മുന്‍ഗണന നല്‍കുന്നത്.

Content Highlights: Saudi Arabia is expected to recover its share of India's crude oil imports in July, while Russia is likely to remain the country's largest supplier despite lower shipment volumes.

dot image
To advertise here,contact us
dot image